ജൂനിയർ മാസ്റ്റേഴ്സ് ചെസ്സ് ചാമ്പ്യൻഷിപ്പ് സമാപിച്ചു

കേംബ്രിഡ്ജ് : കൈരളി യു കെ കേംബ്രിഡ്ജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വേണ്ടി നടന്ന ജൂനിയർ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിന് വിജയകരമായ പര്യവസാനം. സ്വിസ് മാതൃകയിൽ പല റൗണ്ടുകളായി നടന്ന കലാശ പോരാട്ടത്തിലേക്ക് 14 പേരാണ് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഒരു റൗണ്ടിൽ പോലും തോൽവി അറിയാതെ കിരീടം അണിഞ്ഞ ഇഷാൻ ശ്രീനാഥിനാണ് 100 പൗണ്ട് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനമായി ലഭിച്ചത്.
കൂടാതെ വ്യത്യസ്ത പ്രായവിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിൻറ് കരസ്ഥമാക്കിയവർക്ക് പ്രോത്സാഹന സമ്മാനങ്ങളും എല്ലാ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയുണ്ടായി. ചാമ്പ്യൻഷിപ്പിന്റെ മുഖ്യ സ്പോൺസറായ IDEALISTIC MORTGAGE AND INSURANCE SERVICES ൻ്റെ സാരഥി മഞ്ജു ടോം ആണ് വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചത്. ചെസ്സ് വിദഗ്ധനായ ജോസഫ് ജോസും കൈരളി യു കെ കേംബ്രിഡ്ജ് യൂണിറ്റിന്റെ ട്രഷററായ രഞ്ജിനി ചെല്ലപ്പനും ചേർന്നാണ് കുട്ടികൾക്ക് മാർഗ്ഗനിർദേശങ്ങളും നിയമാവലിയും നൽകി മത്സരങ്ങൾ നിയന്ത്രിച്ചത്.
ചാമ്പ്യൻഷിപ്പിനെ കുറിച്ച് മികച്ച പ്രതികരണമാണ് മത്സരാർഥികളുടെയും മാതാപിതാക്കളുടെയും ഭാഗത്ത് നിന്നും ലഭിച്ചതെന്ന് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം വിജേഷ് കൃഷ്ണൻകുട്ടി അറിയിച്ചു. ലോക മാതൃഭാഷാ ദിനത്തിൽ സംഘടിപ്പിക്കപ്പെട്ട മത്സരത്തിൽ ഇന്ത്യയിലെ പലേ സംസ്ഥാനങ്ങളിൽ നിന്നെത്തി വ്യത്യസ്തമായ മാതൃഭാഷകൾ സംസാരിക്കുന്ന കുട്ടികളെ ഒരു കുടക്കീഴിൽ അണിനിരത്താൻ സാധിച്ചത് വലിയ വിജയമായി കാണുന്നു എന്ന് കൈരളി കേംബ്രിഡ്ജ് യൂണിറ്റ് പ്രസിഡൻ്റ് ജെറി വല്യാറ അഭിപ്രായപ്പെട്ടു.
ടൂർണമെന്റിൽ വിജയികളായവരുടെ പേര് വിവരങ്ങൾ ചുവടെ യഥാക്രമത്തിൽ
Championship Winner : ISHAAN SREENATH (Sawston, Cambridge)
First Runner-up : ASWIN VARGHESE BEN (Haverhill, Suffolk)
Second Runner-up: YAWIN BATHULA (Waterbeach, Cambridge)










0 comments