എഴുത്തുകാരുടെ ചിത്രമെടുത്ത് റെക്കോഡുമായി പ്രവീൺ പാലക്കീൽ

ദുബായ്: ഏറ്റവും കൂടുതൽ എഴുത്തുകാരുടെ ചിത്രങ്ങൾ പകർത്തി ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോഡ് സ്വന്തമാക്കി അഡ്വ. പ്രവീൺ പാലക്കീൽ. എം ടി വാസുദേവൻ നായർ, ടി പത്മനാഭൻ, പെരുമ്പടവം ശ്രീധരൻ, സേതു, സക്കറിയ, കെ ആർ മീര, ബെന്യാമിൻ, ടി ഡി രാമകൃഷ്‌ണൻ മുതൽ പുതുതലമുറ എഴുത്തുകാർ വരെ 500ൽ അധികം പേരുടെ ചിത്രങ്ങൾ പ്രവീൺ പകർത്തിയിട്ടുണ്ട്.
ഇതേ നേട്ടത്തിന് 2023ൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡും ലഭിച്ചിരുന്നു. 2019ലെ ഷാർജ പുസ്‌തകമേളയിൽ ഏറ്റവും കൂടുതൽ എഴുത്തുകാരോടൊപ്പം സ്വന്തം പുസ്‌തകത്തിൽ ഒപ്പുവച്ചതിന് ഗിന്നസ് റെക്കോഡും ലഭിച്ചിട്ടുണ്ട്. യുഎഇയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും സാംസ്‌കാരിക പ്രവർത്തകനുമായ പ്രവീൺ, അക്ഷരക്കൂട്ടം, പ്രവാസി ബുക്ക് ട്രസ്റ്റ്, പാം പുസ്‌തകപ്പുര, മാൽക്ക, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിദ്ധീകരണ സമിതി, പയ്യന്നൂർ സൗഹൃദവേദി തുടങ്ങിയ സാഹിത്യ–സാംസ്‌കാരിക കൂട്ടായ്‌മകളുടെ പ്രവർത്തനങ്ങളിൽ സജീവമാണ്.
2002ൽ ദുബായിലെത്തിയ പ്രവീൺ നിലവിൽ സ്വകാര്യ സ്ഥാപനം നടത്തിവരികയാണ്. പയ്യന്നൂർ നഗരസഭയിലെ പരവന്തട്ടയിൽ മുട്ടിൽ ചന്ദ്രശേഖരന്റെയും പത്മാവതിയുടെയും മകനാണ്. ധന്യ പ്രവീണാണ് ഭാര്യ. മക്കൾ: ധ്യാൻ പ്രവീൺ, ധ്രുവ് പ്രവീൺ. ഡോ. പി പ്രതിഭ, ഡോ. പ്രശോഭ് പാലക്കീൽ എന്നിവർ സഹോദരങ്ങളാണ്.









0 comments