സലാലയിൽ വിഷൻ 2026 സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു

സലാല: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി സി ഡബ്ലു എഫ്) സലാല ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബദർ അൽ സമാ ഹോസ്പിറ്റൽ ഗ്രൂപ്പും യാറ ഓപ്റ്റിക്കൽസും സംയുക്തമായി സംഘടിപ്പിക്കുന്ന “വിഷൻ 2026” സൗജന്യ നേത്ര പരിശോധന ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ബദർ അൽ സമാ ഹോസ്പിറ്റലിൽ വെച്ച് നടന്ന ചടങ്ങിൽ പി സി ഡബ്ലു എഫ് സലാല പ്രസിഡന്റ് കെ കബീർ, ഹോസ്പിറ്റൽ ബ്രാഞ്ച് മാനേജർ അബ്ദുൽ അസീസിന് പോസ്റ്റർ കൈമാറിക്കൊണ്ട് ഔദ്യോഗിക പ്രകാശനം നിർവഹിച്ചു. പി സി ഡബ്യു എഫ് സെക്രട്ടറി മുഹമ്മദ് റാസ്, യാറ ഓപ്റ്റിക്കൽസ് പ്രതിനിധി ജൈസൽ എടപ്പാൾ, വലീദ്, മുസ്തഫ, മണികണ്ഠൻ, ശിഹാബ് മറഞ്ചേരി, ഗഫൂർ, അരുൺ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. പ്രവാസികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും നേത്രരോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
മെയ് 1ന് വൈകുന്നേരം 7 മുതൽ സലാല ബദർ അൽ സമാ ഹോസ്പിറ്റലിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. പ്രമുഖ നേത്രരോഗ വിദഗ്ധ ഡോ. കീർത്തന പെരലയയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് വിദഗ്ധമായ നേത്ര പരിശോധനയും കാഴ്ച പരിശോധനയും പൂർണ്ണമായും സൗജന്യമായിരിക്കും. കൂടാതെ പരിശോധനയ്ക്ക് എത്തുന്നവർക്ക് ആവശ്യമായ ഒപ്റ്റിക്കൽ നിർദ്ദേശങ്ങളും കണ്ണിന്റെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും അവസരമൊരുക്കിയിട്ടുണ്ട്. ക്യാമ്പിന്റെ ഭാഗമായി നേത്ര ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
പൊതുജനാരോഗ്യ മേഖലയിൽ സജീവമായി ഇടപെടുന്നതിന്റെ ഭാഗമായാണ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. കണ്ണിന്റെ ആരോഗ്യത്തെ ഗൗരവമായി കാണുന്നതിനും അന്ധത ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിനും ഈ ക്യാമ്പ് ഉപകരിക്കുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു. സലാലയിലെയും പരിസര പ്രദേശങ്ങളിലെയും താൽപ്പര്യമുള്ള എല്ലാ വ്യക്തികൾക്കും ഈ ക്യാമ്പ് പ്രയോജനപ്പെടുത്താവുന്നതാണെന്നും കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി സംഘാടകരുമായി ബന്ധപ്പെടാവുന്നതാണെന്നും അറിയിപ്പിൽ പറയുന്നു.










0 comments