പരിക്കും കടന്ന് എവറസ്റ്റിലേറി ശ്രദ്ധ

ദുബായ്: ജീവിതംതന്നെ വഴിതിരിച്ചുവിടുമായിരുന്ന ഗുരുതര പരിക്ക്, 18 മാസത്തോളം ചികിത്സ, പ്രതിസന്ധികളെല്ലാം കടന്ന് എവറസ്റ്റിന്റെ നെറുകയിൽ കൊടിനാട്ടി ശ്രദ്ധ ഗുപ്‌ത. കോവിഡുകാലത്ത് തലയ്ക്കേറ്റ ഗുരുതര പരിക്കിനെ അതിജീവിച്ച് എവറസ്റ്റിനെ കീഴടക്കിയ ശ്രദ്ധ യുഎഇയുടെ മാത്രമല്ല, ഇന്ത്യാക്കാരുടെയും അഭിമാനം വാനോളമുയർത്തുന്നു. അപകടത്തെ തുടർന്ന് 18 മാസത്തോളം ചികിത്സയിലായിരുന്നു ദുബായ് ആസ്ഥാനമായുള്ള ബാങ്കിങ് മേഖലയിലെ ഇൗ മുതിർന്ന ഉദ്യോഗസ്ഥ. അതിജീവനത്തിന്റെ പുതുചരിത്രം രചിച്ചാണ് അവർ മെയ് 27-ന് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയിൽ യുഎഇ പതാക ഉയർത്തിയത്.
2017-ൽ യുഎഇയിലെത്തിയ ശ്രദ്ധ 2020-ൽ ഉണ്ടായ അപകടത്തിനുശേഷം ബാല്യകാലത്തെ പർവതാരോഹണ താൽപര്യം വീണ്ടും പൊടിതട്ടിയെടുക്കുകയായിരുന്നു. 2022 മുതൽ യുഎഇയിലെ വിവിധ മലനിരകളിൽ പരിശീലനം ആരംഭിച്ച അവർ പിന്നീട് ടാൻസാനിയയിലെ കിളിമഞ്ചാരോ, റഷ്യയിലെ എൽബ്രൂസ്, അർജന്റീനയിലെ അക്കോൺകാഗ്വ, നേപ്പാളിലെ മനാസ്‌ലു എന്നിവയും കീഴടക്കി. രണ്ടുവർഷത്തിലേറെ നീണ്ട കഠിന പരിശീലനത്തിനൊടുവിലാണ് എവറസ്റ്റ് ദൗത്യം പൂർത്തിയാക്കിയത്.
ദുബായിലെ മലമ്പാതകൾ, ജിംനേഷ്യം, നീന്തൽ പരിശീലനം, സ-്‌കീ ദുബായ് എന്നിവയുൾപ്പെടെ വിവിധ കേന്ദ്രങ്ങളിലായിരുന്നു പരിശീലനം. പത്ത് മണിക്കൂറിലേറെ നീണ്ട അവസാനഘട്ട കയറ്റത്തിനൊടുവിൽ കൊടുമുടിയുടെ മുകളിലെത്തിയപ്പോൾ സന്തോഷവും ആശ്വാസവുമാണ് അനുഭവപ്പെട്ടതെന്ന് ശ്രദ്ധ പറഞ്ഞു. ശയ്യാവലംബിയായ അവസ്ഥയിൽനിന്ന് ആറുവർഷത്തിനുള്ളിൽ അത്യന്തം അപകടകരമായ സാഹസികദൗത്യം പൂർത്തിയാക്കിയ ശ്രദ്ധ ഏവർക്കും പ്രചോദനമാകുകയാണ്.










0 comments