ad
Deshabhimani

പുനരുദ്ധാരണ പ്രവൃത്തി വേഗത്തിലാക്കാൻ നിർദേശം; നാശനഷ്‌ടം വിലയിരുത്തി പ്രധാനമന്ത്രി

KUWAIT ATTACK PM
വെബ് ഡെസ്ക്

Published on Jun 03, 2026, 07:45 PM | 1 min read

കുവൈത്ത് സിറ്റി : ഡ്രോൺ ആക്രമണത്തെ തുടർന്ന് നാശനഷ്‌ടമുണ്ടായ കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടെർമിനൽ–1 സന്ദർശിച്ച് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്‌ദുള്ള അൽ -അഹമ്മദ് അൽ -സബാഹ്. വ്യോമയാന അതോറിറ്റി ചെയർമാൻ ഷെയ്ഖ് ഹമൂദ് മുബാറക് അൽ -ഹമൂദ് അൽ -സബാഹിന്റെ സാന്നിധ്യത്തിലായിരുന്നു സന്ദർശനം. ആക്രമണത്തിന്റെ സാഹചര്യങ്ങൾ, മരണവും പരിക്കുകളും ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾ, വിമാനത്താവള സൗകര്യങ്ങൾക്ക് സംഭവിച്ച വ്യാപക നാശനഷ്‌ടങ്ങൾ എന്നിവ അദ്ദേഹം വിലയിരുത്തി. ബാധിത മേഖലകളിലെ നാശനഷ്‌ടങ്ങളുടെ പ്രാഥമിക സാങ്കേതിക വിലയിരുത്തലും അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിച്ചു.


സംഭവസ്ഥലത്ത് പ്രവർത്തിക്കുന്ന ജീവനക്കാരുടെയും സാങ്കേതിക സംഘങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലും ശക്തമാക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. ടെർമിനലിന്റെയും മറ്റ് ബാധിത മേഖലകളുടെയും അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളും അടിയന്തരമായി ആരംഭിക്കണം. എത്രയും വേഗം പൂർണ പ്രവർത്തന സജ്ജത കൈവരിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.


ആക്രമണാനന്തര സാഹചര്യങ്ങൾ നിയന്ത്രണവിധേയമാക്കുന്നതിൽ വിമാനത്താവള ജീവനക്കാരും അടിയന്തര പ്രതികരണ വിഭാഗങ്ങളും കാഴ്‌ചവച്ച ജാഗ്രതയും കാര്യക്ഷമതയും പ്രധാനമന്ത്രി പ്രശംസിച്ചു. അതിവേഗ അടിയന്തര നടപടികളും വിവിധ ഏജൻസികളുടെ ഏകോപിത ഇടപെടലുമാണ് വലിയ നാശനഷ്‌ടങ്ങൾക്കിടയിലും സാഹചര്യം നിയന്ത്രണത്തിലാക്കാൻ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു.


സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ വിമാനത്താവള ജീവനക്കാർ, അടിയന്തര പ്രതികരണ സംഘം, മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങൾ എന്നിവരുടെ ആത്മാർഥതയ്ക്കും അദ്ദേഹം നന്ദിയറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home