ad
Deshabhimani

ഒമാനിൽ ഗോതമ്പ് ഉൽപ്പാദനം സർവകാല റെക്കോഡിലേക്ക്

wheat
avatar
രാജീവ്‌ മഹാദേവൻ

Published on Jul 04, 2025, 12:11 PM | 1 min read

മസ്‌കത്ത്‌ :രാജ്യത്തെ ഗോതമ്പുൽപ്പാദനം സർവകാല റെക്കോഡിലേക്ക് നീങ്ങുന്നതായി ഒമാൻ കാർഷിക, -മത്സ്യബന്ധന, -ജലവിഭവ മന്ത്രാലയം. പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനായി 2023ൽ തുടക്കം കുറിച്ച പദ്ധതിയുടെ നേട്ടമായാണ് ഇതിനെ വിലയിരുത്തുന്നത്‌. ഭക്ഷ്യ സുരക്ഷ, സ്വയം പര്യാപ്തത തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള രാജ്യത്തിന്റെ പരിശ്രമങ്ങളെ അടിവരയിടുന്നതാണ് ഇപ്പോഴത്തെ കണക്കുകളെന്നും മന്ത്രാലയം വ്യക്തമാക്കി.


8327 ഏക്കറിലായി 30,38,502 ഒമാനി റിയാൽ മൂല്യമുള്ള 1,01,28,341 ടൺ ഗോതമ്പ് 2024-–- 2025 കാലയളവിൽ ഉൽപ്പാദിപ്പിച്ചു. ഇതിൽ 76 ശതമാനവും ദോഫാർ ഗവർണറേറ്റിന്റെ സംഭാവനയാണ്‌. സാഹിറ, ദഖ്‌ലിയ ഗവർണറേറ്റുകളാണ്‌ പിന്നിലുള്ളതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഒമാൻ വിഷൻ 2040ന്റെ ഭാഗമായി നടപ്പാക്കിയ പ്രാദേശിക ഉൽപ്പാദന പദ്ധതി, അഭൂതപൂർവമായ ഈ വിള വർധനയ്ക്ക്‌ കാരണമായതായി കാർഷിക മന്ത്രാലയ പ്രതിനിധി ഡോ. ഖായിർ തുവൈർ അൽ ബുസൈദി പറഞ്ഞു. ഉയർന്ന ഉൽപ്പാദന ക്ഷമതയുള്ള ഗോതമ്പിനങ്ങൾ തെരഞ്ഞെടുക്കുന്നതിലും കാർഷിക പ്രവർത്തനത്തിൽ സാങ്കേതിക സഹായവും മാർഗനിർദേശവും നൽകുന്നതിലും കർഷകരെ പൂർണമായും പിന്തുണയ്ക്കുന്ന സമീപനമാണ് പദ്ധതിയുടെ ഭാഗമായി മന്ത്രാലയം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഗാർഹിക-, നഗരാസൂത്രണ മന്ത്രാലയവുമായി സഹകരിച്ച്‌, ഗോതമ്പ് കൃഷിക്കായി കൂടുതൽ കൃഷിയിടങ്ങൾ പാട്ടവ്യവസ്ഥയിൽ ലഭ്യമാക്കാനുള്ള ആലോചന പുരോഗമിക്കുകയാണ്‌. ഒമാനിലെ കാലാവസ്ഥയ്ക്കനുയോജ്യമായ പുതിയ വിത്തിനങ്ങൾ വികസിപ്പിക്കാനുള്ള ഗവേഷണം നടക്കുന്നുണ്ട്‌.


കാർഷിക മന്ത്രാലയവും ഒമാൻ ഫ്ലോർ മിൽ കമ്പനിയുമായുള്ള ക്രിയാത്മക പങ്കാളിത്തം ഈ നേട്ടത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്‌. പദ്ധതിയുടെ ഭാഗമായി, കമ്പനി കർഷകരിൽനിന്ന്‌ നേരിട്ട് ഗോതമ്പ് സംഭരിച്ച് തദ്ദേശീയ ഉൽപ്പന്നമെന്ന നിലയിൽ കമ്പോളത്തിൽ എത്തിക്കുന്നുണ്ടെന്നും അൽ ബുസൈദി വിശദീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home