ഹോർമുസിൽ എണ്ണ ടാങ്കർ അപകടം; ഒമാൻ സഹായത്തിൽ 5 ഇന്ത്യക്കാരെ രക്ഷിച്ചു

മസ്‌കത്ത്: ഹോർമുസ് കടലിടുക്കിൽ കുവൈത്ത് പതാക വഹിച്ച ടാങ്കറിൽ ആക്രമണമുണ്ടായതിനെ തുടർന്ന് ഒമാനി അധികൃതരുടെ സഹായത്തോടെ അഞ്ച് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി കരയിലെത്തിച്ചതായി ഒമാനിലെ ഇന്ത്യൻ എംബസി. എംടി കാസിമ മൂന്ന് എന്ന കപ്പലിലെ ജീവനക്കാരെയാണ് രക്ഷിച്ചത്. ഒമാനി അധികൃതരുടെ പിന്തുണയ-്‌ക്കും സഹായത്തിനും എംബസി നന്ദി പറഞ്ഞു. അതേസമയം, ആക്രമണത്തിന്റെ ഉറവിടം തിരിച്ചറിയുകയോ കപ്പലിനുണ്ടായ നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ നൽകുകയോ ചെയ്തിട്ടില്ല.
ഗൾഫ്, ചെങ്കടൽ, കരിങ്കടൽ എന്നിവിടങ്ങളിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ ഇന്ത്യ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. മേഖലയിൽ പ്രവർത്തിക്കുന്ന വാണിജ്യ കപ്പലുകളിൽ 4500-ൽ അധികം ഇന്ത്യൻ നാവികരുണ്ടെന്ന് ഇന്ത്യൻ വിദേശമന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. കഴിഞ്ഞയാഴ്‌ച യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത ഇന്ത്യൻ വിദേശമന്ത്രി എസ് ജയ്ശങ്കർ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യൻ നാവികരും ജീവനക്കാരും കൊല്ലപ്പെട്ടതായി അറിയിച്ചിരുന്നു.









0 comments