ad
Deshabhimani

തവാസുൽ യൂത്ത് ഷോർട്ട് ഫിലിം അവാർഡ്‌ സമ്മാനിച്ചു

shortfilm award
വെബ് ഡെസ്ക്

Published on Jan 01, 2026, 03:11 PM | 2 min read

മസ്‌കത്ത്‌ : ഒമാൻ സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ 2025ലെ തവാസുൽ യൂത്ത് ഷോർട്ട് ഫിലിം അവാർഡുകൾ സമ്മാനിച്ചു. ‘സെൻസ് ഓഫ് ദ എർത്ത്' എന്ന ചിത്രത്തിനാണ് ഒന്നാം സമ്മാനം. മനുഷ്യനും അവനധിവസിക്കുന്ന ഭൂമിയും തമ്മിലുള്ള ബന്ധം പ്രകടിപ്പിക്കുന്ന സാംസ്‌കാരിക ചിഹ്നങ്ങളിലൂടെയും വ്യാഖ്യാനങ്ങളിലൂടെയും ഒമാനി പൈതൃകത്തിന്റെ ആഴം ചിത്രം പ്രതിഫലിപ്പിക്കുന്നതായി അവാർഡ് നിർണയസമിതി പറഞ്ഞു.

‘ഫോർബിഡൻ റോസസ്' രണ്ടാം സ്ഥാനം നേടി. 1990-കളിലെ കഥ പറയുന്ന ചിത്രം, രണ്ട് സഹോദരിമാരുടെ ജീവിതമാണ് പങ്കുവയ്ക്കുന്നത്. ‘ദ ട്വന്റിഫിഫ്‌ത്ത്‌ അവർ' എന്ന സിനിമയ്ക്കാണ്‌ മൂന്നാം സ്ഥാനം. ‘ഡയലോഗ് വിത്ത് ദ പാസ്റ്റ്' നാലാം സ്ഥാനവും ‘റണ്ണ' അഞ്ചാം സ്ഥാനവും നേടി. ‘ദ സ്ട്രോങ് മെൻ', ‘ബോട്ടിക്', ‘ആംബിഷൻസ്', ‘എ ഷാഡോസ് ടെയിൽ' എന്നീ ചിത്രങ്ങൾ ജൂറിയുടെ പ്രത്യേക പരാമർശം നേടി. ഒമാൻ മാളിലെ വോക്‌സ്‌ സിനിമാസിൽ നടന്ന ചടങ്ങിൽ മന്ത്രാലയം അണ്ടർസെക്രട്ടറി ബാസിൽ ബിൻ അഹമ്മദ് അൽ റവാസ് അധ്യക്ഷനായി.

പ്രമേയങ്ങളുടെ വൈവിധ്യവും കൈകാര്യം ചെയ്ത വിഷയങ്ങളുടെ ഗൗരവവും മുൻ രണ്ട് പതിപ്പുകളേക്കാൾ മികച്ചതായിരുന്നുവെന്ന് അവാർഡ് നിർണയസമിതി തലവൻ അബ്ദുള്ള ബിൻ ഹബീബ് അൽ- മുഐനി പറഞ്ഞു. മത്സര വിഭാഗത്തിലെ സിനിമകളിലൊന്നിൽ ‘ഷോർട്ട് -വിൻഡോ മോണ്ടേജ്' സാങ്കേതം ഉപയോഗിച്ചിരുന്നു. ഒമാനിൽ ഇത്തരത്തിൽ നിർമിക്കുന്ന ആദ്യ ചിത്രമാണിത്‌. ഇത്തവണ 46 സിനിമകൾ മത്സരിച്ചു. ഖൈസർ ബിൻ സാലിം അൽ -ഹിനായ്, മുസ്‌ന ബിൻത് മൂസ അൽ -ബലൂഷി, ലോറ ബിൻത് സയീദ് അൽ -സിയാബി തുടങ്ങിയവരും ജൂറിയിലുണ്ടായെന്നും അദ്ദേഹം പറഞ്ഞു.


ഹ്രസ്വചിത്ര നിർമാണം; ഒമാനി യുവാക്കളെ പിന്തുണയ്ക്കാൻ പ്രതിജ്ഞാബദ്ധം


ഹ്രസ്വചിത്ര നിർമാണ മേഖലയിൽ കഴിവുള്ള ഒമാനി യുവാക്കളെ പിന്തുണയ്ക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന്‌ മന്ത്രാലയത്തിലെ യൂത്ത് കമ്യൂണിക്കേഷൻ ആൻഡ് ഡയലോഗ് ഡിപ്പാർട്ട്‌മെന്റിന്റെ ഡയറക്‌ടർ വാധ ബിൻത് മുഹമ്മദ് അൽ-ഫാർസി. യുവതയുടെ സൃഷ്ടിപരമായ കഴിവ്‌ വർധിപ്പിക്കാനായി പ്രവർത്തിച്ചു വരികയാണ്‌. 2023ൽ ആരംഭിച്ച ‘തവാസുൽ' അവാർഡ്, സൃഷ്ടിപരമായ യുവ സംവാദം വളർത്താനും യുവാക്കൾക്ക് സാമൂഹ്യവിഷയങ്ങൾ ഉന്നയിക്കാൻ അവസരമൊരുക്കുന്നതായും അവർ കൂട്ടിച്ചേർത്തു. വിവിധ മേഖലകളിലുടനീളം ഒമാനി യുവാക്കളുടെ സൃഷ്ടിപരമായ കഴിവുകൾ പ്രദർശിപ്പിക്കുന്നതിലൂടെ അവരുടെ അവബോധം, സർഗാത്മകത, കലാപരമായ ആവിഷ്‌കാരം എന്നിവ പ്രതിഫലിപ്പിക്കുന്നു. ഈ മേഖലകളിലെ അവരുടെ കഴിവുകൾക്കുള്ള നിദർശനമാണ് അവാർഡ്‌. രാജ്യത്തിന് പുറത്തും തങ്ങളുടെ സാന്നിധ്യമറിയിക്കാൻ ഇതവർക്ക് ആത്മവിശ്വാസം നൽകുമെന്നും അവർ വ്യക്തമാക്കി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home