ഷാർജ പുസ്‌തകമേള നവംബർ 5 മുതൽ: ഗ്രീസ് അതിഥി രാജ്യം

ഷാർജ : ഷാർജ അന്താരാഷ്‌ട്ര പുസ്‌തകമേളയുടെ 44–ാം പതിപ്പ് നവംബർ അഞ്ചുമുതൽ 16 വരെ നടക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽഖാസിമി വാർത്താസമ്മേളനത്തിൽ അറിയിച്ചു. "നിങ്ങൾക്കും ഒരു പുസ്‌തകത്തിനും ഇടയിൽ’ എന്ന പ്രമേയത്തിൽ ഷാർജ എക്‌സ്‌പോ സെന്ററിലാണ് മേള. പ്രാദേശിക, അറബ്, അന്തർദേശീയ പ്രസാധകർ, എഴുത്തുകാർ, ബുദ്ധിജീവികൾ, ചിന്തകർ, വിവിധ മേഖലകളിൽ നിന്നുള്ള പ്രതിഭകൾ എന്നിവരുടെ രാജ്യാന്തര സംഗമമായിരിക്കും ഇത്തവണയും മേള.
നൈജീരിയൻ എഴുത്തുകാരി ചിമമാണ്ട എൻഗോസി അദീച്ചി മുഖ്യാതിഥിയാകും. ഗ്രീസാണ് ഇത്തവണത്തെ അതിഥി രാജ്യം. 118 രാജ്യത്തുനിന്നുള്ള 2380 പ്രസാധകരും പ്രദർശകരും മേളയിലെത്തും. 66 രാജ്യത്തുനിന്നുള്ള 251 അതിഥികൾ നയിക്കുന്ന 1200ൽ അധികം പ്രവർത്തനം ഉൾപ്പെടും. ഇതിൽ 30ൽ അധികം സാംസ്‌കാരിക പരിപാടിയും കുട്ടികൾക്കും മുതിർന്നവർക്കുമായി 750 ശിൽപശാലയുമുണ്ടാകും. ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞനും എഴുത്തുകാരനുമായ കാർലോ റോവല്ലി, ഐറിഷ് നോവലിസ്റ്റ് പോൾ ലിഞ്ച്, ബ്രിട്ടീഷ് സൈക്കോളജിസ്റ്റ് ഡോ. ജൂലി സ്‌മിത്ത്, അമേരിക്കൻ ശാസ്‌ത്ര പ്രചാരകൻ അർമെൻ ആദംജാൻ, ഇന്ത്യൻ ക്രിയേറ്റർ പ്രജക്ത കോളി, ബ്രിട്ടീഷ് പുരാവസ്തു ഗവേഷകൻ ഡേവിഡ് വെൻഗ്രോ, കനേഡിയൻ എഴുത്തുകാരി ജെന്നിഫർ ഹില്ലിയർ തുടങ്ങിയവർ പങ്കെടുക്കും.
അറബ് മേഖലയിൽനിന്ന് ചരിത്രകാരനും ഗവേഷകനുമായ ഡോ. ഹമദ് ബിൻ സീറായ്, കവിയത്രിയും ചലച്ചിത്രകാരിയുമായ നുജൂം അൽഗാനിം, ഈജിപ്‌ത് എഴുത്തുകാരൻ മോ ഗൗദത്ത്, ടുണീഷ്യൻ നടനും സംവിധായകനുമായ ദാഫർ എൽ അബിദിൻ, ലബനീസ് എഴുത്തുകാരി ജുമാന ഹദ്ദാദ്, സൗദി എഴുത്തുകാരൻ മുഹമ്മദ് രിദ്ര നസ്രല്ല തുടങ്ങിയവരും മേളയിലെത്തും. എട്ട് ഭാഷകളിലെ പ്രകടനം ഉൾക്കൊള്ളുന്ന ബഹുഭാഷാ കവിതാസായാഹ്ന പരമ്പരയും മേളയിയിലുണ്ട്. ന്യൂയോർക്കിലെ ത്രില്ലർ ഫെസ്റ്റിവലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന നാലാമത്തെ ത്രില്ലർ ഫെസ്റ്റിവൽ നവംബർ എട്ടുമുതൽ 11 വരെ നടക്കും. ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് ബിൻ റക്കാദ് അൽ അമീരി, ജനറൽ കോഓർഡിനേറ്റർ കൗല അൽ മുജൈനി, മുഖ്യ പ്രായോജകരുടെ പ്രതിനിധികളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.










0 comments