അന്താരാഷ്ട്ര പുസ്‌തകമേള ഇന്നുമുതൽ; ഷാർജയ്ക്ക് ഇനി പുസ്‌തകനാളുകൾ

കെ എൽ ഗോപി
Published on Nov 05, 2025, 12:33 PM | 2 min read
ഷാർജ : ഷാർജ അന്താരാഷ്ട്ര പുസ്‌തകമേളയുടെ 44–ാം പതിപ്പ് ബുധനാഴ്‌ച തുടങ്ങും. ഷാർജ ഭരണാധികാരി ഷെയ്‌ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന മേളയിൽ 612 രാജ്യത്തുനിന്നുള്ള 250ൽ അധികം എഴുത്തുകാരും പ്രഭാഷകരും പങ്കെടുക്കും. "നിങ്ങൾക്കും പുസ്‌തകത്തിനുമിടയിൽ’ എന്ന പ്രമേയത്തിലാണ് ഇത്തവണ പരിപാടി. 12 ദിവസത്തെ മേള 16 വരെ നീണ്ടുനിൽക്കും. 1224 അറബ് പ്രസാധകരും 1126 അന്താരാഷ്ട്ര പ്രസാധകരും ഉൾപ്പെടെയുള്ളവർ ലക്ഷക്കണക്കിന് പുസ്‌തകവുമായി മേളയിലെത്തും.
സമ്പന്നമായ സാംസ്‌കാരിക ബൗദ്ധിക പൈതൃകത്തെ മുൻനിർത്തി ഗ്രീസാണ് അതിഥി രാജ്യം. 58 ഗ്രീക്ക് പ്രസാധകരും സാംസ്‌കാരിക സ്ഥാപനങ്ങളും 600 ശീർഷകങ്ങൾ പ്രദർശിപ്പിക്കും. രചയിതാക്കൾ, കവികൾ, വിവർത്തകർ, ചിത്രകാരന്മാർ, അക്കാദമിക് വിദഗ്ധർ, സംഗീതജ്ഞർ, ലൈബ്രറേറിയന്മാർ എന്നിവരുൾപ്പെടെ 70-ൽ അധികം ഗ്രീക്ക് പങ്കാളികൾ പങ്കെടുക്കും. "ഗ്രീക്ക് സാഹിത്യം നീണ്ട യാത്ര’ എന്ന പേരിൽ പ്രദർശനവും ഗ്രീസ് ഒരുക്കുന്നുണ്ട്. പൈതൃകം, റോമിങ് തിയറ്റർ ഷോ, ഗ്രീക്ക് കവിതയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട സംഗീത നാടക പ്രകടനം, സംവേദനാത്മക ശിൽപ്പശാലകൾ, എമിറാത്തി ക്രിയേറ്റീവുകളുമായുള്ള സംയുക്ത സെഷനുകൾ, കുക്കറി കോർണറിലെ സെഷനുകൾ എന്നിവ ഇത്തവണത്തെ സവിശേഷതയാണ്.
ഈജിപ്ഷ്യൻ എഴുത്തുകാരനും നാടകകൃത്തുമായ മുഹമ്മദ് സൽമാവിയാണ് ഇത്തവണത്തെ സാംസ്‌കാരിക വ്യക്തിത്വം. അറബ് നാടകം, സാഹിത്യം, സാംസ്‌കാരിക പ്രഭാഷണം എന്നിവയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ചാണ് അംഗീകാരം. 300 സാംസ്‌കാരിക സെഷനുകൾ ഉൾപ്പെടെ 1200 ഓളം ഇവന്റുകൾ, പാനൽ ചർച്ചകൾ, സെഷനുകൾ എന്നിവയിൽ 19 രാജ്യത്തുനിന്നുള്ള 66 അന്തർദേശീയ പ്രഭാഷകർ, 20 രാജ്യത്തുനിന്നുള്ള 62 അറബ് പ്രഭാഷകർ എന്നിവ നടക്കും. 30 എമറാത്തികൾ പങ്കെടുക്കുന്ന 300 പരിപാടികളും സാംസ്‌കാരിക പ്രവർത്തനങ്ങളുടെ ഭാഗമായി അരങ്ങേറും. ഐസ്‌ലൻഡ്, ജമൈക്ക, നൈജീരിയ, മാലി, ചാദ്, അംഗോള, മൊസാംബിക്ക, ഗിനിയ, സെനഗൽ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽനിന്നുള്ള സ്പീക്കർമാർ ഇത്തവണ ആദ്യമായി പങ്കെടുക്കുന്നുണ്ട്.
‘പോയട്രി കഫേയിൽ’ മലയാളത്തിന്റെ പ്രിയ കവി സച്ചിദാനന്ദനും പങ്കെടുക്കും. അറബിക്, ഗ്രീക്ക്, ഇംഗ്ലീഷ്, റഷ്യൻ, ഉറുദു, പഞ്ചാബി, മലയാളം, തഗലോഗ് എന്നീ ഭാഷകളിൽനിന്നുള്ള കവിതകളാണ് പോയട്രി കഫേയിൽ അവതരിപ്പിക്കുന്നത്. സൗദി അറേബ്യൻ കവി സയ്യിദ് അൽ മന, ഖത്തർ കവി ഹമദ് അൽ ബ്രൈദി, ഗ്രീക്ക് കവി ഡാനെ സിയോസിയോ, കനേഡിയൻ കവി സാറ അലി, എമറാത്തി- ഉറുദു കവി ഡോ. സുബൈർ ഫാറൂഖ്, പാക്കിസ്ഥാൻ കവി അതാവുല്‍ ഹഖ് ഖാസ്മി, ഡോ. താഹിർ സാഹിർ, സയ്യിദ് സുലൈമാൻ ഗിലാനി, ഇന്ത്യൻ കവികളായ സുരേന്ദർ ശർമ, സയ്യിദ് ഇജാസുദ്ദീൻ ഷാ, റഹ്മാൻ ഖാൻ, ഫിലിപീൻസ് കവി ലൂണാ സികാറ്റ് ക്ലിറ്റോ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തും.










0 comments