വിദ്യാർഥി സൗഹൃദ ക്യാമ്പസുകൾക്ക‌് പ്രഥമ പരിഗണന: ഡോ. മഹാദേവൻപിള്ള

തിരുവനന്തപുരം > ക്യാമ്പസുകളിൽ വിദ്യാർഥി സൗഹൃദ അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായിരിക്കും പ്രഥമ പരിഗണനയെന്ന‌് കേരള സർവകലാശാലയിൽ വൈസ‌് ചാൻസലറായി ചുമതലയേറ്റശേഷം ഡോ. വി പി മഹാദേവൻപിള്ള പറഞ്ഞു. വിദ്യാർഥി സൗഹൃദ അന്തരീക്ഷം എല്ലാ ക്യാമ്പസുകളിലും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ കൂട്ടായ‌്മയിലൂടെ രൂപപ്പെടുത്തും. കേരള സർവകലാശാലയെ മികവിന്റെ കേന്ദ്രമായി ഉയർത്താനുള്ള പ്രവർത്തന പദ്ധതികൾ യാഥാർഥ്യമാക്കാൻ മുഴുവൻ പേരുടെയും സഹായം ഉറപ്പാക്കും. യൂണിവേഴ‌്സിറ്റിയിൽ വർഷങ്ങളായി പ്രവർത്തിച്ച പരിചയം ഉള്ളതിനാൽ മിക്ക പ്രശ‌്നങ്ങളും അറിയാം.
കോളേജുകളിൽ ഫാക്കൽറ്റികളുടെ കുറവ‌് പരിഹരിച്ച‌് കൂടുതൽ മെച്ചപ്പെട്ട പഠനാന്തരീക്ഷം ഉറപ്പാക്കണം. അധ്യാപക ഒഴിവുകൾ മുഴുവൻ നികത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. പരീക്ഷ നടത്തിപ്പ‌്, മൂല്യനിർണയം, ഫലപ്രഖ്യാപനം എന്നിവ പരീക്ഷ കലണ്ടിറിന്റെ അടിസ്ഥാനത്തിൽ സമയബന്ധിതമായി പൂർത്തിയാക്കും. സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ ഓൺലൈനിൽ വിദ്യാർഥികൾക്ക‌് ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ സഹായത്തോടെ വേഗത്തിലാക്കുമെന്നും ഡോ. വി പി മഹാദേവൻ പിള്ള പറഞ്ഞു. വ്യാഴാഴ‌്ച രാവിലെ ഗവർണറുടെ ഓഫീസ‌് സന്ദർശിച്ചശേഷം സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീൽ എന്നിവരെയും കണ്ടശേഷമാണ‌് ഉച്ചയോടെയാണ‌് യൂണിവേഴ‌്സിറ്റി ആസ്ഥാനത്തെത്തി ചുമതലയേറ്റത‌്.
വി സിയുടെ ചുമതല വഹിച്ചിരുന്ന പ്രൊഫ. സി ഗണേഷ‌്, രജിസ‌്ട്രാർ ഡോ. ആർ ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാർ സ്വകരിച്ചു. ചുമതലയേറ്റ വിസിയെ സിൻഡിക്കേറ്റ‌് അംഗങ്ങളായ കെ എച്ച‌് ബാബുജാൻ, ഷിജൂഖാൻ, ഡോ. എസ‌് നസീബ‌്, ഡോ. പി രാജേഷ‌് കുമാർ, ഡോ. കെ ഷാജി, അഡ്വ. ജി സുഗുണൻ തുടങ്ങിയവരും വിവിധ സംഘടനാ പ്രതിനിധികളും ഒാഫീസിലെത്തി അനുമോദിച്ചു. പ്രൊ വി സി നിയമനം ഉടൻ തിരുവനന്തപുരം കേരള സർവകലാശാലയിൽ വൈസ‌് ചാൻസലറെ നിയമിച്ചതോടെ പ്രൊ വിസി നിയമന നടപടികളും വേഗത്തിലാകും.
മുൻ വിസിഡോ. പി കെ രാധാകൃഷ‌്ണന്റെ കാലത്ത‌് പ്രൊ വി സി സ്ഥാനത്ത‌് ഒഴിവുവന്നെങ്കിലും നിയമനം നടന്നില്ല. പുതിയ വിസിയെ ഗവർണർ നിയമിച്ചതോടെ പ്രൊ വിസി നിയമന നടപടികൾ സുഗമമാകും. സിൻഡിക്കേറ്റ‌് പ്രൊ വിസിയെ തീരുമാനിച്ച‌് അംഗീകാരത്തിന‌് സമർപ്പിച്ചാൽ വിസിക്ക‌് പ്രൊ. വിസിയെ നിയമിക്കാനാകും








0 comments