സുഡാനിലേക്ക് ആയുധം കൈമാറൽ: വിചാരണ 12ലേക്ക് മാറ്റി

ദുബായ് : സുഡാനിലേക്ക് അനധികൃതമായി ആയുധം കൈമാറാൻ ശ്രമിച്ച കേസിന്റെ വിചാരണ ആഗസ്ത് 12ലേക്ക് മാറ്റി അബുദാബി ഫെഡറൽ അപ്പീൽ കോടതി. 13 വ്യക്തികളും ആറ് കമ്പനികളും പ്രതികളായ കേസിൽ പ്രതിഭാഗത്തിന് വാദം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ചാണ് നടപടി. വ്യാഴാഴ്ചത്തെ വിചാരണയിൽ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ ശബ്ദ ദൃശ്യരേഖകൾ, ഇലക്ട്രോണിക് ആശയവിനിമയ രേഖകൾ, ഔദ്യോഗിക രേഖകൾ, സാങ്കേതിക - സാമ്പത്തിക റിപ്പോർട്ടുകൾ, ചില പ്രതികളുടെ മൊഴികൾ എന്നിവ ഉൾപ്പെടെയുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കി. കുറ്റപത്രത്തിലെ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളാണിവയെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
യുഎഇയുടെ ഭൂപ്രദേശം, സ്ഥാപനങ്ങൾ, സൗകര്യങ്ങൾ എന്നിവ ഉപയോഗിച്ച് അനധികൃത സൈനിക ഉപകരണ ഇടപാടുകൾ സംഘടിപ്പിച്ചു. കമ്പനികൾ, ബാങ്ക് അക്കൗണ്ടുകൾ, വ്യാജ രേഖകൾ എന്നിവ വഴി പണമിടപാടുകൾ നടത്തി. കുറ്റകൃത്യത്തിൽനിന്നുള്ള വരുമാനം മറച്ചുവച്ചതുമാണ് പ്രോസിക്യൂഷൻ ആരോപിക്കുന്ന കുറ്റങ്ങൾ. സുഡാനിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിന്റെ ചരക്ക് പരിശോധിക്കുന്നതിനിടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും കോടതിയെ അറിയിച്ചു.
സംഘർഷ മേഖലകളിലേക്ക് സൈനിക ഉപകരണങ്ങൾ എത്തിക്കാനായി യുഎഇ കേന്ദ്രമാക്കി പ്രവർത്തിക്കാൻ ശ്രമിച്ചതിലൂടെ രാജ്യത്തിന്റെ പരമാധികാരത്തിനും ദേശീയ സുരക്ഷയ്ക്കും അന്താരാഷ്ട്ര ബാധ്യതകൾക്കും ഭീഷണിയുണ്ടാക്കിയെന്നാണ് പ്രോസിക്യൂഷന്റെ വാദം. യുഎഇയെ കേന്ദ്രമാക്കി പ്രവർത്തിച്ച സംഘടിത കുറ്റകൃത്യ ശൃംഖലയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. സുഡാൻ സായുധ സേനയിലെ ഉന്നത ഉദ്യോഗസ്ഥർ, രാഷ-്‌ട്രീയ നേതാക്കൾ, വ്യവസായികൾ, അമേരിക്കൻ ഉപരോധ പട്ടികയിലും ഇന്റർപോൾ നിരീക്ഷണ പട്ടികയിലും ഉൾപ്പെട്ട ചില വ്യക്തികളുമായും സ്ഥാപനങ്ങളുമായും പ്രതികൾക്ക് ബന്ധമുണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പ്രോസിക്യൂഷൻ അവകാശപ്പെട്ടു.
അതേസമയം, ചില പ്രതികളെ മറ്റുചിലർ ഉപയോഗപ്പെടുത്തി അവരുടെ പേരിൽ വ്യാജ കമ്പനികൾ രജിസ്റ്റർ ചെയ്തതാണെന്നും ബാങ്ക് അക്കൗണ്ടുകളുടെ നിയന്ത്രണം യഥാർഥ ആസൂത്രകരുടെ കൈവശമായിരുന്നുവെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.










0 comments