സൗദി മലയാളി സമാജം പ്രവാസി മുദ്ര പുരസ്കാരം സക്കറിയക്ക്

ദമാം: സൗദി മലയാളി സമാജത്തിന്റെ അഞ്ചാമത് പ്രവാസി മുദ്ര പുരസ്കാരം സാഹിത്യകാരൻ പോൾ സക്കറിയക്ക്. സിനിമ, കഥ, കവിത, നോവൽ, യാത്രാവിവരണം തുടങ്ങി പ്രവാസ ലോകവുമായി ബന്ധപ്പെട്ട കൃതികൾക്കും സാഹിത്യ സേവനങ്ങൾക്കും നൽകിയ സംഭാവന മാനിച്ചാണ് സൗദി മലയാളി സമാജം പ്രവാസി മുദ്ര പുരസ്കാരം സമ്മാനിക്കുന്നത്. സക്കറിയ രചിച്ച നബിയുടെ നാട്ടിൽ എന്ന സഞ്ചാര സാഹിത്യ കൃതി മുൻനിർത്തിയാണ് പുരസ്കാരം.
മുൻ വർഷങ്ങളിൽ കെ പി രാമനുണ്ണി, സലീം അഹമ്മദ്, എം മുകുന്ദൻ എന്നിവരാണ് പുരസ്കാരം നേടിയത്. രണ്ടു വർഷം കൂടുമ്പോഴാണ് പുരസ്കാരം സമ്മാനിക്കുന്നത്. 50,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ദമാമിൽ വ്യാഴം മുതൽ ആരംഭിക്കുന്ന സൗദി മലയാളി ലിറ്റററി ഫെസ്റ്റിവൽ ഉദ്ഘാടന ചടങ്ങിൽ പ്രമുഖ സാഹിത്യകാരൻ പെരുമാൾ മുരുകൻ സമ്മാനിക്കും.
ഭാസ്ക്കരപട്ടേലരും എന്റെ ജീവിതവും, സലാം അമേരിക്ക, എന്തുണ്ട് വിശേഷം പിലാത്തോസെ, കണ്ണാടി കാണ്മോളവും, പ്രെയിസ് ദി ലോഡ്, ഇഷ്ടികയും ആശാരിയും, ഇതാണെന്റെ പേര് തുടങ്ങിയവയാണ് പോള്‍ സക്കറിയയുടെ പ്രധാന കൃതികൾ. കേന്ദ്ര- കേരള സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങൾ, എഴുത്തച്ഛൻ പുരസ്കാരം ഒ വി വിജയൻ പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.
മുതിർന്ന സാഹിത്യകാരൻ ജമാൽ കൊച്ചങ്ങാടി, മാധ്യമ പ്രവർത്തകൻ സി പി സൈതലവി, നോവലിസ്റ്റും എഴുത്തുകാരനുമായ നദീം നൗഷാദ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തതെന്ന് സൗദി മലയാളി സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബുൽ, ദമാം ചാപ്റ്റർ പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ, ജനറൽ സെക്രട്ടറി ഡോ. സിന്ധു ബിനു, ഓർഗനൈസിംഗ് സെക്രട്ടറി ഷനീബ് അബൂബക്കർ, രക്ഷാധികാരികളായ ജേക്കബ് ഉതുപ്, മുരളീധരൻ, ആസിഫ് താനൂർ കോർഡിനേറ്റർമാരായ ഉണ്ണികൃഷ്ണൻ, ബിനു പുരുഷോത്തമൻ, മുഷാൽ തഞ്ചേരി, നജ്മുസമാൻ, ഹുസൈൻ ചമ്പോളിൽ എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.











0 comments