ad
Deshabhimani

സർവം കവിത വൈബ്‌; കവി സച്ചിദാനന്ദനൊപ്പം കുട്ടികവികളും

k sachidanandan kalolsavam
avatar
അഖില ബാലകൃഷ്‌ണൻ

Published on Jan 16, 2026, 01:58 PM | 2 min read

തൃശൂർ: ‘ഹെല്ലോ ഗയ്‌സ്‌ നമ്മളിപ്പോഴുള്ളത്‌, മ്മ്‌ടെ സച്ചിദാനന്ദൻ മാഷ്‌ടെ വീട്ടിലാണ്‌. മാഷേ ഒരു ഹായ്‌.’ വടൂക്കരയിലെ കെ സച്ചിദാനന്ദന്റെ വീട്ടിലെത്തിയപാടെ അർച്ചന കവിതയൊക്കെ മറന്ന്‌ വ്ലോഗിങ്‌ തുടങ്ങി. ഹായ്‌ ഗയ്‌സെന്ന്‌ പറഞ്ഞ്‌ മാഷും കൂടി. അപ്പോ, മാഷും നമ്മ്‌ടെ വൈബാണല്ലോയെന്ന്‌ കുട്ടികൾ. ഏയ്‌ ഞാനൊക്കെ തന്ത വൈബല്ലേയെന്ന്‌ മാഷിന്റെ മറുപടി.


’ഹയർസെക്കൻഡറി വിഭാഗം കവിതാരചന മത്സരത്തിന് ശേഷം മത്സരാർഥികൾ കലോത്സവ വേദിയിൽ നിന്നും വടൂക്കരയിലെ വീട്ടിലെത്തി കെ സച്ചിദാനന്ദനെ സന്ദർശിച്ചിരുന്നു. രോഗത്തിന്റെ അവശതകളയിൽ വിശ്രമത്തിലായിരുന്നെങ്കിലും കുട്ടിക്കവികളെ കണ്ടതോടെ മാഷും ചിൽ മൂഡ്‌.​അല്ല മാഷേ, ‘എനിക്ക്‌ ഞാൻ അപരിചിതനായി’ എന്നതാണ്‌ കവിതാരചനയ്ക്ക്‌ തന്ന വിഷയം. ഞാൻ ക്വീർ വിഷയത്തിലാണ്‌ കവിതയെഴുതിയത്‌.


ഇത്‌, സ്ഥിരം പാറ്റേണല്ലേ.? പാലക്കാട്‌ കുഴൽമന്ദം സിഎഎച്ച്‌എസ്‌എസിലെ കെ ജി സിജേഷിന് സംശയം. ഇന്ത്യയിൽ ജനിച്ചവർ തന്നെ ഇന്ത്യക്കാരല്ലാതായി മാറുന്ന കാലമല്ലേ. നമുക്കുതന്നെ നമ്മളെ അപരിചിതരായി തോന്നാം. എല്ലാവർക്കും ഇത്‌ അനുഭവമാകണമെന്നില്ല. അനുഭവത്തിൽ നിന്നല്ലേ കവിതയുണ്ടാകേണ്ടത്‌. ആ അർഥത്തിൽ എല്ലാവർക്കും പറ്റിയ വിഷയമാകണമെന്നില്ല– സച്ചിദാന്ദൻ മറുപടി പറഞ്ഞു.


നമ്മൾ ​വലിയൊരർഥത്തിൽ ‘WE’യാണ്‌. അപരൻ എന്നൊന്നില്ല. കവിതയുടെ കാര്യത്തിലും അങ്ങനെ തന്നെ. മറ്റുള്ളവരുടെയും നമ്മുടെയും അനുഭവങ്ങൾ ചേരുമ്പോഴാണ്‌ കവിതയാകുന്നത്‌. അതും നാം മനസിലാക്കണം. വൃത്തത്തിലെഴുതുന്ന ആരെങ്കിലുമുണ്ടോയെന്ന മറുചോദ്യത്തിന്‌ എഴുതുമെന്ന്‌ പത്തനംതിട്ട അടൂർ എൻഎസ്‌എസ്‌ എച്ച്‌എസ്‌എസിലെ ഭദ്ര ഹരി. ‘‘കവിതയെങ്ങനെയും എഴുതാമെങ്കിലും ട്രെയിനിങ്‌ നല്ലതാണെന്ന്‌ സച്ചിദാനന്ദൻ.


