മയക്കുമരുന്ന് ഭീഷണിക്കെതിരെ രാജ്യവ്യാപക ബോധവത്കരണ ക്യാമ്പയിനുമായി യുഎഇ

ദുബായ്: മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ പോരാട്ടം ശക്തമാക്കുന്നതിനും സമൂഹത്തെ മയക്കുമരുന്നിന്റെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുമായി യുഎഇ ദേശീയ മയക്കുമരുന്ന് നിർവഹണ അതോറിറ്റി രാജ്യവ്യാപക ബോധവത്കരണ ക്യാമ്പയിന് തുടക്കമിട്ടു. യുഎഇ ഗവൺമെന്റ് മീഡിയ ഓഫിസിന്റെ സഹകരണത്തോടെയാണ് ബുധനാഴ്ച ദുബായിലെ ക്രിയേറ്റേഴ്സ് ഹെഡ്ക്വാർട്ടേഴ്സിൽ ക്യാമ്പയിൻ പ്രഖ്യാപിച്ചത്.
"ഭീഷണി ഇല്ലാതാക്കാൻ നാം ഒന്നായി" എന്ന മുദ്രാവാക്യമുയർത്തിയുള്ള ക്യാമ്പയിൻ ജൂൺ 26-ലെ അന്താരാഷ്ട്ര മയക്കുമരുന്ന് ദുരുപയോഗ കടത്ത് വിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് ആരംഭിച്ചത്. ദേശീയ മയക്കുമരുന്ന് നിർവഹണ അതോറിറ്റി ചെയർമാൻ ശൈഖ് സായിദ് ബിൻ ഹമദ് ബിൻ ഹംദാൻ അൽ നഹ്യാനാണ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തത്.
കുടുംബം, യുവജനങ്ങൾ, വിദ്യാലയ-വിദ്യാഭ്യാസ സംവിധാനം എന്നീ മൂന്ന് പ്രധാന തൂണുകളെ അടിസ്ഥാനമാക്കിയാണ് ക്യാമ്പയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അതോറിറ്റിയുടെ വക്താവ് മേജർ ഫഹദ് അബ്ദുല്ല ഹൈക്കൽ അറിയിച്ചു. കുടുംബമാണ് ആദ്യ പ്രതിരോധ നിരയെന്നും യുവജനങ്ങളെ സംരക്ഷിക്കുന്നതിലും ബോധവത്കരിക്കുന്നതിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ ലോകത്ത് യുവാക്കളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വ്യാപാരികൾ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളും ഗെയിമിങ് ആപ്ലിക്കേഷനുകളും വ്യാജ ഓൺലൈൻ അക്കൗണ്ടുകളും ഉപയോഗിക്കുന്ന സാഹചര്യത്തിൽ യുവജന സംരക്ഷണത്തിന് പ്രത്യേക പ്രാധാന്യമാണ് ക്യാമ്പയിനിൽ നൽകുന്നത്. സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലാ പങ്കാളികൾ, ഉള്ളടക്ക സ്രഷ്ടാക്കൾ എന്നിവർ സംയുക്തമായി ബോധവത്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും പ്രാരംഭ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ലക്ഷ്യമിട്ടാണ് ക്യാമ്പയിൻ നടപ്പാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. 12 വയസ്സിൽ താഴെയുള്ള കുട്ടികൾ മുതൽ മാതാപിതാക്കൾ വരെ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമാക്കുമെന്നും അവർ അറിയിച്ചു. സഹായം തേടുന്നവർക്കായി രഹസ്യസ്വഭാവത്തിൽ പ്രവർത്തിക്കുന്ന "ഹുസ്ന്" ഹെൽപ് ലൈൻ (80044) ഉപയോഗപ്പെടുത്താനും അതോറിറ്റി ആഹ്വാനം ചെയ്തു. പരാതികൾ, കൗൺസലിങ്, ചികിത്സ, പുനരധിവാസ സഹായങ്ങൾ എന്നിവ പൂർണ രഹസ്യതയിൽ ലഭ്യമാക്കുന്നതാണ് ഈ സേവനം.
മയക്കുമരുന്നിനെതിരായ പോരാട്ടം ഒരു ദേശീയ ഉത്തരവാദിത്തമാണെന്നും ശക്തമായ കുടുംബബന്ധങ്ങളും ബോധവത്കരണവും സമയോചിതമായ ഇടപെടലുകളുമാണ് ഭാവിതലമുറയെ സംരക്ഷിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളെന്നും ശൈഖ് സായിദ് ബിൻ ഹമദ് ബിൻ ഹംദാൻ അൽ നഹ്യാൻ പറഞ്ഞു. അതേസമയം, ഐക്യരാഷ്ട്രസഭയുടെ മയക്കുമരുന്ന്-കുറ്റകൃത്യ ഓഫിസിന്റെ 2025-ലെ ലോക മയക്കുമരുന്ന് റിപ്പോർട്ട് പ്രകാരം 2023-ൽ ലോകത്ത് 15 മുതൽ 64 വയസ്സ് വരെയുള്ള 31.6 കോടി പേർ മയക്കുമരുന്ന് ഉപയോഗിച്ചതായി കണക്കാക്കുന്നു. ഇത് ആഗോള ജനസംഖ്യയുടെ ആറു ശതമാനത്തോളം വരും.
മയക്കുമരുന്നിനെതിരായ ഏറ്റവും ശക്തമായ പ്രതിരോധം ബോധവത്കരണവും വിദ്യാഭ്യാസവും കുടുംബത്തിനുള്ളിലെ തുറന്ന ആശയവിനിമയവുമാണെന്ന് അധികൃതർ ഓർമിപ്പിച്ചു. "മയക്കുമരുന്നിന്റെ കാര്യത്തിൽ ആദ്യത്തെ പരീക്ഷണം തന്നെ അവസാനത്തേതാകാം" എന്ന മുന്നറിയിപ്പോടെയാണ് ക്യാമ്പയിൻ ജനങ്ങളോട് ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്യുന്നത്.










0 comments