ബൾഗേറിയ സന്ദർശിച്ച് ഒമാൻ വിദേശമന്ത്രി

ഒമാൻ വിദേശമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയ്ക്ക് ബൾഗേറിയൻ പ്രസിഡന്റ് റൂമെൻ ജോർജിയെവ് റാഡെവ് പരമോന്നത ബഹുമതി സമ്മാനിക്കുന്നു
മസ്‌കത്ത്: ഒമാൻ വിദേശമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ബൾഗേറിയ സന്ദർശിച്ചു. ബൾഗേറിയൻ പ്രസിഡന്റിന്റെ പരമോന്നത ബഹുമതി ‘മെഡൽ ഓഫ് ഓണർ' വിദേശമന്ത്രി സയ്യിദ് ബദറിന് സമ്മാനിച്ചു. തലസ്ഥാനമായ സോഫിയയിലെ ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങിൽ ബൾഗേറിയൻ പ്രസിഡന്റ് റൂമെൻ ജോർജിയെവ് റാഡെവ് ബഹുമതി സമ്മാനിച്ചു.
ഹൂതി നിയന്ത്രണത്തിലായിരുന്ന ഗാലക്സി ലീഡർ കപ്പൽ വിട്ടുകിട്ടുന്നതിൽ ഒമാന്റെ മാധ്യസ്ഥ്യത്തിന് പ്രസിഡന്റ് നന്ദി അറിയിച്ചു. ക്യാപ്റ്റൻ ഉൾപ്പടെയുള്ള നിരവധി ബൾഗേറിയൻ പൗരന്മാരുടെ സുരക്ഷിത മോചനം സാധ്യമാക്കിയ ഒമാന്റെ ഇടപെടൽ രാജ്യം ഓർക്കും. ലോക സമാധാനവും മാനവസാഹോദര്യവും പുലരുന്നതിൽ ഒമാൻ സ്‌തുത്യർഹമായ പങ്കുവഹിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഭിമാനത്തോടെയാണ് ബഹുമതി സ്വീകരിക്കുന്നതെന്ന് മറുപടി പ്രസംഗത്തിൽ അൽ ബുസൈദി പറഞ്ഞു.
ബൾഗേറിയൻ പ്രധാനമന്ത്രി റോസെൻ ദിമിത്രോവ് ഷെലാസ്‌ക്കോവ്, വിദേശമന്ത്രി ജോർജ് ജോർജിയെവ്, ഊർജ മന്ത്രി ഷെച്ചോ സ്റ്റാൻകോവ് എന്നിവരുമായും ഒമാൻ വിദേശമന്ത്രി കൂടിക്കാഴ്ച നടത്തി. ഊർജം, സാങ്കേതികവിദ്യ, വ്യാപാരം, വിനോദസഞ്ചാരം, ഭക്ഷ്യസുരക്ഷ, വ്യവസായം തുടങ്ങി നിരവധി മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താനും നിക്ഷേപ സാധ്യത കണ്ടെത്താനും ഊന്നൽ നൽകുന്ന ചർച്ച നടന്നു. ഗാസയിലെ വെടിനിർത്തലിന്റെ പ്രാധാന്യമുൾപ്പടെ മേഖലയിലെ സ്ഥിതിഗതികളും ചർച്ചയായി. നിരവധി ധാരണപത്രങ്ങളും ഒപ്പുവച്ചു.










0 comments