ഫെബ്രുവരിയില്‍ പ്രീ-സീസണ്‍ ടെസ്റ്റിങ്; ഫോര്‍മുല വണ്‍ ഏപ്രിലില്‍: ഒരുക്കം സജീവം

മനാമ : ഫോര്‍മുല വണ്‍ ബഹ്‌റൈന്‍ ഗ്രാന്‍പ്രി മത്സരങ്ങള്‍ക്കും പ്രീ-സീസണ്‍ ടെസ്റ്റിങ്ങിനുമുള്ള ഒരുക്കം പുരോഗമിക്കുന്നു. സഖീറിലെ ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ (ബിഐസി) ഏപ്രില്‍ 10 മുതല്‍ 12 വരെ നടക്കുന്ന ഫോര്‍മുല വണ്‍ ബഹ്‌റൈന്‍ ഗ്രാന്‍പ്രി പുതിയ സീസണിലെ നാലാം റൗണ്ട് മത്സരമായാണ് ഷെഡ്യൂള്‍ ചെയ്തത്. ഓസ്‌ട്രേലിയ, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ മത്സരങ്ങള്‍ക്കുശേഷമാകും ലോകോത്തര ഡ്രൈവര്‍മാര്‍ ബഹ്‌റൈനിലെത്തുക.
മത്സരങ്ങള്‍ക്ക് മുന്നോടിയായി ഫെബ്രുവരിയില്‍ രണ്ട് ഘട്ടത്തിലായി പ്രീ-സീസണ്‍ ടെസ്റ്റിങ്ങും സര്‍ക്യൂട്ടില്‍ നടക്കും. ഫെബ്രുവരി 11 മുതല്‍ 13 വരെയും തുടര്‍ന്ന് 18 മുതല്‍ 20 വരെയും നടക്കുന്ന ടെസ്റ്റിങ്ങില്‍ പുതിയ സാങ്കേതിക വിദ്യകളും മാറ്റങ്ങളുമായെത്തുന്ന പുതിയ തലമുറ കാറുകള്‍ ആദ്യമായി ട്രാക്കിലിറങ്ങും. ആരാധകര്‍ക്ക് പുത്തന്‍ കാറുകളുടെ പ്രകടനം നേരിട്ട് കാണാനുള്ള അവസരവും ലഭിക്കും. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് പ്രീ-സീസണ്‍ ടെസ്റ്റിങ്ങിനായി സഖീര്‍ വേദിയാകുന്നത്.
‘ടീം ബഹ്‌റൈന്‍' എന്ന പേരില്‍ വിവിധ മന്ത്രാലയങ്ങളുമായും സര്‍ക്കാര്‍ ഏജന്‍സികളുമായും കൈകോര്‍ത്താണ് ബിഐസി വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ ചേര്‍ന്ന ഉന്നതതല ഏകോപന യോഗത്തില്‍ ബിഐസി ചീഫ് എക്‌സിക്യൂട്ടീവ് ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഈസ അല്‍ ഖലീഫ തയ്യാറെടുപ്പുകള്‍ വിലയിരുത്തി. ഇത്തവണത്തെ സീസണില്‍ റെക്കോഡ് സന്ദര്‍ശകരെ പങ്കെടുപ്പിക്കാനാണ് ബിഐസി ശ്രമം. 12,000-ൽ അധികം അന്താരാഷ്ട്ര സന്ദര്‍ശകരെയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. പ്രാദേശിക ആരാധകര്‍ക്ക് പുറമെയാണിത്. കഴിഞ്ഞ വര്‍ഷത്തെ റെക്കോഡ് പങ്കാളിത്തം മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
രാജ്യത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്കും ആരാധകര്‍ക്കും തടസ്സമില്ലാത്ത യാത്രാസൗകര്യങ്ങളും വിമാനത്താവളത്തില്‍ പ്രത്യേക നടപടിക്രമങ്ങളും ഒരുക്കാനായി ബിഐസി കോര്‍പറേറ്റ് സര്‍വീസസ് ഡയറക്ടര്‍ ബെഷാര അബ്ദു ബെഷാരയുടെ നേതൃത്വത്തില്‍ പ്രത്യേക പദ്ധതികള്‍ അവതരിപ്പിച്ചു. ടിക്കറ്റ് വില്‍പ്പനയും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള മോട്ടോര്‍ സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് അവിസ്‌മരണീയമായ കായിക വിരുന്നൊരുക്കാന്‍ സജ്ജമാണെന്ന് ബിഐസി അധികൃതര്‍ വ്യക്തമാക്കി.










0 comments