റംസാൻ വ്രതാരംഭം; സമഗ്ര സുരക്ഷാ പദ്ധതിയുമായി കുവൈത്ത്

കുവൈത്ത് സിറ്റി : റംസാൻ മാസത്തോടനുബന്ധിച്ച് സമഗ്ര സുരക്ഷാ സേവന പദ്ധതികളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. റംസാനിലെ ആത്മീയാന്തരീക്ഷം ചൂഷണം ചെയ്യുന്ന തരത്തിലുള്ള പ്രവർത്തനം അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമലംഘകരെ നിരീക്ഷിക്കാനും പിടികൂടാനും ഭിക്ഷാടനം ഇല്ലാതാക്കാനും പ്രത്യേക സുരക്ഷാ സംഘങ്ങളെ രൂപീകരിച്ചു.
വാണിജ്യകേന്ദ്രങ്ങളിലും പള്ളികൾക്ക് സമീപവും കേന്ദ്രീകരിക്കുന്ന യാചകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. മാർക്കറ്റുകളിലും പള്ളികളുടെ പരിസരത്തുമുള്ള നിരീക്ഷണ ക്യാമറകൾ കൃത്യമായി പരിശോധിച്ച് നിയമലംഘകരെ കണ്ടെത്തും. യാചനയോ മറ്റ് മോശമായ പെരുമാറ്റങ്ങളോ സംബന്ധിച്ച പരാതികൾ 112 എന്ന സെൻട്രൽ ഓപ്പറേഷൻസ് റൂം വഴി റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.
റംസാൻ നോമ്പ് സമയത്ത് പരസ്യമായി ഭക്ഷണം കഴിക്കുന്നത് നിയമലംഘനമായി കണക്കാക്കും. ഇത്തരത്തിൽ പിടിയിലാകുന്നവർക്ക് ഒരുമാസംവരെ തടവും 100 ദിനാർ പിഴയും നേരിടേണ്ടിവരും.
റംസാനിൽ ആഭ്യന്തര മന്ത്രാലയം പ്രത്യേക ഗതാഗത–സുരക്ഷാ പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. പ്രധാന റോഡുകൾ, കവലകൾ, തിരക്കേറിയ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ പട്രോളിങ് നടത്തും. പൗരന്മാരുടെയും താമസക്കാരുടെയും സുഖവും സുരക്ഷയും ഉറപ്പാക്കുക, പൊതുചലനങ്ങളും ഷോപ്പിങ് പ്രവർത്തനങ്ങളും മതപരമായ ചടങ്ങുകളും തടസ്സമില്ലാതെ നടക്കുക, ഗതാഗത–സുരക്ഷ ചട്ടങ്ങൾ കർശനമായി നടപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. റംസാൻ മാസത്തിൽ മന്ത്രാലയത്തിലെ വിവിധ വകുപ്പുകളും മേഖലകളും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2.30 വരെ പ്രവർത്തിക്കുമെന്ന് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ മേധാവി ബ്രിഗേഡിയർ ജനറൽ അബ്ദുള്ള അൽ അതീഖി അറിയിച്ചു.










0 comments