താപനില താഴും മരുഭൂമിയിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത: കുവൈത്ത് അതിശൈത്യത്തിലേക്ക്

കെ ശ്രീജിത്ത്
Published on Dec 30, 2025, 10:58 AM | 1 min read
കുവൈത്ത് സിറ്റി: വടക്കുപടിഞ്ഞാറ് മേഖലയിൽനിന്ന് രാജ്യത്തേക്ക് കടന്നുകയറുന്ന ശക്തമായ തണുത്ത കാറ്റിന്റെ പശ്ചാത്തലത്തിൽ കുവൈത്ത് അതിശൈത്യത്തിന്റെ പിടിയിലാകുമെന്ന് കാലാവസ്ഥാ വകുപ്പ്. പകൽ സമയങ്ങളിൽ കുളിർമയുള്ള കാലാവസ്ഥയും രാത്രിയും പുലർച്ചെയും അതിശൈത്യവും അനുഭവപ്പെടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. തുറന്ന പ്രദേശങ്ങളിലും മരുഭൂമികളിലും തണുപ്പിന്റെ തീവ്രത കൂടുതലായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ബുധൻ പുലർച്ചെ ചില മരുഭൂമി മേഖലകളിലും കൃഷിഭൂമികളിലും മഞ്ഞുവീഴ്ച ഉണ്ടാകാനുള്ള സാധ്യത ശക്തമാണ്. ചൊവ്വമുതൽ വടക്കുപടിഞ്ഞാറൻ കാറ്റുകൾ ശക്തമാകും. ചില ഘട്ടങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്ററിന് മുകളിലുള്ള വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇതുമൂലം ചില പ്രദേശങ്ങളിൽ പൊടിക്കാറ്റ് രൂപപ്പെടും. ദൃശ്യപരിധി ഗണ്യമായി കുറയുന്നതിനാൽ റോഡ് ഗതാഗതം ഉൾപ്പെടെയുള്ളവ തടസ്സപ്പെടാൻ സാധ്യതയുണ്ട്.
കടലിലെ അവസ്ഥയും പ്രതികൂലമാകാൻ ഇടയുണ്ട്. തിരമാലകൾ ഏഴടിയിലധികം ഉയരാൻ സാധ്യതയുള്ളതിനാൽ ചെറുവള്ളങ്ങളും മത്സ്യബന്ധന ബോട്ടുകളും കടലിലിറങ്ങുന്നത് ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. രാജ്യത്തെ പരമാവധി താപനില 12 മുതൽ 15 ഡിഗ്രിവരെ ആയിരിക്കുമെന്ന് കണക്കാക്കുന്നു. അതേസമയം, ബുധൻ പുലർച്ചെ കുറഞ്ഞ താപനില രണ്ടുമുതൽ അഞ്ചു ഡിഗ്രിവരെ താഴാൻ സാധ്യതയുണ്ട്. തുറന്ന മരുഭൂമികളിലും കൃഷിപ്രദേശങ്ങളിലും ഇത് ഇതിലും താഴെയാകാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇതോടെ മഞ്ഞുവീഴ്ചയുടെ സാധ്യത കൂടുതൽ വർധിക്കുമെന്നും മുന്നറിയിപ്പുണ്ട്. കൃഷിയുമായി ബന്ധപ്പെട്ടവർ, മരുഭൂ പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവർ, രാത്രി സമയങ്ങളിൽ യാത്ര ചെയ്യുന്നവർ എന്നിവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കാലാവസ്ഥയിലെ മാറ്റങ്ങൾ നിരീക്ഷിച്ച് തുടർ മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുമെന്നും വകുപ്പ് അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം രാവിലെ രാജ്യത്തിന്റെ ചില ഭാഗങ്ങളിലും തീരദേശ മേഖലകളിലും ഇടിമിന്നലോടുകൂടിയ മഴയുണ്ടായിരുന്നു. വടക്കൻ മേഖലകളിലുണ്ടായ ദുർബലമായ ഉപരിതല ന്യൂനമർദ സംവിധാനമാണ് ഇതിന് കാരണം. മഴ പിന്നീട് ശമിച്ചെങ്കിലും തുടർന്നുണ്ടായ തണുത്ത വായുവിന്റെ പ്രവേശനം രാജ്യവ്യാപകമായി താപനില കുറയാൻ ഇടയാക്കിയിരുന്നു.










0 comments