ദേശീയ ദിനാഘോഷ നിറവിൽ ഖത്തർ

ഒ കെ പരുമല
Published on Dec 18, 2025, 06:06 AM | 1 min read
ദോഹ: "നിങ്ങളാൽ ഉയർച്ച, നിങ്ങളിൽ പ്രതീക്ഷ’ എന്ന പ്രമേയത്തിൽ ഖത്തർ വ്യാഴാഴ്‌ച ദേശീയ ദിനം ആഘോഷിക്കും. ഫിഫ അറബ് കപ്പ് മത്സരങ്ങളുടെ ആവേശത്തിനൊപ്പമാണ് ദേശീയ ദിനാഘോഷങ്ങളും കടന്നുവരുന്നത്. രാജ്യത്തെ നഗരങ്ങളും തെരുവുകളും ദേശീയപതാകയെ പ്രതിനിധീകരിക്കുന്ന നിറങ്ങളാലും കൊടിതോരണങ്ങളാലും അലങ്കരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഐക്യവും പൈതൃകവും വിളംബരം ചെയ്യുന്ന പരിപാടികളാണ് ഒരുങ്ങുന്നത്.
ആഘോഷങ്ങളുടെ ഭാഗമായി ദോഹ കോർണിഷിൽ രാവിലെ ദേശീയ ദിന പരേഡ് നടക്കും. ഒമ്പതിന് പരേഡ് ആരംഭിക്കും. സാംസ്‌കാരിക പൈതൃകങ്ങളും കര, വ്യോമ, നാവിക സേനകളുടെ പ്രകടനവും പരിപാടിയിലുണ്ടാകും. പതിവുപോലെ പൊതുജനങ്ങൾക്ക് പരേഡ് കാണാൻ അവസരമൊരുക്കിയിട്ടുണ്ട്. രാവിലെ അഞ്ചുമുതൽ ഏഴരവരെയാണ് പ്രവേശനം. ഖത്തറിന്റെ പാരമ്പര്യവും സാംസ്‌കാരിക മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന പരിപാടികളും നടക്കും. ഉം സലാൽ പ്രദേശത്തെ 1.5 ലക്ഷം ചതുരശ്ര മീറ്റർ വിസ്‌തൃതിയുള്ള ദർബ് അൽ സായി, സാംസ്‌കാരിക കേന്ദ്രമായ കത്താറ എന്നിവടങ്ങളിൽ പ്രധാന ആഘോഷ പരിപാടികൾ നടക്കും.
മന്ത്രാലയങ്ങളുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവിശ്യകളിലായി പ്രവാസികൾക്കും തൊഴിലാളികൾക്കുമായി വിവിധ കലാസാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. മാളുകൾ, ഹോട്ടലുകൾ, സ്‌കൂളുകൾ, പാർക്കുകൾ, കടൽത്തീരങ്ങൾ എന്നിവിടങ്ങളെല്ലാം ആഘോഷ പരിപാടികൾക്ക് വേദിയാകും. വ്യാഴാഴ്ച രാജ്യത്ത് അമീരി ദിവാൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത്യ അവധി കഴിഞ്ഞ് ഞായറാഴ്ചയാണ് ഇനി പ്രവൃത്തിദിനം.










0 comments