ഷാർജ പുസ്‌തകമേളയ്ക്ക് തുടക്കം

കെ എൽ ഗോപി
Published on Nov 07, 2025, 01:14 PM | 2 min read
ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്‌തകമേളയുടെ 44–ാം പതിപ്പ് ഷാർജ ഭരണാധികാരി ഷെയ്‌ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. സമഗ്ര അറബിക് വിജ്ഞാന കോശത്തിന്റെ പ്രാരംഭഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി സുൽത്താൻ പ്രഖ്യാപിച്ചു.
അടുത്തവർഷം നടക്കാനിരിക്കുന്ന പുസ്‌തകമേളയിൽ രണ്ടാം ഘട്ടം പൂർത്തീകരിക്കും. 2027 നവംബറിൽ മൂന്നാം ഘട്ടം അവസാനിക്കുന്നതുവരെ ഗവേഷണ ശ്രമങ്ങൾ തുടരും. നാലാം ഘട്ടം 2028 നവംബറിൽ പൂർത്തീകരിക്കാനുള്ള പ്രതീക്ഷയും സുൽത്താൻ പങ്കുവച്ചു. സുൽത്താന്റെ ഏറ്റവും പുതിയ പ്രസിദ്ധീകരണം "ദ കോമ്പൻഡിയം ഓഫ് ദ ഹിസ്റ്ററീസ് ഓഫ് ദ അറേബ്യൻ പെനിൻസുല ആൻഡ് പേർഷ്യ ഫ്രം 1622 സിഇ ടു 1810 സിഇ’ പകർപ്പുകളിൽ അദ്ദേഹം ഒപ്പിട്ടു. അറബിയിൽ 33 വാല്യങ്ങളും ഇംഗ്ലീഷിൽ 33 വാല്യങ്ങളും അടങ്ങിയ പ്രസിദ്ധീകരണത്തിൽ 1473 രേഖകൾ ഉൾപ്പെടുന്നു. ഇബ്നു ഫദ്‌ലാൻസിന്റെ ലേഖനം അറബിയിൽനിന്ന് ചെക്കിലേക്ക് വിവർത്തനം ചെയ്ത് അവാർഡ് നേടിയ ഡോ. ഒൻഡ്രീജ് ബനാറക്കിനെ സുൽത്താൻ ആദരിച്ചു.
കിരീടാവകാശി ഷെയ്‌ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ഷെയ്‌ഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി, ഷാർജ ധനവകുപ്പ് മേധാവി ഷെയ്‌ഖ മുഹമ്മദ് ബിൻ സൗദ് അൽ ഖാസിമി, തുറമുഖ കസ്റ്റംസ് ഫ്രീ സോൺ അതോറിറ്റി ചെയർമാൻ ഷെയ്‌ഖ് ഖാലിദ് ബിൻ അബ്ദുള്ള സുൽത്താൻ അൽ ഖാസിമി, ഷാർജ സുൽത്താൻ ഓഫീസ് മേധാവി ഷെയ്‌ഖ് ഡോ. സലേം ബിൻ അബ്ദുൾ റഹ്മാൻ അൽ ഖാസിമി, ജില്ലാ മേധാവി ഷെയ്‌ഖ് മജീദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ് ജനറൽ അതോറിറ്റി ഡയറക്ടർ ഷെയ്‌ഖ് അബ്ദുള്ള ബിൻ മുഹമ്മദ് അൽ ഖാസിമി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
‘നിങ്ങൾക്കും പുസ്‌തകത്തിനുമിടയിൽ’ എന്ന പ്രമേയത്തിലുള്ള മേളയിൽ അറുപതിലധികം രാജ്യത്തുനിന്നുള്ള 250ൽ അധികം എഴുത്തുകാരും പ്രഭാഷകരും പങ്കെടുക്കും. 12 ദിവസത്തെ മേള 16 വരെ നീണ്ടുനിൽക്കും. 1224 അറബ് പ്രസാധകരും 1126 അന്താരാഷ്ട്ര പ്രസാധകരും മേളയിലെത്തും. ഗ്രീസാണ് അതിഥി രാജ്യം. 58 ഗ്രീക്ക് പ്രസാധകരും സ്ഥാപനങ്ങളും 600 ശീർഷകങ്ങൾ പ്രദർശിപ്പിക്കും. വിവിധ മേഖലയിലെ 70-ൽ അധികം ഗ്രീക്ക് പങ്കാളികളെത്തും. "ഗ്രീക്ക് സാഹിത്യം നീണ്ട യാത്ര’ എന്ന പ്രദർശനവും ഒരുക്കുന്നുണ്ട്. ഈജിപ്ഷ്യൻ എഴുത്തുകാരനും നാടകകൃത്തുമായ മുഹമ്മദ് സൽമാവിയാണ് സാംസ്‌കാരിക വ്യക്തിത്വം. അറബ് നാടകം, സാഹിത്യം, സാംസ്‌കാരിക പ്രഭാഷണം എന്നിവയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ചാണ് അംഗീകാരം.
300 സാംസ്‌കാരിക സെഷനുകൾ ഉൾപ്പെടെ 1200 ഓളം ഇവന്റുകൾ, പാനൽ ചർച്ചകൾ, സെഷനുകൾ എന്നിവയിൽ 19 രാജ്യത്തുനിന്നുള്ള 66 അന്തർദേശീയ പ്രഭാഷകർ, 20 രാജ്യത്തുനിന്നുള്ള 62 അറബ് പ്രഭാഷകർ എന്നിവ നടക്കും. ഐസ്‌ലൻഡ്, ജമൈക്ക, നൈജീരിയ, മാലി, ചാദ്, അംഗോള, മൊസാംബിക്ക, ഗിനിയ, സെനഗൽ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽനിന്നുള്ള പ്രഭാഷകർ ഇത്തവണ ആദ്യമായി പങ്കെടുക്കുന്നുണ്ട്. ഷാർജ അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ ബിരുദധാരി ഭൂമിക ഗഘഡ എഴുതി തരുൺ ശ്യാം സംവിധാനം ചെയ്ത ‘മർഡർ അറ്റ് ദ മജ്‌ലിസ്’ എന്ന സംവേദാനാത്മക നാടകപ്രകടനം ഫെസ്റ്റിവലിൽ അവതരിപ്പിക്കും. ഓസ്ട്രേലിയൻ വിദ്യാർഥികളാണ് ഷോ അവതരിപ്പിക്കുന്നത്. ശനി വൈകിട്ട് ഏഴിന് എക്സ്പോ സെന്ററിലെ ബാൾ റൂമിൽ നടക്കുന്ന "കലയും സാഹിത്യവും’ പരിപാടിയിൽ നടന്മാരായ ഖാലിദ് അൽസാവി, ദാഫർ അൽ ആബിദീൻ തുടങ്ങിയവർ പങ്കെടുക്കും. 14ന് അന്താരാഷ്ട്ര താരം വിൽ സ്‌മിത്ത് അതിഥിയാകും. ‘പോയട്രി കഫേയിൽ’ മലയാളത്തിന്റെ പ്രിയ കവി സച്ചിദാനന്ദനും പങ്കെടുക്കും.










0 comments