167 പുസ്തകങ്ങൾക്ക് അംഗീകാരം നൽകി ഷാർജ ബുക്ക് അതോറിറ്റി

ഷാർജ: ഷാർജ ബുക്ക് അതോറിറ്റിയുടെ പ്രത്യേക പ്രസിദ്ധീകരണ, തർജമ പദ്ധതികളുടെ ഭാഗമായി 167 പുതിയ പുസ്തകങ്ങൾക്ക് അംഗീകാരം നൽകി. ആകെ ലഭിച്ച 2478 അപേക്ഷകളിൽ നിന്നാണ് പുസ്തകങ്ങൾ തെരഞ്ഞെടുത്തത്. ഷാർജയുടെ സാംസ്കാരിക പദ്ധതികൾ ആഗോള പ്രസാധകരിൽ ഉയർന്ന വിശ്വാസം നേടി എന്നതിന്റെ തെളിവാണ് ഇതെന്ന് അതോറിറ്റി അധികൃതർ വ്യക്തമാക്കി. 99 എണ്ണം ബുക്ക് അതോറിറ്റിയുടെ പ്രശസ്തമായ തർജ്ജമ ഗ്രാൻഡ് പദ്ധതിയിലൂടെയും 20 എണ്ണം ഷാർജ പബ്ലിഷിങ് സുസ്ഥിരത ഫണ്ട് മുഖേനയും, 48 എണ്ണം എസ്ബിഐ നേരിട്ട് പിന്തുണയ്ക്കുന്നവയുമാണ്.
അറബി സാഹിത്യത്തെ ആഗോളതലത്തിൽ വളർത്താനും, സംസ്കാരങ്ങൾ തമ്മിലുള്ള ഇടപെടൽ ശക്തിപ്പെടുത്താനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2011 മുതൽ ഇതുവരെ ബുക്ക് അതോറിറ്റി പിന്തുണച്ച് വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ആകെ പുസ്തകങ്ങളുടെ എണ്ണം 2045 ആണ്. പരസ്പര സംവേദനത്തിനുള്ള ശക്തമായ ഉപാധിയാണ് വിവർത്തനം എന്ന് ബുക്ക് അതോറിറ്റി സി ഇ ഒ അഹമ്മദ് ബിൻ റഖാദ് അൽ അമേരി പറഞ്ഞു. അറബ് സാഹിത്യത്തെ ആഗോളതലത്തിൽ ഉയർത്താനും, ആഗോളസാഹിത്യകൃതികളെ അറബി വായനക്കാർക്ക് ലഭ്യമാക്കുവാനും അതോറിറ്റി പ്രതിജ്ഞാബദ്ധമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ഷെയ്ക്ക ബുധൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ മാർഗനിർദ്ദേശ പ്രകാരം മികച്ച ആഗോള സാഹിത്യ കൃതികൾക്കുള്ള പിന്തുണ അതോറിറ്റി വർദ്ധിപ്പിച്ചു. നോവൽ, ജീവചരിത്രം, പാചക പുസ്തകങ്ങൾ, കവിത, കുട്ടികളുടെ പുസ്തകങ്ങൾ, തുടങ്ങിയ കൃതികൾക്ക് 4000 ഡോളർ വരെയും, കുട്ടികളുടെ പുസ്തകങ്ങൾക്ക് 1500 ഡോളർ വരേയും, പ്രത്യേക സാഹചര്യങ്ങളിൽ 2,50,000 ഡോളർ വരേയും സഹായം ലഭ്യമാണ്. മൂന്ന് രീതികളിലൂടെ പ്രസാധകർക്കുള്ള പിന്തുണയും നൽകുന്നുണ്ട്. ഈ പദ്ധതികൾ വഴി വിജ്ഞാന കൈമാറ്റത്തിനും ആഗോള സാഹിത്യ നവീകരണത്തിനും കേന്ദ്രമായുള്ള ഷാർജയുടെ നിലപാട് ശക്തമാക്കുകയാണ് ബുക്ക് അതോറിറ്റിയുടെ ലക്ഷ്യം.










0 comments