കുവൈത്തിൽ വ്യാപക സുരക്ഷാ പരിശോധന; താമസനിയമലംഘകരടക്കം നിരവധി പേർ പിടിയിൽ

കുവൈത്ത് സിറ്റി : തലസ്ഥാന ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ താമസനിയമലംഘകരും വിവിധ കേസുകളിൽ തിരയുന്നവരുമടക്കം നിരവധി പേർ പിടിയിൽ. നാല് ചെക്ക് പോയിന്റുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. താമസനിയമം ലംഘിച്ച 46 പേരും വിവിധ കേസുകളിൽ തിരയുന്ന 38 പേരുമാണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞ 14 പേർ, ക്രിമിനൽ കേസിൽ തിരയുന്ന നാലുപേർ, സിവിൽ കേസിൽ തിരയുന്ന മൂന്നുപേർ, തിരിച്ചറിയൽ രേഖകളില്ലാത്ത രണ്ടുപേർ എന്നിവരും പിടിയിലായി.
പരിശോധനയ-്‌ക്കിടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട നാല് കേസുകളും കണ്ടെത്തി. മദ്യവുമായി രണ്ടുപേരും ചൂതാട്ടവുമായി ബന്ധപ്പെട്ട് രണ്ടുപേരും പിടിയിലായി. വിവിധ കേസുകളുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കാൻ ഉത്തരവുള്ള 25 വാഹനവും കസ്റ്റഡിയിലെടുത്തു. ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന 57 വാഹനം നീക്കം ചെയ്തു. 54 ഗതാഗത നിയമലംഘനങ്ങളും രേഖപ്പെടുത്തി. സുരക്ഷയും നിയമപാലനവും ശക്തമാക്കുന്നതിന്റെ ഭാഗമായി പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.










0 comments