ജാഗ്രതാനിർദേശവുമായി ഒമാൻ; ജലനിരപ്പ് ഉയർന്നാൽ അണക്കെട്ട് തുറക്കും

മസ്‌കത്ത്: അസ്ഥിര കാലാവസ്ഥയുടെയും കനത്ത മഴയുടെയും സാഹചര്യത്തിൽ, ജലനിരപ്പ് സംഭരണശേഷിയുടെ 75 ശതമാനത്തിൽ കൂടുതലായാൽ അണക്കെട്ടിന്റെ ഗേറ്റുകൾ തുറക്കുമെന്ന് ഒമാൻ. ജലനിരപ്പ് നിയന്ത്രിക്കാനും ഭൂഗർഭജല റീചാർജ് വർധിപ്പിക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് ഗേറ്റുകൾ തുറക്കുന്നതെന്നും കാർഷിക സമ്പത്ത്, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു.
വടക്കൻ ഗവർണറേറ്റുകളെ ബാധിക്കുന്ന തുടർച്ചയായ കാലാവസ്ഥയെ തുടർന്ന് വാദികളിൽ ശക്തമായ നീരൊഴുക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഗേറ്റുകൾ തുറക്കുന്നത് അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാൻ സഹായിക്കും. അധിക ജലം ഭൂഗർഭ ജലാശയങ്ങളിൽ നിറയ്ക്കാൻ അനുവദിക്കുകയും ചെയ്യും. വെള്ളപ്പൊക്ക സാധ്യത കൈകാര്യം ചെയ്യാനും വർധിച്ച മഴയുടെ പ്രയോജനം പരമാവധി ഉപയോഗിക്കുന്നതിനും ഈ മുൻകരുതൽ നടപടി അനിവാര്യമാണ്. വാദികളിൽനിന്നും താഴ്‌ന്നപ്രദേശങ്ങളിൽനിന്നും വിട്ടുനിൽക്കാൻ പൗരന്മാരും താമസക്കാരും തയ്യാറാകണമെന്നും അധികൃതർ അറിയിച്ചു.
റോഡുകൾ ഗതാഗത യോഗ്യമല്ല
അസ്ഥിര കാലാവസ്ഥയുടെ തുടർച്ചയായ ഫലങ്ങളാൽ വടക്കൻ ബാത്തിനയിലും ദാഹിറ ഗവർണറേറ്റുകളിലും ഒന്നിലധികം പ്രധാന റോഡുകൾ ഗതാഗത യോഗ്യമല്ലാതായെന്ന് അധികൃതർ. വടക്കൻ ബാത്തിന ഗവർണറേറ്റിൽ സൊഹാർ–വാദി ഹിബി റോഡ്, ഖുമൈറ–സാ റോഡ് എന്നിവയാണ് ഗതാഗതയോഗ്യമല്ലാത്തത്. ദാഹിറ ഗവർണറേറ്റിൽ ഫദ–ധങ്ക് റോഡും ഇബ്രി–ഹംറ അൽ ദുരു റോഡും സഞ്ചാരയോഗ്യമല്ല. ഇതുവഴി യാത്ര ചെയ്യുന്നവർക്ക് ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഈ പ്രദേശങ്ങൾ ഒഴിവാക്കി, സുരക്ഷാ മാർഗനിർദേശം കർശനമായി പാലിച്ച് കാലാവസ്ഥാ സാഹചര്യത്തിനനുസരിച്ച് യാത്ര ചെയ്യണം. അടിയന്തര സഹായം ആവശ്യമെങ്കിൽ 9999 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ ഓർമിപ്പിച്ചു.










0 comments