യുഎഇയിൽ ചൂട് കുറയുന്നു; സെപ്തംബർ അവസാനംമുതൽ കാലാവസ്ഥയിൽ മാറ്റം

ദുബായ് : യുഎഇയിലെ കടുത്ത വേനൽച്ചൂടിന് ശമനം വരുന്നതായി റിപ്പോർട്ട്. ഇൗ മാസം രണ്ടാം പകുതിയോടെ താപനിലയിൽ ശ്രദ്ധേയമായ കുറവുണ്ടാകും. ശരത്കാലത്തിന് അനുയോജ്യമായ മിതമായ കാലാവസ്ഥയിലേക്ക് രാജ്യം നീങ്ങുമെന്നും എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റി ഡയറക-്‌ടർ ബോർഡ് ചെയർമാനും അറബ് യൂണിയൻ ഫോർ ആസ്ട്രോണമി ആൻഡ് സ്പേസ് സയൻസസ് അംഗവുമായ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു.
സുഹൈൽ നക്ഷത്രത്തിന്റെ ഉദയവുമായി ബന്ധപ്പെട്ട 40 ദിവസത്തെ കാലയളവ് 24ന് അവസാനിക്കും. ഈ കാലയളവിൽ ഇടയ്ക്കിടെ ചൂടിന്റെ തീവ്രതയിൽ കുറവുണ്ടാകുമെങ്കിലും ഉയർന്ന താപനില തിരിച്ചെത്താനും രാത്രിയിൽ ഈർപ്പം വർധിക്കാനും പുലർച്ചെ മൂടൽമഞ്ഞുണ്ടാകാനും സാധ്യതയുണ്ട്. 25ന് ആരംഭിക്കുന്ന അടുത്ത കാലഘട്ടത്തോടെ കാലാവസ്ഥയിൽ കൂടുതൽ സ്ഥിരമായ മാറ്റമുണ്ടാകും. പകൽ താപനില 40 ഡിഗ്രിയിൽ താഴെയാകും. കുറഞ്ഞ താപനില 25 ഡിഗ്രിയിൽ താഴേക്ക് പോകുമെന്നാണ് പ്രതീക്ഷ.
ഒക-്‌ടോബർ അഞ്ചുമുതൽ 15 വരെയുള്ള കാലയളവിൽ ദിശമാറിയുള്ള ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് തണുത്ത കാലാവസ്ഥയിലേക്കുള്ള മാറ്റം വേഗത്തിലാക്കും. 15 മുതൽ നവംബർ 25 വരെയുള്ള കാലയളവ് ശൈത്യകാലത്തിന്റെ തുടക്കത്തിന് മുന്നോടിയായുള്ള ഘട്ടമായാണ് കണക്കാക്കുന്നത്. ഈ കാലയളവിൽ മഴയ്‌ക്കും ശീതകാല മേഘങ്ങൾക്കും സാധ്യതയേറും.









0 comments