ad
Deshabhimani

ഭിന്നശേഷിക്കാർക്ക് പിന്തുണ ശക്തമാക്കൽ: സമഗ്ര നടപടികളുമായി ദുബായ്‌

dubai
വെബ് ഡെസ്ക്

Published on Feb 15, 2026, 06:09 PM | 1 min read

ദുബായ്: ഭിന്നശേഷിക്കാർക്കുള്ള സേവനങ്ങളും അവകാശ സംരക്ഷണ സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്താനുള്ള സമഗ്രനടപടികളുമായി ദുബായ്‌. ഷെയ്ഖ് മൻസൂർ ബിൻ മൊഹമ്മദ് ബിൻ റഷീദ് അൽ മക്തൂം അധ്യക്ഷനായ ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനുള്ള ഉന്നത സമിതി യോഗത്തിലാണ്‌ തീരുമാനം. അൽ ഷിന്ദഗ ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റിൽ നടന്ന യോഗത്തിൽ പ്രധാന സർക്കാർ സ്ഥാപനങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.


സമിതിയുടെ 2026 പ്രവർത്തനപദ്ധതി യോഗത്തിൽ വിലയിരുത്തി. ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, സേവനങ്ങളുടെ ഏകീകരണം ഉറപ്പാക്കുക, സാമൂഹിക പ്രഭാവം അളക്കുക എന്നിവ ലക്ഷ്യമാക്കി ഏകദേശം 30 പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് സമഗ്ര പിന്തുണയൊരുക്കുന്നതിൽ യുഎഇ നേതൃത്വത്തിന്റെ പ്രതിബദ്ധത തുടരുമെന്ന് ഷെയ്ഖ് മൻസൂർ വ്യക്തമാക്കി. അവകാശ സംരക്ഷണം, ആവശ്യങ്ങൾ പരിഗണിക്കൽ, മാന്യവും സ്വതന്ത്രവുമായ ജീവിതം ഉറപ്പാക്കൽ എന്നിവയ്ക്കായി സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനം നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.


സമൂഹ വികസന അതോറിറ്റി അവതരിപ്പിച്ച ‘യുസ്ർ’ സർവീസ് പാക്കേജും യോഗത്തിൽ പ്രധാന ആകർഷണമായി. ഏകീകൃതവും പൂർണമായും ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയായി 100-ൽ അധികം സേവനങ്ങളും 47 ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന പദ്ധതിയാണിത്. ആരോഗ്യ, സാമൂഹിക, സാമ്പത്തിക സേവനങ്ങൾ ഉൾപ്പെടുന്ന ഈ സംവിധാനം ഡിജിറ്റൽ സഹായി, ഏകീകൃത മാർഗനിദേശം എന്നിവയിലൂടെ ഭിന്നശേഷിക്കാർക്കും കുടുംബങ്ങൾക്കും സേവനം ലളിതമാക്കുന്നു.


ആർടിഎയും ദുബായ് മുനിസിപ്പാലിറ്റിയും പൊതുഗതാഗതം, പൊതു ഇടങ്ങൾ, നഗര സൗകര്യങ്ങൾ എന്നിവ കൂടുതൽ സുലഭമാക്കാനുള്ള പദ്ധതികൾ അവതരിപ്പിച്ചു. ‘ദുബായ് കമ്യൂണിക്കേറ്റ്സ് ഇൻ സൈൻ ലാംഗ്വേജ്’ പദ്ധതിയിലൂടെ എമിറാത്തി സൈൻ ഭാഷയിലെ ഏറ്റവും വലിയ വെർച്വൽ പാഠത്തിന് ഗിന്നസ് റെക്കോഡ് നേടിയത് സമിതിയുടെ പ്രധാന നേട്ടമായി ഷെയ്ഖ് മൻസൂർ ചൂണ്ടിക്കാട്ടി. സ്ഥാപനങ്ങൾക്കിടയിലെ ഏകോപനം കൂടുതൽ ശക്തിപ്പെടുത്തി, പദ്ധതികൾ വേഗത്തിലാക്കി ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിൽ ആഗോള മാതൃകയായി ദുബായെ ഉയർത്തുന്നതാണ് ലക്ഷ്യമെന്ന് സമിതി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home