നാടൻപാട്ടിന്റെ ട്യൂണുകളിൽ നിന്നാണ്‌ രാഗങ്ങളുണ്ടായത്‌. അതുപോലെതന്നെയാണ്‌ എല്ലാം. ആരും കണ്ടുപിടിച്ചതൊന്നുമല്ല. ഇൻഡയറക്ട്‌ ആയി പറയുന്നതിലല്ലേ ഗദ്യവും പദ്യവും തമ്മിലുള്ള വ്യത്യാസമെന്ന്‌ സിജേഷ്‌. ‘ഭാവന, അനുഭവം, ഓർമ എന്നിവ ചേർന്നതാണ്‌ കവിത. ഗദ്യത്തിൽ യുക്തിയാണ്‌ ഉണ്ടാകുക. ഭാഷയിലാണ്‌ കവിതയുണ്ടാകുക.’ മാഷ്‌ പറഞ്ഞു. നിങ്ങള്‌ സ്വയം നവീകരിച്ചുകൊണ്ടേയിരിക്കണം. വായന തുടരണം. പരിഭാഷ ചെയ്യുന്നതും നല്ലതാണ്‌’’.


ഒരു ചോദ്യത്തിന്‌ തന്നെ, സമാഷ്‌ ഇത്രയും സംസാരിച്ചല്ലോ. സമയം വൈകിയപ്പോൾ തങ്ങൾക്ക്‌ ഇനിയും ചോദിക്കാനുണ്ടെന്ന്‌ കുട്ടികൾക്ക്‌ പരാതി. നിങ്ങളുടെ ചോദ്യങ്ങൾക്ക്‌ ഇനി ഒരിക്കൽ ഉത്തരം നൽകാം. ഒത്തിരിദൂരം പോകേണ്ടതല്ലേ. ഇവിടെ നിങ്ങൾക്ക്‌ എപ്പോഴും വരാമല്ലോ. ‘‘നിങ്ങളോട്‌ സംസാരിക്കുന്നതാണ്‌ എനിക്ക്‌ പ്രതീക്ഷ. മുതിർന്നോരൊടെന്നും പറഞ്ഞിട്ട്‌ കാര്യല്ല മാഷേ’’–എന്ന്‌ പറഞ്ഞു കവി നിർത്തി. ‘അയ്യോ മാഷേ, ഞാനിത്‌ വൈൻഡ്‌ അപ്‌ ചെയ്യട്ടെ. അപ്പോ ശെരി. എല്ലാവർക്കും ബൈ.– ’അർച്ചന വ്ലോഗ്‌ പൂർത്തിയാക്കി, എഴുതിയ പുസ്തകം അഡ്രസിൽ അയക്കും വായിക്കണമെന്ന്‌ ഉറപ്പും വാങ്ങിയാണ്‌ അർച്ചനയും കുട്ടികവികളും മടങ്ങിയത്‌.


അവന്തിക പ്രമോദ്‌ (എറണാകുളം തേവര എസ്‌എൻ എച്ച്‌എസ്‌എസ്‌), ദേവനന്ദ അശോക്‌ (പുനല‍ൂർ താലൂക്ക്‌ സമാജം എച്ച്‌എസ്‌എസ്‌), സിയോണ ആൻ സിനു‍( കോട്ടയം കുറവിലങ്ങാട്‌ ഡിപോൾ എച്ച്‌എസ്‌എസ്‌), ജാഹ്നവി സെയ്‌റ (കോഴിക്കോട്‌ നടുവന്നൂർ ജിഎച്ച്‌എസ്‌എസ്‌) എന്നിവരും കുട്ടിക്കൂട്ടത്തിലുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home