കല മലയാളം സ്കൂൾ ക്ലാസ് തുടങ്ങി

കുവൈത്ത് സിറ്റി : കല കുവൈത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കല മലയാളം സ്കൂളിന്റെ ക്ലാസുകൾ ആരംഭിച്ചു. മലയാളം മിഷന്റെ കണിക്കൊന്ന, സൂര്യകാന്തി കോഴ്‌സുകളിലെ ക്ലാസുകളാണ് ആദ്യഘട്ടത്തിൽ തുടങ്ങിയത്. സെപ്‌തംബർ ആദ്യവാരം നാല് മേഖലയിലായി ആരംഭിച്ച എട്ട് ക്ലാസുകളിൽ നൂറോളം കുട്ടികളെത്തി. ജനകീയ മാതൃഭാഷാ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൂന്നുമാസത്തെ അവധിക്കാല ക്ലാസുകളിൽ പങ്കെടുത്ത കുട്ടികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് വിവിധ കോഴ്‌സുകളിൽ പഠിക്കുന്നത്.
വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താനും രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനുമായി അവരുമായി ഏകോപിച്ചാണ് സ്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. മലയാളം മിഷന്റെ പരിശീലനം നേടിയ അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്. പ്രവാസി സമൂഹത്തിലെ പുതുതലമുറയെ മാതൃഭാഷയോടും മലയാളത്തിന്റെ സാംസ്‌കാരിക പൈതൃകത്തോടും കൂടുതൽ അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കല മലയാളം സ്കൂൾ പ്രവർത്തിക്കുന്നത്. വരും ആഴ്ചളിൽ കൂടുതൽ ക്ലാസുകൾ ആരംഭിക്കുമെന്ന് കല മലയാളം സ്കൂൾ, ജനകീയ മാതൃഭാഷാ സമിതി ഭാരവാഹികൾ അറിയിച്ചു.








0 comments