ad
Deshabhimani

ഒമാനിൽ ഇനി മുന്തിരിക്കാലം: ഷർഖിയയിൽ 16മുതൽ വിളവെടുപ്പുത്സവം

grape
avatar
രാജീവ്‌ മഹാദേവൻ

Published on Jun 11, 2025, 03:25 PM | 1 min read

ഇബ്ര(ഒമാൻ) : ഒമാനിലെ ഉത്തര ഷർഖിയ ഗവർണറേറ്റ് മുന്തിരി വിളവെടുപ്പുത്സവത്തിന് തയ്യാറെടുക്കുന്നു. ഗവർണർ കാര്യാലയവും, ഒമാൻ കാർഷിക മന്ത്രാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന ആഘോഷപരിപാടികൾ ഈ മാസം പതിനാറിന് തുടങ്ങും. പ്രാദേശിക കാർഷിക വികസനത്തെ പിന്തുണയ്ക്കുക, കൂട്ടുകൃഷി പ്രോത്സാഹിപ്പിക്കുക, നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി കാർഷിക പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തി ആയിരിക്കും പരിപാടികൾ സംഘടിപ്പിക്കുകയെന്ന് അധികൃതർ പറഞ്ഞു. ഒമാൻറെ കാർഷിക ഭൂപടത്തിൽ സവിശേഷമായ മാറ്റങ്ങൾ കൊണ്ടുവരികയെന്നതാണ് ലക്ഷ്യമിടുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.

രാജ്യത്ത് വാണിജ്യാടിസ്ഥാനത്തിൽ ഏറ്റവുമധികം ഉൽപാദിപ്പിക്കപ്പെടുന്ന ഫലവർഗ്ഗങ്ങളിലൊന്നാണ് മുന്തിരി. ഒമാൻ മുന്തിരി വിൽപ്പനക്കായി വിപണി സാധ്യതകൾ പ്രയോജനപ്പെടുത്തുക, സാമ്പത്തിക സാധ്യതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, മേഖലയിലേക്ക് കൂടുതൽ യുവാക്കളെ ആകർഷിക്കുക തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മേളയുടെ ഭാഗമായി ഉണ്ടാവുമെന്ന് അധികൃതർ പറഞ്ഞു. ഭക്ഷ്യ സുരക്ഷ, ദേശീയ സമ്പദ് വ്യവസ്ഥ എന്നീ ഘടകങ്ങളിലേക്ക് കാര്യമായ സംഭാവനകൾ നൽകാൻ കഴിയുന്ന കാർഷിക പദ്ധതികൾക്കുള്ള പ്രോത്സാഹനം കൂടിയായിരിക്കും മേളയെന്നും സുൽത്താനേറ്റിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് നിക്ഷേപസാധ്യതകൾ തുറന്നിടുന്ന ഒന്നായി മേളയെ മാറ്റുമെന്നും മന്ത്രാലയ വക്താവ് മാധ്യമങ്ങളോടു പറഞ്ഞു. വർഷങ്ങളായി ഈ കൃഷിയിലേർപ്പെടുന്ന പ്രാദേശിക കർഷകരെ ആദരിക്കുമെന്നും അവരുടെ അനുഭവങ്ങൾ കൈമാറുന്നതിനും ആധുനിക സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്നതിനുമുള്ള വേദികളും മേളയുടെ ഭാഗമായുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മേളയിലുയർന്നു വരുന്ന അഭിപ്രായ നിർദേശങ്ങളുടെ വെളിച്ചത്തിൽ കൂടുതലിടങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുന്നതിനും ഉൽപ്പാദന വർദ്ധനവിനു കാരണമാകുന്ന നയങ്ങൾ രൂപീകരിക്കുന്നതിനും മന്ത്രാലയം ഉചിതമായ തീരുമാനങ്ങളെടുക്കും. മേഖലയിലെ വിദഗ്ദ്ധർ നയിക്കുന്ന ചർച്ചകളും, കുട്ടികൾക്കായുള്ള വിനോദ പരിപാടികളും കരകൗശല പ്രദർശനങ്ങളും മേളയുടെ ഭാഗമായുണ്ടാകുമെന്നും സംഘാടകർ അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home