ad
Deshabhimani

സ്വാതന്ത്ര്യത്തിന്റെ 65-ാം വാർഷികം ആഘോഷിച്ച് കുവൈത്ത്

kuwait independence

1961 ജൂൺ 19-ന് കുവൈത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനരേഖയിൽ അന്തരിച്ച അമീർ ഷെയ്ഖ് അബ്ദുല്ല അൽ സാലിം അൽ സബാഹ് ഒപ്പുവെക്കുന്ന ചരിത്രനിമിഷം

വെബ് ഡെസ്ക്

Published on Jun 21, 2026, 04:27 PM | 2 min read

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 65-ാം വാർഷികം ആഘോഷിച്ച് കുവൈത്ത്. 1961 ജൂൺ 19-ന് ബ്രിട്ടനുമായുള്ള കരാർ അവസാനിപ്പിച്ച് പൂർണ്ണ പരമാധികാര രാഷ്ട്രമായി മാറിയ കുവൈത്ത്, കഴിഞ്ഞ ആറര പതിറ്റാണ്ടിനിടെ സാമ്പത്തിക വികസനത്തിലും നയതന്ത്ര മേഖലകളിലും വലിയ മുന്നേറ്റമാണ് കൈവരിച്ചത്.


ദേശീയ ഐക്യത്തോടെയും രാജ്യസ്നേഹത്തോടെയുമാണ് ഈ ചരിത്ര മുഹൂർത്തത്തെ കുവൈത്ത് ജനത ഓർമ്മിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയും വികസനവും ഉറപ്പാക്കാൻ ഭരണനേതൃത്വത്തിനൊപ്പം ജനങ്ങളും ഒറ്റക്കെട്ടായി മുന്നേറുന്നു എന്ന സന്ദേശമാണ് ഈ വാർഷികം നൽകുന്നത്.


1961 ജൂൺ 19-ന് അന്നത്തെ അമീർ ഷെയ്ഖ് അബ്ദുല്ല അൽ സാലിം അൽ സബാഹ് ബ്രിട്ടനുമായുണ്ടായിരുന്ന സംരക്ഷണ കരാർ അവസാനിപ്പിച്ചതോടെയാണ് കുവൈത്ത് സ്വതന്ത്രമായത്. ഇത് കുവൈത്തിന്റെ ചരിത്രത്തിലെ പുതിയ അധ്യായത്തിന്റെ തുടക്കമാണെന്ന് അന്ന് അദ്ദേഹം വിശേഷിപ്പിച്ചിരുന്നു.


സ്വാതന്ത്ര്യത്തിന് പിന്നാലെ രാജ്യത്ത് ജനാധിപത്യ ഭരണസംവിധാനം നടപ്പിലാക്കാനുള്ള നടപടികൾ വേഗത്തിലാക്കി. 1961 ഓഗസ്റ്റിൽ ഭരണഘടനാ നിർമാണ സഭ രൂപീകരിക്കുകയും ഒമ്പത് മാസത്തിനകം ശക്തമായ ഭരണഘടന തയ്യാറാക്കി രാജ്യത്തിന്റെ പാർലമെന്ററി സംവിധാനത്തിന് അടിത്തറ പാകുകയും ചെയ്തു.


തുടർന്ന് പൗരത്വം, കറൻസി, പാസ്‌പോർട്ട്, നീതിന്യായ വ്യവസ്ഥ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളും ഭരണപരിഷ്‌കാരങ്ങളും നടപ്പാക്കി. സ്വാതന്ത്ര്യത്തിന് മുമ്പേ പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പാലിറ്റി, വാർത്താവിനിമയം, വൈദ്യുതി, ജലം തുടങ്ങിയ മേഖലകളിൽ ശക്തമായ ഭരണസംവിധാനങ്ങൾ രൂപീകരിച്ചിരുന്ന കുവൈത്ത്, സ്വാതന്ത്ര്യാനന്തരം അവയെ കൂടുതൽ ശക്തിപ്പെടുത്തി.


അന്താരാഷ്ട്ര തലത്തിലും കുവൈത്ത് അതിവേഗം സാന്നിധ്യം ഉറപ്പിച്ചു. 1963 മേയ് 14-ന് ഐക്യരാഷ്ട്രസഭയുടെ 111-ാമത് അംഗരാജ്യമായി കുവൈത്ത് മാറി. അറബ്, ആഗോള സംഘടനകളിൽ സജീവ പങ്കാളിത്തം ഉറപ്പാക്കിയ രാജ്യം, മാനുഷിക സഹായ പ്രവർത്തനങ്ങളിലൂടെയും സമാധാന ശ്രമങ്ങളിലൂടെയും ലോകശ്രദ്ധ നേടിയെടുത്തു.


സ്വാതന്ത്ര്യം 1961 ജൂൺ 19-നാണ് നേടിയതെങ്കിലും, 1964-ലെ അമീരി ഉത്തരവ് പ്രകാരം സ്വാതന്ത്ര്യദിനാഘോഷം ദേശീയ ദിനാഘോഷത്തോടൊപ്പം ഫെബ്രുവരി 25-ലേക്ക് മാറ്റിയിരുന്നു. വേനൽക്കാലത്തെ കഠിനമായ ചൂട് കണക്കിലെടുത്തായിരുന്നു ഈ തീരുമാനം. അതിനാൽ ഫെബ്രുവരി 25 ദേശീയ ദിനമായും ഫെബ്രുവരി 26 വിമോചന ദിനമായും രാജ്യമൊട്ടാകെ ആഘോഷിക്കുമ്പോഴും, ജൂൺ 19 കുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായി തുടരുന്നു.


നിലവിൽ അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെയും കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിന്റെയും നേതൃത്വത്തിൽ കുവൈത്ത് വികസന പദ്ധതികൾക്ക് കൂടുതൽ വേഗം പകരുകയാണ്. സാമ്പത്തിക വൈവിധ്യവൽക്കരണം, അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ പരിവർത്തനം എന്നിവ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് രാജ്യം നടപ്പാക്കുന്നത്.


അന്താരാഷ്ട്ര നിയമങ്ങളോടുള്ള ബഹുമാനം, രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കൽ, പ്രതിരോധ നയതന്ത്രം എന്നീ തത്വങ്ങൾ അടിസ്ഥാനമാക്കിയുള്ള വിദേശനയമാണ് കുവൈത്ത് പിന്തുടരുന്നത്. ആഗോള വിഷയങ്ങളിൽ സന്തുലിതമായ നിലപാടും മാനുഷിക സഹായങ്ങളിലെ സജീവ പങ്കാളിത്തവും രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായ കൂടുതൽ ശക്തിപ്പെടുത്തി.


സ്വാതന്ത്ര്യത്തിന്റെ 65 വർഷങ്ങൾ പിന്നിടുമ്പോൾ ചരിത്രപാരമ്പര്യത്തിലും ദേശീയ ഐക്യത്തിലും അഭിമാനം കൊള്ളുന്ന കുവൈത്ത്, വികസനത്തിന്റെയും സമൃദ്ധിയുടെയും പുതിയ ലക്ഷ്യങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറുകയാണെന്ന സന്ദേശമാണ് ഈ വാർഷികം നൽകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home