സ്വകാര്യ മേഖല തൊഴിലാളിയുടെ ശമ്പളം കുറയ്ക്കൽ; സഹേൽ ആപ്പിൽ കാരണം വ്യക്തമാക്കണം

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ മേഖലയിലെ തൊഴിലാളിയുടെ ശമ്പളം കുറച്ചാൽ തൊഴിലാളിക്ക് നേരിട്ട് അറിയിപ്പ് ലഭിക്കുന്ന സംവിധാനം ‘സഹേൽ’ ആപ്പിൽ ആരംഭിച്ച് മാനവശേഷി മന്ത്രാലയം. തൊഴിലാളികളുടെ പ്രതിമാസ ശമ്പളത്തിൽ തൊഴിലുടമ ഏതെങ്കിലും കുറവ് വരുത്തിയാൽ, കുറച്ച തുകയും അതിന് നൽകിയ കാരണവും ആപ് വഴി തൊഴിലാളിയെ നേരിട്ട് അറിയിക്കുന്നതാണ് സംവിധാനം. തൊഴിലാളികളുടെ ശമ്പളം നിശ്ചിത സമയത്ത് ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനും ശമ്പള നിക്ഷേപത്തിൽ ഉണ്ടാകുന്ന താമസങ്ങളും കുറവുകളും കണ്ടെത്തി നിയന്ത്രിക്കാനുമുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ നടപടികളുടെ ഭാഗമായാണ് പുതിയ സേവനം.
സ്വകാര്യ സ്ഥാപനങ്ങൾ ശമ്പള സംരക്ഷണ ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്നത് നിരീക്ഷിക്കാൻ മാനവശേഷി മന്ത്രാലയം ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് സംവിധാനമാണ് ഇതിന് അടിസ്ഥാനമാകുന്നത്. ശമ്പള നിക്ഷേപത്തിൽ ഏതെങ്കിലും കുറവ് കണ്ടെത്തിയാൽ, അതത് വിവരം മന്ത്രാലയത്തിന്റെ ഓട്ടോമേറ്റഡ് സിസ്റ്റത്തിൽ സ്വമേധയ രേഖപ്പെടുത്തും. തുടർന്ന്, കുറവിന് കാരണം വ്യക്തമായി വിശദീകരിക്കുന്നതുവരെ ബന്ധപ്പെട്ട സ്ഥാപനത്തിന്റെ ഫയൽ താൽക്കാലികമായി സസ്‌പെൻഡ് ചെയ്യും. ഇതോടെ കമ്പനി ഫയലുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങളും നടപടിക്രമങ്ങളും താൽക്കാലികമായി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
കുറവ് രേഖപ്പെടുത്തിയതോടൊപ്പം, ബന്ധപ്പെട്ട തൊഴിലാളിക്ക് ‘സഹേൽ’ ആപ് വഴി ശമ്പളത്തിൽ വരുത്തിയ കുറവിന്റെ വിശദാംശങ്ങളും തൊഴിലുടമ നൽകിയ കാരണവും ഉൾപ്പെടുത്തി സന്ദേശം ലഭിക്കും. ഇതുവഴി ശമ്പളത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തൊഴിലാളികൾക്ക് ഉടൻ അറിയാൻ സാധിക്കും. അനാവശ്യ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കുമെന്ന് വിലയിരുത്തുന്നു. ശമ്പള നിക്ഷേപത്തിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മാനവശേഷി മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആവശ്യമായ ശമ്പള നിക്ഷേപ നടപടികൾ പൂർത്തിയാക്കി പ്രശ്നം പരിഹരിക്കുന്നതുവരെ കമ്പനി ഫയൽ നിർത്തിവയ്ക്കുകയോ താൽക്കാലികമായി അടയ്ക്കുകയോ ചെയ്യുന്ന നിയന്ത്രണം തുടരുമെന്നും അറിയിച്ചു.
തൊഴിൽ നടപടികളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനായി, തൊഴിലാളി ജോലിക്ക് ഹാജരാകാത്ത ദിവസങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ, തൊഴിലാളിയെ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്ന മറ്റ് തൊഴിൽ നടപടികൾ തുടങ്ങിയവ സംബന്ധിച്ചും ‘സഹേൽ’ സംവിധാനം വഴിയുള്ള അറിയിപ്പുകൾ തുടർന്നും ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.










0 comments