Deshabhimani

യുഎഇ ‘വാട്ടർ പയനിയേഴ്‌സ്’; ജലസുരക്ഷയ്‌ക്ക്‌ ദേശീയ ക്യാമ്പയിൻ

UAE Water Pioneer
വെബ് ഡെസ്ക്

Published on Sep 10, 2026, 09:35 AM | 1 min read

ദുബായ് : ജലസുരക്ഷാരംഗത്തെ വെല്ലുവിളികൾ നേരിടാൻ യുവതലമുറയെ പ്രാപ്തരാക്കുന്ന പുതിയ ദേശീയ ക്യാമ്പയിനുമായി യുഎഇ. മുഹമ്മദ് ബിൻ സായിദ് വാട്ടർ ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തിൽ ‘വാട്ടർ പയനിയേഴ്‌സ്’ എന്ന പേരിലാണ്‌ ദേശീയതലത്തിൽ പരിപാടിക്ക് തുടക്കമിട്ടത്‌. വിവിധ അക്കാദമിക് മേഖലകളിലും തൊഴിൽ രംഗങ്ങളിലുമുള്ള 18നും 35നും ഇടയിൽ പ്രായമുള്ള 15 എമിറാത്തി യുവാക്കളെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുക. ജലമേഖലയുടെ ഭാവി രൂപപ്പെടുത്താനാവശ്യമായ അറിവും നൈപുണ്യവും നേതൃത്വശേഷിയും യുവാക്കൾക്ക് നൽകുകയാണ് ലക്ഷ്യം.


ജലസംബന്ധമായ ദേശീയ, അന്തർദേശീയ ചർച്ചകളിൽ എമിറാത്തി യുവാക്കളുടെ പങ്കാളിത്തം ശക്തിപ്പെടുത്താനും പദ്ധതി സഹായിക്കും. കാലാവസ്ഥാ വ്യതിയാനവും വർധിച്ചുവരുന്ന ജലത്തിന്റെ ആവശ്യവും ആഗോളതലത്തിൽ ജലസുരക്ഷയ്‌ക്ക്‌ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. 2030ഓടെ സുസ്ഥിര ജലവിതരണത്തിനുള്ള ആഗോള ആവശ്യം ലഭ്യമായ വിഭവത്തെക്കാൾ 40 ശതമാനംവരെ അധികമാകുമെന്ന്‌ കണക്കാക്കുന്നു. ലോകത്ത് 220 കോടി പേർക്ക് ഇപ്പോഴും സുരക്ഷിതമായ കുടിവെള്ളം ലഭ്യമല്ല. 350 കോടി പേർക്ക് സുരക്ഷിതമായ ശുചിത്വസംവിധാനങ്ങളുടെ അഭാവവുമുണ്ട്. വർഷം ഏകദേശം 400 കോടി പേർക്ക് കുറഞ്ഞത് ഒരുമാസമെങ്കിലും കടുത്ത ജലക്ഷാമം നേരിടേണ്ടിവരുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.


​ജലമേഖലയിലെ പുതിയ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താൻ നൂതന ആശയങ്ങളും അന്തർദേശീയ സഹകരണവും അനിവാര്യമാണെന്ന് മുഹമ്മദ് ബിൻ സായിദ് വാട്ടർ ഇനിഷ്യേറ്റീവ് സിഇഒ ആയിഷ അൽ അതീഖി പറഞ്ഞു. ഭാവിയിലെ ആഗോള ജലചർച്ചകളിൽ ഫലപ്രദമായി ഇടപെടാൻ കഴിയുന്ന യുവപ്രതിഭകളെ വളർത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി. ​പരിപാടിയിലേക്കുള്ള അപേക്ഷകൾ ഒക്ടോബർ ഏഴുവരെ ഔദ്യോഗിക വെബ്സൈറ്റ് വഴി സമർപ്പിക്കാം.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home