ad
Deshabhimani

ശുദ്ധ ഊർജ ലക്ഷ്യം 35 ശതമാനമാക്കി യുഎഇ

uae flag
വെബ് ഡെസ്ക്

Published on Sep 02, 2026, 03:01 PM | 2 min read

ദുബായ് : രാജ്യത്തിന്റെ ശുദ്ധ ഊർജ മേഖലയിലെ ലക്ഷ്യങ്ങൾ കൂടുതൽ ഉയർത്തി യുഎഇ. 2030-–31ഓടെ ആണവോർജവും പുനരുപയോഗ ഊർജവും ഉൾപ്പെടെ രാജ്യത്തിന്റെ വൈദ്യുതി ഉൽപാദനത്തിൽ ശുദ്ധ ഊർജത്തിന്റെ വിഹിതം 35 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യം.


ദുബായിൽ നടക്കുന്ന മിഡിൽ ഈസ്റ്റ് എനർജി പ്രദർശനത്തോടനുബന്ധിച്ച് മാധ്യമങ്ങളോട്‌ സംസാരിച്ച ഊർജ–അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.


ലക്ഷ്യം കൈവരിക്കുന്നതിന് പുതിയ പദ്ധതികൾ നടപ്പാക്കുന്നതിനൊപ്പം വൈദ്യുതി ഉൽപാദന രംഗത്ത് കൂടുതൽ മത്സരം ഉറപ്പാക്കുകയും സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയുടെ പുരോഗതിയും ചെലവ് കുറയുന്നതും പരിഗണിച്ച് രാജ്യത്തിന്റെ ഊർജനയം തുടർച്ചയായി വിലയിരുത്തുകയും പരിഷ-്‌കരിക്കുകയും ചെയ്യുന്നുണ്ട്. വൈദ്യുതി ശൃംഖലകൾ വിപുലീകരിക്കുന്നതിനും പുതിയ വൈദ്യുതി നിലയങ്ങൾ സ്ഥാപിക്കുന്നതിനും പ്രാധാന്യം നൽകുന്നു. കാര്യക്ഷമത വർധിപ്പിക്കുക, വിതരണനഷ-്‌ടം കുറയ-്‌ക്കുക, ഉപഭോക്താക്കൾക്ക് മത്സരാധിഷ-്‌ഠിത നിരക്കിൽ വൈദ്യുതി ലഭ്യമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


ഊർജ സംഭരണ സാങ്കേതികവിദ്യയിലുണ്ടായ മുന്നേറ്റവും മന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ ബാറ്ററികളിൽ 24 മണിക്കൂർ വരെ വൈദ്യുതി സംഭരിക്കാൻ കഴിയുന്ന സാങ്കേതികവിദ്യ മത്സരാധിഷ്ഠിത നിരക്കിൽ ലഭ്യമാണ്. നേരത്തെ രണ്ടുമുതൽ മൂന്ന് മണിക്കൂർ വരെ മാത്രമായിരുന്നു സംഭരണശേഷി.


ഇത്തരം സാങ്കേതിക മുന്നേറ്റങ്ങൾ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്ന പ്രധാന സ്രോതസായി സൗരോർജത്തെ മാറ്റാൻ സഹായിക്കും. കാർബൺ ഡൈഓക്സൈഡ് പുറന്തള്ളൽ ഇല്ലാത്ത സൗരോർജം പ്രകൃതിവാതകവും ആണവോർജവും ഉൾപ്പെടെയുള്ള പരമ്പരാഗത ഊർജ സ്രോതസുകളുമായി കൂടുതൽ മത്സരക്ഷമമാകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.


​ഭാവിയിൽ ശുദ്ധ ഊർജ സ്രോതസുകളുടെ വികസനം, രാജ്യങ്ങൾ തമ്മിലുള്ള വൈദ്യുതി ബന്ധം ശക്തിപ്പെടുത്തൽ, വൈദ്യുതി പ്രസരണ ശൃംഖല നവീകരിക്കൽ, വിതരണ നഷ്ടം കുറയ്ക്കൽ എന്നിവയ്ക്കാണ് യുഎഇ കൂടുതൽ പ്രാധാന്യം നൽകുക. ​സെപ്തംബർ മൂന്നുവരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന മിഡിൽ ഈസ്റ്റ് എനർജി 2026 പ്രദർശനത്തിൽ 70 രാജ്യങ്ങളിൽനിന്നായി ഏകദേശം 1500 പ്രദർശകർ പങ്കെടുക്കുന്നുണ്ട്. പുതിയ ഊർജ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്താനും വിദഗ്ധരുമായി അറിവ് പങ്കിടാനും യുഎഇയുടെ ഊർജ നയങ്ങളും നിയന്ത്രണ സംവിധാനങ്ങളും അവതരിപ്പിക്കാനും പ്രദർശനം അവസരമൊരുക്കുന്നതായി മന്ത്രി പറഞ്ഞു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home