ദുബായ് എയർപോർട് ടെർമിനൽ 1ലേക്കുള്ള പാലത്തിന്റെ വീതികൂട്ടാൻ ആർടിഎ പദ്ധതി

ദുബായ് : ഡിഎക്സ്ബി ടെർമിനൽ 1 ലേക്കുള്ള പ്രധാന പാലം വീതികൂട്ടുന്നതിനുള്ള പദ്ധതി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) പ്രഖ്യാപിച്ചു. നിലവിലുള്ള പാലം മൂന്ന് വരിയിൽ നിന്ന് നാല് വരിയായി വികസിപ്പിക്കുകയാണ് പദ്ധതി. പദ്ധതി പൂർത്തിയായാൽ പാലത്തിന്റെ ശേഷി മണിക്കൂറിൽ 4,200 വാഹനങ്ങളിൽ നിന്ന് 5,600 വാഹനങ്ങളായി ഉയരും. 33 ശതമാനം വർദ്ധനവാണ് ഇതിലൂടെ ഉണ്ടാകുന്നത്. യാത്രാസമയം കുറയ്ക്കുക, ടെർമിനലിലേക്കുള്ള ഗതാഗതം സുഗമമാക്കുക, യാത്രാനുഭവം മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം.
റാമ്പുകൾ ഉൾപ്പെടെ 171 മീറ്റർ നീളമുള്ള പാലത്തിന് 70 മീറ്റർ ദൈർഘ്യമുള്ള പ്രധാന സ്പാൻ ഉണ്ടായിരിക്കും. സ്റ്റീൽ ബോക്സ് ഗർഡറുകളും കോംപോസിറ്റ് കോൺക്രീറ്റ് സ്ലാബും ഉൾപ്പെടുത്തി പുതുമയാർന്ന രീതിയിൽ പാലം നിർമിക്കുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ, എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാൻ മതർ അൽ തായർ വ്യക്തമാക്കി. വിമാനത്താവള സ്ട്രീറ്റിലെ ഗതാഗതത്തെ തടസ്സപ്പെടുത്താതെയും താൽക്കാലിക സപ്പോർട്ടുകൾ ഇല്ലാതെയും വേഗത്തിൽ നിർമാണം പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ വർഷങ്ങളിൽ, വിമാനത്താവള സ്ട്രീറ്റ് നവീകരണത്തിന്റെ ഭാഗമായി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് കാസബ്ലാങ്ക സ്ട്രീറ്റ് വരെ വ്യാപിക്കുന്ന പ്രവൃത്തികൾ ആർടിഎ നടപ്പാക്കിയിരുന്നു. അൽ റാഷിദിയയിലെ പാലങ്ങളും തുരങ്കങ്ങളും, കാസബ്ലാങ്ക, മാരാകേഷ്, നാദ് അൽ ഹമർ സ്ട്രീറ്റുകളുമായുള്ള കവല മെച്ചപ്പെടുത്തലുകളും പദ്ധതിയിൽ ഉൾപ്പെടുന്നു.
ഡിഎക്സ്ബിയുമായി നേരിട്ട് ബന്ധമുള്ള നിരവധി പദ്ധതികളും ഇതിനകം പൂർത്തിയായിട്ടുണ്ട്. ടെർമിനൽ 3 ലേക്ക് പ്രവേശിക്കുന്ന ഒറ്റവരി പാലം, ദുബായ് ഏവിയേഷൻ എഞ്ചിനീയറിംഗ് പ്രോജക്ട്‌സ് സമുച്ചയത്തിലേക്ക് പോകുന്ന മറ്റൊരു പാലം, വിമാനത്താവള സ്ട്രീറ്റിൽ നിന്ന് കാസബ്ലാങ്ക സ്ട്രീറ്റിലേക്കുള്ള ഗതാഗതത്തിന് സഹായകരമായ ഒറ്റവരി പാലം എന്നിവയും ഇതിനോടൊപ്പം നടപ്പിലാക്കി. അൽ ഗർഹൂദിൽ നിന്ന് ടെർമിനൽ 1, 3 എന്നിവിടങ്ങളിലേക്കുള്ള നേരിട്ടുള്ള പ്രവേശനപാതയും, കാസബ്ലാങ്ക സ്ട്രീറ്റ് മൂന്ന് വരിയിൽ നിന്ന് നാല് വരിയായി വികസിപ്പിക്കുന്നതും ഇതിനകം പൂർത്തിയായി.









0 comments