പിശകുകൾ തിരുത്തി പാർടി മുന്നേറും: എം എ ബേബി

കോഴിക്കോട്: പാർടിക്ക് പറ്റിയ പിശകുകൾ തിരുത്തി മുന്നേറുമെന്നും സംഘടനാ പരമായ തിരുത്തലുകൾ വരുത്താനാണ് സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേർന്നതെന്നും ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. പത്ത് വർഷത്തെ ഭരണത്തിൽ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന് പാർടിയും നേതൃത്വവും കരുതി. എന്നാൽ അടിയിലൂടെ നടക്കുന്ന കള്ള പ്രചാരവേലകൾ ജനങ്ങൾ സ്വാധീനിച്ചെന്ന് തിരിച്ചറിഞ്ഞ് കൃത്യമായ മറുപടി നൽകുന്നതിൽ ജാഗ്രത കുറവുണ്ടായി. ഇതെല്ലാം തിരുത്തി പാർടി മുന്നോറുമെന്നും അദ്ദേഹം പറഞ്ഞു.
വിപുലീകൃത സംസ്ഥാന കമ്മിറ്റി പ്രസ്ഥാനത്തിനേറ്റ തിരിച്ചടികൾ കൃത്യമായ പരിശോധയ്ക്ക് വിധേയമാക്കി. സിപിഐ എമ്മിനെതിരെ വലിയ രീതിയിലുള്ള വ്യാജ പ്രതീതിയാണ് നിർമിക്കപ്പെട്ടത്. പുരോഗതിയെ എതിർക്കുന്ന പ്രതിലോമ ശക്തികളെ കൂടെക്കൂട്ടിക്കൊണ്ട് കുപ്രചാരണങ്ങൾ നടത്തി. സിപിഐഎം- ആർഎസ്എസ് ബന്ധമെന്ന് കുപ്രാചരണം നടത്തി. ഇവയെല്ലാം തിരിച്ചടിക്ക് കാരണമായി.
ഇവ തിരിച്ചറിഞ്ഞ് മുന്നേറാനാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേർന്നത്. കേരളത്തിൽ മാത്രമല്ല ബംഗാളിലും വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേർന്നു. പാർടിക്ക് വലിയ കരുത്ത് പകരുന്ന തീരുമാനങ്ങളാണ് യോഗത്തിൽ വന്നതെന്നും എം എ ബേബി പറഞ്ഞു.









0 comments