വയനാടൻ ചുരമിറങ്ങി കലോത്സവവേദി കീഴടക്കി പണിയനൃത്തം

തൃശൂർ: വയനാടൻ ചുരമിറങ്ങി വന്ന തുടിതാളത്തിന്റെ ആവേശം തുടർച്ചയായ രണ്ടാം വർഷവും കലോത്സവ നഗരിയെ കീഴടക്കുന്നു. ഗോത്രസംസ്കാരത്തിന്റെ തനിമ വിളിച്ചോതുന്ന പണിയനൃത്തം കലോത്സവത്തിൽ മത്സര ഇനമായി എത്തുന്നത് രണ്ടാം തവണയാണ്. മുല്ലപ്പൂവും കറുകപ്പുല്ലും ചൂടി, കൈകളിൽ ഞാറുമായി വിദ്യാർഥികൾ വേദിയിലെത്തിയപ്പോൾ കാണികൾ ആവേശത്തോടെയാണ് കണ്ടുനിന്നത്.
വയനാട്ടിലെ പണിയ സമുദായത്തിനിടയിലുള്ള വട്ടക്കളി, കമ്പളനാട്ടി എന്നീ കലാരൂപങ്ങൾ ചേർത്താണ് പണിയനൃത്തം അവതരിപ്പിക്കുന്നത്. വയലിൽ പണിയെടുക്കുന്ന സ്ത്രീകളുടെ ആവേശം കൂട്ടാൻ പുരുഷന്മാർ പാടുന്നതാണ് കമ്പളനാട്ടി. വിശേഷ ദിവസങ്ങളിൽ തുടിതാളത്തിനൊപ്പം പുരുഷന്മാർ പാടുകയും സ്ത്രീകൾ വട്ടത്തിൽ ചുവടുവെക്കുകയും ചെയ്യുന്നതാണ് വട്ടക്കളി. ഈ രണ്ട് ശൈലികളും ഒത്തുചേർന്നപ്പോൾ വേദിയിൽ വയനാടൻ നാട്ടുപാട്ടിന്റെ ശീലുകൾ മുഴങ്ങി.

അരാട്ടിത്തുണിയും കുന്നിക്കുരു കൊണ്ടുള്ള കമ്മലും കാശിമാലയും അണിഞ്ഞാണ് കുട്ടികൾ എത്തിയത്. മൂന്ന് പേർ ചേർന്ന് കൊട്ടുന്ന തുടിതാളവും ചീനിക്കുഴൽ വിളിയും പ്രകടനത്തിന് കൂടുതൽ ഭംഗി നൽകി. കഴിഞ്ഞ വർഷമാണ് പണിയനൃത്തം ആദ്യമായി കലോത്സവത്തിൽ ഉൾപ്പെടുത്തിയത്. ഇത്തവണയും ആ തനിമ ഒട്ടും ചോരാതെ തന്നെ കുട്ടിക്കൂട്ടങ്ങൾ ഈ ഗോത്രകലയെ നെഞ്ചേറ്റിക്കഴിഞ്ഞു. ഈ കലാരൂപത്തിന്റെ സ്വീകാര്യതയും വർധിച്ചുവെന്നാണ് കലാപ്രതിഭകളും കാണികളും ഒരേ സ്വരത്തിൽ പറയുന്നത്.
മത്സരത്തിനപ്പുറം, അന്യംനിന്നുപോകുന്ന ഒരു കലാരൂപത്തെ വരുംതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന വലിയ ലക്ഷ്യം കൂടി ഈ അവതരണത്തിന് പിന്നിലുണ്ട്.









0 comments