ad
Deshabhimani

വേനൽ തുമ്പികൾ ക്യാമ്പ് സമാപിച്ചു

venalthumbikal
വെബ് ഡെസ്ക്

Published on Jul 24, 2025, 04:06 PM | 2 min read

മസ്കത്ത്: മസ്കത്തിലെ ചുട്ടുപൊള്ളുന്ന വേനൽ ചൂടിൽ കുളിർ മഴയായി പെയ്തിറങ്ങിയ തുമ്പികൾ കൂടണഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം ഒമാനിലെ കുട്ടികൾക്കായി ജൂലായ് 11, 12, 19 & 20 തീയതികളിൽ ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ച് നടത്തിയ വേനൽ തുമ്പികൾ ക്യാമ്പ് സമാപിച്ചു. ഈ വർഷത്തെ ക്യാമ്പിൽ നാല് ദിവസങ്ങളിലായി 170 ലേറെ കുട്ടികളാണ് പങ്കെടുത്തത്.


ഇത്തവണ ക്യാമ്പ് നയിച്ചത് കുട്ടികളുടെ നാടകങ്ങൾ, സംഗീത ശില്പങ്ങൾ, സഹവാസ ക്യാമ്പുകൾ തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിക്കുന്ന ടി വി രഞ്ജിത്തായിരുന്നു. വേനൽ തുമ്പിയുടെ സംസ്ഥാന പരിശീലകൻ കൂടിയായ രഞ്ജിത്ത് 2020 ലെ കേരള ഫോക് ലോർ അക്കാഡമി അവാർഡ് ജേതാവ് ആണ്. 2023 ൽ ഒരു മണിക്കൂർ നിർത്താതെ തുടി കൊട്ടി പാടിയതിന് ഗിന്നസ് വേൾഡ് റെക്കോർഡ് രഞ്ജിത്ത് സ്വന്തമാക്കിയിട്ടുണ്ട്.


ഈയടുത്ത കാലത്ത് നിരവധി ക്ലബ്ബുകൾക്കും, സ്കൂളുകൾക്കും നാടകങ്ങളും, ഇവൾ, പൂതപാട്ട്, ഞാൻ സ്ത്രീ, പാണനാർ പാട്ട്, കോതമ്പു മണികൾ, സ്വർണമാല, അതിരുകളില്ലാത്ത ആകാശം തുടങ്ങിയ സംഗീത ശില്പങ്ങളും പരിശീലിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ സർഗ്ഗവാസനകൾ കണ്ടറിഞ്ഞ് അവയെ പരിപോഷിപ്പിക്കുന്ന വായന - എഴുത്ത് - ചിത്രരചന - നാടകം - സംഗീതം - സിനിമ തുടങ്ങിയ എല്ലാ മേഖലയിലും കുട്ടികൾക്ക് അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരവും പരിശീലനവുമാണ് ക്യാമ്പിൽ നൽകിയത്.


"ഓരോ ദിവസത്തെ ക്യാമ്പ് കഴിയുമ്പോഴും കുട്ടികൾ വളരെ ആവേശത്തോടെയാണ് അടുത്ത ദിവസം ക്യാമ്പിൽ വന്നിരുന്നത്. ഇനിയും കൂടുതൽ ദിവസം ക്യാമ്പ് വേണമായിരുന്നു എന്ന് രക്ഷിതാക്കളും കുട്ടികളും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു." ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. രക്ഷിതാക്കളുടെയും കുട്ടികളുടെയും പ്രതികരണങ്ങൾ കൂടുതൽ ആവേശത്തോടെ കുട്ടികൾക്കായി പുതിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ ഊർജ്ജം നൽകുന്നതാണ് എന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം ഭാരവാഹികൾ കൂട്ടിച്ചേർത്തു.


സമാപന ദിവസമായ ജൂലൈ 19 ന് വൈകുന്നേരം 4 മണിമുതൽ വേനൽ തുമ്പികൾ ക്യാമ്പിൽ നിന്നും സ്വായത്തമാക്കിയ അറിവുകൾ ഉപയോഗിച്ച് കൊണ്ട് കുട്ടികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. ക്യാമ്പിലെ അനുഭവങ്ങൾ ചേർത്തുകൊണ്ട് കുട്ടികൾ താറാക്കിയ കയ്യെഴുത്ത് പുസ്തകം ക്യാമ്പ് ഡയറക്ടർ ടി വി രഞ്ജിത്ത് പ്രകാശനം ചെയ്തു.


ക്യാമ്പ് ഡയറക്റ്റർ ടി വി രഞ്ജിത്ത് കുട്ടികളെയും രക്ഷിതാക്കളെയും അഭിസംബോധന ചെയ്തു. മികച്ച കഴിവുകളുള്ള കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. അവരുടെ കഴിവുകൾ കണ്ടറിഞ്ഞ് പരിപോഷിപ്പിക്കുവാൻ രക്ഷിതാക്കൾ ഇതു പോലുള്ള ക്യാമ്പുകൾ ഉപയോഗിക്കുകയും വീടുകളിൽ തുടർപ്രവർത്തനങ്ങൾ ഉണ്ടാവുകയും ചെയ്യണമെന്ന് രഞ്ജിത്ത് ആവശ്യപ്പെട്ടു.


കൺവീനർ അജയൻ പൊയ്യാറയുടെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ ബാലവിഭാഗം ജോയിൻ്റ് സെക്രട്ടറി ജൂമി സിയാദ് സ്വാഗതം പറഞ്ഞു. ബാലവിഭാഗം സെക്രട്ടറി റോഫിൻ ജോൺ ക്യാമ്പിനെ കുറിച്ചും വരാൻ പോകുന്ന പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സോഷ്യൽ വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ, കേരള വിഭാഗം മുതിർന്ന അംഗങ്ങളായ കെ എൻ വിജയൻ, കെ സുരേന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. കേരള വിഭാഗം കോ കൺവീനർ ജഗദീഷ് കീരി നന്ദി പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home