ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം ‘വേനൽ തുമ്പികൾ ക്യാമ്പ്’ ആരംഭിച്ചു

മസ്‌കത്ത് : ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ച് സംഘടിപ്പിക്കുന്ന "വേനൽ തുമ്പികൾ ക്യാമ്പ്" ജൂലായ് 11ന് രാവിലെ ആരംഭിച്ചു. കേരളവിഭാഗം കൺവീനർ അജയൻ പൊയ്യാറയുടെ അദ്ധ്യക്ഷതയിൽ പ്രവാസി ക്ഷേമനിധി ഡയറക്ടറും ലോക കേരള സഭാംഗവുമായ വിത്സൺ ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേരളാവിങ് ബാലവിഭാഗം സെക്രട്ടറി റോഫിൻ ജോൺ സ്വാഗതവും , ജേയിൻ്റ് സെക്രട്ടറി ജൂമി സിയാദ് നന്ദിയും പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സോഷ്യൽ വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ. കേരള വിഭാഗം കോ കൺവീനർ ജഗദീഷ് എന്നിവർ സംസാരിച്ചു.
ടി വി രഞ്ജിത്താണ് ക്യാമ്പ് നയിക്കുന്നത്. വേനൽ തുമ്പിയുടെ സംസ്ഥാന പരിശീലകൻ കൂടിയായ രഞ്ജിത്ത് 2020 ലെ കേരള ഫോക് ലോർ അക്കാഡമി അവാർഡ് ജേതാവാണ്. 2023 ൽ ഒരു മണിക്കൂർ നിർത്താതെ തുടി കൊട്ടി പാടിയതിന് ഗിന്നസ് വേൾഡ് റെക്കോർഡ് രഞ്ജിത്ത് സ്വന്തമാക്കിയിട്ടുണ്ട്. ഈയടുത്ത കാലത്ത് നിരവധി ക്ലബ്ബുകൾക്കും, സ്കൂളുകൾക്കും നാടകങ്ങളും, ഇവൾ, പൂതപാട്ട്, ഞാൻ സ്ത്രീ, പാണനാർ പാട്ട്, കോതമ്പു മണികൾ, സ്വർണമാല, അതിരുകളില്ലാത്ത ആകാശം തുടങ്ങിയ സംഗീത ശില്പങ്ങളും പരിശീലിപ്പിച്ചിട്ടുണ്ട്.
വായന – എഴുത്ത് – ചിത്രം – നാടകം – സംഗീതം – സിനിമ തുടങ്ങിയ സർഗ്ഗാത്മക സാധ്യതകളെ ജീവിത നൈപുണീ വികാസത്തിനായ് പ്രയോജനപ്പെടുത്താനായി കുട്ടികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷത്തെ കരിക്കുലവും തയ്യാറാക്കിയിട്ടുള്ളത് എന്ന് ക്യാമ്പ് ഡയറക്ടർ അറിയിച്ചു. രണ്ടാം ക്ലാസുമുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള ഇരുന്നൂറോളം കുട്ടികൾ ആണ് ഈ വർഷത്തെ ക്യാമ്പിൽ പങ്കെടുക്കുന്നത്.











0 comments