തുടർച്ചയായ അഞ്ചാം വർഷവും ഷാർജ പുസ്തക മേള ലോകത്ത് ഒന്നാമത്

ഷാർജ: കഴിഞ്ഞ 12 ദിവസങ്ങളിലായി നടന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ 26 രാജ്യങ്ങളിൽ നിന്നായി 15 ലക്ഷത്തോളം സന്ദർശകർ പങ്കെടുത്തു. തുടർച്ചയായ അഞ്ചാം വർഷവും ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേള എന്ന സ്ഥാനം ഷാർജ പുസ്തകോത്സവം നിലനിർത്തി. 118 രാജ്യങ്ങളിൽ നിന്നായി 2350ലധികം പ്രസാധകരും പ്രദർശകരും പങ്കെടുത്തു. പ്രസാധക സമ്മേളനങ്ങൾക്കായി മാത്രം 116 രാജ്യങ്ങളിൽ നിന്നായി 1599 പ്രസാധകരാണ് എത്തിയത്. ഏറ്റവും കൂടുതൽ പ്രസാധകർ പങ്കെടുത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ, യുഎഇ, സിറിയ, ഈജിപ്ത് , ജോർദാൻ എന്നീ രാജ്യങ്ങളാണ് മുന്നിൽ. സന്ദർശകരിൽ 51 ശതമാനം പുരുഷന്മാരും 49 ശതമാനം സ്ത്രീകളുമാണ് എത്തിയത്.
പ്രസാധകരെ പിന്തുണയ്ക്കുന്നതിനായി പ്രദർശനത്തിൽ പങ്കെടുക്കുന്നവരുടെ പ്രസിദ്ധീകരണങ്ങൾ ഷാർജയിലെ പൊതു സർക്കാർ ലൈബ്രറികൾക്കായി നൽകുന്നതിന് 45 ലക്ഷം ദിർഹം ആണ് ഷാർജ ഭരണാധികാരി അനുവദിച്ചത്. സുഡാനിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മേളയിലെത്തിയ സുഡാനി സ്ഥാപനങ്ങളെ പങ്കാളിത്ത ഫീസിൽ നിന്ന് ഒഴിവാക്കുന്നതായി ബുക്ക് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർപേഴ്സൺ ശൈഖ ബൊദൂർ ബിന്ത് സുൽത്താൻ അൽ ഖാസിമി പ്രഖ്യാപിച്ചു.
സാംസ്കാരിക, ബൗദ്ധിക മുന്നേറ്റങ്ങളെ നിലനിർത്തി ഗ്രീസിനെ ഇത്തവണത്തെ അതിഥി രാജ്യമായി തിരഞ്ഞെടുത്തു. മനുഷ്യനാഗരികതയിൽ ഗ്രീസിന്റെ സംഭാവനകളെ ഉയർത്തിക്കാട്ടുന്ന വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ സന്ദർശകർക്ക് പുതുമ നൽകി. ക്ലാസിക്കൽ ഗ്രീക്ക് വാസ്തുവിദ്യയിൽ രൂപകല്പന ചെയ്ത 200 ചതുരശ്ര മീറ്റർ ദേശീയ പവലിയനുമായി ഗ്രീസ് പുസ്തകമേളയിൽ ശ്രദ്ധേയമായി. അറബ് സാഹിത്യത്തിനും, കലക്കും നൽകിയ ഗണ്യമായ സംഭാവനകളെ മുൻനിർത്തി ഈജിപ്ഷ്യൻ എഴുത്തുകാരൻ മുഹമ്മദ് സൽമാവിയെ സാംസ്കാരിക വ്യക്തിത്വമായി തിരഞ്ഞെടുത്തു.
1200 പരിപാടികൾ, 750 വർഷോപ്പുകൾ, ആയിരത്തോളം പുസ്തക ഒപ്പുവയ്ക്കലുകൾ, പാനൽ ചർച്ചകൾ, സാഹിത്യ വായനകൾ എന്നിവയോടൊപ്പം അറബി, ഇംഗ്ലീഷ്, റഷ്യൻ, ഉറുദു, പഞ്ചാബി, മലയാളം, തഗലോഗ് എന്നീ ഭാഷകളിലായി കവിത സായാഹ്നങ്ങൾക്കായി പോയട്രി കഫെ, 14 അന്താരാഷ്ട്ര പാചകക്കാർക്ക് പങ്കെടുത്ത കുക്കിംഗ് കോർണർ, 35 തൽസമയ പാചക പ്രദർശനങ്ങൾ, വിനോദവും വിദ്യാഭ്യാസവും സംയോജിപ്പിച്ച നാടകീയവും സംവേദനാത്മകവുമായ പ്രകടനങ്ങൾ, അറബ് അന്താരാഷ്ട്ര വ്യക്തിത്വങ്ങളുടെ സാന്നിധ്യം എന്നിവ പുസ്തകമേളയെ ഉയരങ്ങളിൽ എത്തിച്ചു.
പുസ്തകോത്സവത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഷാർജ വിമാനത്താവളത്തിൽ പുസ്തകോത്സവത്തിന്റെ പ്രദർശന ലോഗോ പതിച്ച പ്രത്യേക സ്റ്റാമ്പാണ് പാസ്പോർട്ടുകളിൽ പതിച്ചത്.










0 comments