ad
Deshabhimani

മുന്നറിയിപ്പുമായി യുഎഇ അധികൃതർ; ഇ–ഭിക്ഷാടന തട്ടിപ്പ്‌ വ്യാപകമാകുന്നു

uae
വെബ് ഡെസ്ക്

Published on Feb 24, 2026, 02:00 PM | 2 min read

ദുബായ്: റംസാനിലെ ദാനധർമ മനോഭാവം ദുരുപയോഗം ചെയ്ത് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇ–ഭിക്ഷാടന തട്ടിപ്പുകൾ വ്യാപകമാകുന്നുവെന്ന് യുഎഇ മുന്നറിയിപ്പ് നൽകി. വ്യാജ മെഡിക്കൽ അടിയന്തരാവസ്ഥകൾ സൃഷ്ടിച്ച് സമൂഹമാധ്യമങ്ങളിലൂടെ സഹായം ആവശ്യപ്പെടുന്ന സംഘങ്ങൾക്കെതിരെ നിരീക്ഷണം കർശനമാക്കിയതായും അധികൃതർ വ്യക്തമാക്കി.


ആശുപത്രിയിൽ കിടക്കുന്ന വയോധികരുടെ ചിത്രങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ ബന്ധിപ്പിച്ച കുട്ടികളുടെ വീഡിയോകൾ, അത്യാഹിതസ്വഭാവം നിറഞ്ഞ ശബ്ദസന്ദേശങ്ങൾ തുടങ്ങിയവ റംസാൻ ആരംഭിച്ചതോടെ വാട്സാപ് ഗ്രൂപ്പുകളിലും ഇൻസ്റ്റഗ്രാം പേജുകളിലും വേഗത്തിൽ പ്രചരിക്കുകയാണ്. എന്നാൽ, എല്ലാ സന്ദേശങ്ങളും യഥാർഥ ദുരിതം പ്രതിഫലിപ്പിക്കുന്നതല്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ആശുപത്രി രംഗങ്ങൾ സൃഷ്ടിക്കുക, വ്യാജ മെഡിക്കൽ റിപ്പോർട്ടുകൾ തയ്യാറാക്കുക, ഔദ്യോഗിക മുദ്രകളും ഒപ്പുകളും ചേർത്ത് രേഖകൾ കൃത്രിമമായി നിർമിക്കുക, വികാരമുണർത്തുന്ന കഥകൾ രൂപപ്പെടുത്തുക– ഇതെല്ലാം നിർമിത ബുദ്ധി ഉപയോഗിച്ച് എളുപ്പത്തിൽ ചെയ്യാനാകുമെന്ന്‌ സുരക്ഷാ വിഭാഗങ്ങൾ വ്യക്തമാക്കി.


ലൈസൻസുള്ള യുഎഇ ജീവകാരുണ്യ സ്ഥാപനങ്ങളിലൂടെ മാത്രം സംഭാവന നൽകണമെന്ന്‌ അധികൃതർ ഓർമിപ്പിച്ചു. വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറുന്നത് ഒഴിവാക്കണം. ക്രിപ്റ്റോ കറൻസി വഴി മാത്രം ആവശ്യപ്പെടുന്ന ഫണ്ട് ശേഖരണങ്ങൾ സൂക്ഷ്മമായി പരിശോധിക്കണം. മെഡിക്കൽ രേഖകൾ ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി സ്ഥിരീകരിക്കണമെന്നും അറിയിച്ചു.
മുമ്പ്‌ തെരുവുമൂലകളിൽ ഒതുങ്ങിയ ഭിക്ഷാടനം ഇന്ന് ഡിജിറ്റൽ സ്ക്രീനുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന സാങ്കേതിക കുറ്റകൃത്യമായി മാറിയിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ഇ–-ഭിക്ഷാടനം സാങ്കേതികമായി പുരോഗമിച്ച കുറ്റകൃത്യമായി മാറിയിട്ടുണ്ട്‌. സൈബർ ക്രൈം യൂണിറ്റുകൾ ഉയർന്ന നിരീക്ഷണ സംവിധാനങ്ങളും ഡിജിറ്റൽ ഫോറൻസിക് ഉപകരണങ്ങളും ഉപയോഗിച്ച് ഇത്തരം തട്ടിപ്പുകൾ കണ്ടെത്തുകയും കുറ്റക്കാരെ പിന്തുടരുകയും ചെയ്യുന്നുണ്ട്‌.


2021ലെ 34–ാം നമ്പർ നിയമം അനുസരിച്ച്‌ ഇ–-ഭിക്ഷാടനം മൂന്നുമാസംവരെ തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ക്രമബദ്ധമായ ശൃംഖലകളായി പ്രവർത്തിക്കുന്നവർക്ക് കർശന ശിക്ഷ ലഭിക്കും. അനുമതിയില്ലാതെ വ്യക്തിഗത ബാങ്ക് അക്കൗണ്ടിലൂടെയോ അനൗദ്യോഗിക പ്ലാറ്റ്ഫോമിലൂടെയോ ഫണ്ട് സമാഹരിച്ചാൽ അഞ്ചുവർഷംവരെ തടവും 2.5 ലക്ഷംമുതൽ 10 ലക്ഷം ദിർഹംവരെ പിഴയും ലഭിക്കും.
സംശയാസ്പദമായ ഇ–-ഭിക്ഷാടന സന്ദേശങ്ങൾ പൊലീസിലോ സൈബർ ക്രൈം പ്ലാറ്റ്ഫോമുകളിലോ റിപ്പോർട്ട് ചെയ്യണം. ദുബായ് പൊലീസ് ഹെൽപ്‌ലൈനായ 901ലും ഇ– ക്രൈം പ്ലാറ്റ്ഫോമായ www.ecrime.ae വഴിയും പരാതി അറിയിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home