ലോക ബഹിരാകാശ വാരം; കുതിപ്പ് തുടർന്ന് യു എ ഇ

കെ എൽ ഗോപി
Published on Oct 04, 2025, 05:15 PM | 2 min read
ഷാർജ: ബഹിരാകാശ രംഗത്ത് മികച്ച നേട്ടങ്ങൾ കരസ്ഥമാക്കി യു എ ഇ ആഗോള തലത്തിൽ ശ്രദ്ധ നേടി. ബഹിരാകാശ ശേഷി വർദ്ധിപ്പിച്ചും, അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തിയുമാണ് യു എ ഇ യ്ക്ക് ഈ നേട്ടങ്ങൾ കൈവരിക്കാനായതെന്ന് ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് മേഖലയിലെ പുരോഗതി വിലയിരുത്തി സംസാരിച്ച ബന്ധപ്പെട്ടവർ പ്രസ്താവിച്ചു. എമറാത്തി ബഹിരാകാശ യാത്രികരേയും, വൈദഗ്ധ്യം നേടിയ പുതുതലമുറയേയും വളർത്തിയെടുത്തുമാണ് ബഹിരാകാശ മേഖലയിലെ മികച്ച മുന്നേറ്റം യു എ ഇ സാധ്യമാക്കിയത്.
മനുഷ്യാവസ്ഥ മെച്ചപ്പെടുത്തുന്നതിന് ബഹിരാകാശ ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും സംഭാവനകൾ ഫലപ്രദമായി കോർത്തിണക്കിക്കൊണ്ട് ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തോടെ വർഷംതോറും ഒക്ടോബർ 4 മുതൽ 10 വരെ നടക്കുന്ന ലോക ബഹിരാകാശ വാരത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. ഈ വർഷത്തെ ആദ്യ പാദത്തിൽ 6 വൈവിധ്യമാർന്ന ഉപഗ്രഹങ്ങൾ യു എ ഇ വിക്ഷേപിച്ചു. ജനുവരി 4ന് "തുറയ" വിക്ഷേപിച്ചു. തുടർന്ന് മുഹമ്മദ് ബിൻ സായിദ് സാറ്റ്, അൽ ഐൻ സാറ്റ് 1, എച്ച് സി ടി സാറ്റ് 1, ഫോർ സൈറ്റ് ഉപഗ്രഹ നക്ഷത്ര സമൂഹത്തിന്റെ രണ്ടാം ഘട്ടം എന്നീ നാല് ഉപഗ്രഹങ്ങളും അതേ മാസം 14 ന് വിക്ഷേപിച്ചു. തുടർന്ന് മാർച്ച് 15ന് ഇത്തിഹാദ് സാറ്റ് റഡാർ ഉപഗ്രഹം വിക്ഷേപിച്ചു.
യു എ ഇ ബഹിരാകാശ ശാസ്ത്ര സാങ്കേതിക മേഖലയിൽ ആഗോള സാന്നിധ്യം ഉറപ്പിച്ചുകൊണ്ട് ഫെബ്രുവരിയിൽ മുഹമ്മദ് ബിൻ റാഷിദ് സ്പെയ്സ് സെൻററും, ചാന്ദ്ര ബഹിരാകാശ നിലയ പദ്ധതിയുടെ പങ്കാളിയായ തേൽസ് അലീനിയ സ്പേസും തമ്മിൽ സഹകരണ കരാറിൽ ഒപ്പിട്ടു. കഴിഞ്ഞ മെയ് മാസത്തിൽ മുഹമ്മദ് ബിൻ റാഷിദ് സ്പെയ്സ് സെൻററും അമേരിക്കൻ കമ്പനിയായ ഫയർഫ്ലൈ എയ്റോ സ്പേസും തമ്മിൽ മറ്റൊരു കരാറിലും ഒപ്പിട്ടു. എമിറേറ്റ്സ് ചാന്ദ്ര പര്യവേഷണ പദ്ധതിയുടെ ഭാഗമായി റാഷിദ് 2 റോവർ ചന്ദ്രോപരിതലത്തിലേക്ക് കൊണ്ടുപോകുന്നത് ഈ സഹകരണത്തിന്റെ അടിസ്ഥാനത്തിലാണ്. യൂറോപ്യൻ ബഹിരാകാശ ഏജൻസി, നാസ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള പേലോഡുകൾ ഉൾപ്പെടുന്ന ബ്ലൂ ഗോസ്റ്റ് മിഷൻ 2 ദൗത്യത്തിൽ അടുത്ത വർഷം റാഷിദ് 2 പേടകം ചേരും.
ഇമേജ് പ്രോസസ്സിനെ പിന്തുണയ്ക്കൽ, ബഹിരാകാശ ദൗത്യ രൂപകല്പന, ഉപഗ്രഹ എൻജിനീയറിങ് എന്നീ മേഖലകളിൽ യുഎഇ നിരവധി രാജ്യങ്ങളുമായി സഹകരിച്ചുകൊണ്ട് മുന്നേറുകയാണ്. അടുത്ത തലമുറയിലെ സാറ്റലൈറ്റ് എൻജിനീയർമാർ, സിസ്റ്റം എൻജിനീയർമാർ, മിഷൻ നേതാക്കൾ എന്നിവരെ വാർത്തെടുക്കുന്നതിനു വേണ്ടിയുള്ള ബൃഹത്തായ പദ്ധതികൾ യുഎഇ നടപ്പിലാക്കുന്നുണ്ട്. ഛിന്ന ഗ്രഹ വലയ പര്യവേഷണ പദ്ധതി പ്രകാരം ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള 7 ഛിന്ന ഗ്രഹങ്ങളെ കുറിച്ച് പഠിക്കുന്നതിനുള്ള പദ്ധതിയുടെ അന്തിമഘട്ടം പൂർത്തിയായതായി കഴിഞ്ഞ ഏപ്രിലിൽ യുഎഇ ബഹിരാകാശ ഏജൻസി പ്രഖ്യാപിച്ചിരുന്നു.
ചൊവ്വയെ പര്യവേഷണം ചെയ്യുന്നതിനുള്ള ആദ്യത്തെ അറബ് ഇസ്ലാമിക് ബഹിരാകാശ ദൗത്യമായ ഹോപ്പ് പ്രോബിന്റെ വിക്ഷേപണത്തിന്റെ അഞ്ചാം വാർഷികം കഴിഞ്ഞ ജൂലൈയിൽ യുഎഇ ആഘോഷിച്ചു. 2020 ജൂലൈ 20ന് ജപ്പാനിലെ തനേഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ച പേടകം വിജയകരമായി ദൗത്യം തുടരുകയാണ്. ഇത് ശേഖരിക്കുന്ന ഡാറ്റകൾ ലോകമെമ്പാടുമുള്ള ഗവേഷണ കേന്ദ്രങ്ങൾ, സർവ്വകലാശാലകൾ, ശാസ്ത്ര സ്ഥാപനങ്ങൾ എന്നിവയുമായി പങ്കിട്ടു കൊണ്ടിരിക്കുന്നു.










0 comments