ഇന്ത്യൻ മതനിരപേക്ഷതയെ സംരക്ഷിച്ചത് ഗാന്ധി ചിന്തിയ രക്തം: സുനിൽ പി ഇളയിടം

റിയാദ്: ഗാന്ധി ചിന്തിയ രക്തമാണ് ഇന്ത്യൻ മതനിരപേക്ഷതയെയും ജനാധിപത്യ മൂല്യങ്ങളെയും ദശാബ്‌ധങ്ങളോളം സംരക്ഷിച്ചതെന്ന് സാംസ്‌കാരിക പ്രവർത്തകനും അധ്യാപകനും പ്രഭാഷകനുമായ സുനിൽ പി ഇളയിടം. 1948-ൽ ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ചിന്തിയ രക്തം, ഇന്ത്യൻ അധികാരഘടനകളിൽനിന്ന് വർഗീയതയെ അകറ്റി നിർത്താൻ 50 വർഷത്തിലേറെക്കാലം ശക്തമായ പ്രതിരോധമായി പ്രവർത്തിച്ചു. എന്നാൽ, ഗാന്ധിയുടെ പൈതൃകത്തെ പൂർണമായും ഇല്ലാതാക്കാനുള്ള സംഘടിത ശ്രമങ്ങളാണ് ഇന്ന് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേളി കലാസാംസ്‌കാരികവേദി സിൽവർ ജൂബിലിയുടെ ഭാഗമായി റിയാദിൽ സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുയിടങ്ങളിൽനിന്ന് മാത്രമല്ല, രാഷ്ട്രീയ, സാംസ്‌കാരിക ബോധത്തിൽനിന്ന് പോലും ഗാന്ധിയെ പുറന്തള്ളാനുള്ള ശ്രമത്തിലാണ് വർഗീയശക്തികൾ. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറയായ ഭരണഘടനയും മതനിരപേക്ഷതയും തുടർച്ചയായി ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ ഗാന്ധിയൻ മൂല്യങ്ങളുടെ രാഷ്ട്രീയ പുനർവായന അനിവാര്യമാണ്. ഗാന്ധി ഒരു ചരിത്രസ്‌മാരകമല്ല, മറിച്ച് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നിർണായക പ്രതിരോധചിഹ്നമാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ആധുനിക കാലത്തെ വായന, മാധ്യമം, നവമാധ്യമം– പ്രസക്തിയും സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ പാനൽ ചർച്ച നടന്നു. സുനിൽ പി ഇളയിടം, മാധ്യമപ്രവർത്തകൻ ഡോ. അരുൺ കുമാർ, എഴുത്തുകാരി ദീപ നിശാന്ത് എന്നിവർ പങ്കെടുത്തു. വർഗീയതയും അധികാരരാഷ്ട്രീയവും എങ്ങനെ മാധ്യമങ്ങളിലൂടെ സാധാരണവൽക്കരിക്കപ്പെടുന്നു എന്നതടക്കമുള്ള വിഷയങ്ങൾ ചർച്ചയായി. സെഷനിൽ വിപിൻ കുമാർ മോഡറേറ്ററായി. ‘ഭരണഘടന, ജനാധിപത്യ മൂല്യങ്ങൾ, മാധ്യമങ്ങൾ’ എന്ന വിഷയത്തിൽ അരുൺ കുമാറും എം എം നയീമും സംവദിച്ചു. ‘ഇന്ത്യൻ മതനിരപേക്ഷതയുടെ വീണ്ടെടുപ്പും കേരള ബദലും’ എന്ന വിഷയത്തിൽ സുനിൽ പി ഇളയിടവും വിപിൻ കുമാറും സംസാരിച്ചു. ‘മാറുന്ന സ്ത്രീ, സമൂഹത്തിലും സാഹിത്യത്തിലും’ സെഷനിൽ ദീപ നിശാന്തും സീബ കൂവോടും സംവദിച്ചു.
ബദിയ മാർക്ക് ആൻഡ് സേവ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനവും സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷനായി. ചെയർമാൻ ഷാജി റസാക്, ഡോ. അരുൺ കുമാർ, ദീപ നിശാന്ത്, കേളി രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ്, ന്യൂ ഏജ് രക്ഷാധികാരി സെക്രട്ടറി മുഹമ്മദ് സാലി, കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട് എന്നിവർ സംസാരിച്ചു. സുരേഷ് കണ്ണപുരം, ജോസഫ് ഷാജി, ഗഫൂർ ആനമങ്ങാട്, സുനിൽ കുമാർ, മധു ബാലുശേരി, രജീഷ് പിണറായി എന്നിവർ മെമന്റോകൾ സമ്മാനിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘാടക സമിതി കൺവീനർ സുനിൽ കുമാർ നന്ദിയും പറഞ്ഞു.









0 comments