ad
Deshabhimani

ലോക കേരള സഭ: കടുത്ത അവഗണനയെന്ന് പ്രവാസികൾ; സർക്കാർ തീരുമാനത്തിൽ പ്രതിഷേധം ശക്തം

loka kerala sabha
വെബ് ഡെസ്ക്

Published on Sep 24, 2026, 07:39 PM | 7 min read

ലോക കേരള സഭ പിരിച്ചുവിട്ടു എന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രഖ്യാപനത്തിനെതിരെ പ്രവാസലോകത്ത്‌ പ്രതിഷേധം ശക്തം. ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് അവരുടെ ആശങ്കകൾ പങ്കുവയ്‌ക്കാനും പരിഹാരങ്ങൾ കണ്ടെത്താനുമുള്ള വേദി ഇല്ലാതാക്കുന്നത്‌ കടുത്ത അവഗണനയാണ്‌. പ്രവാസി വിരുദ്ധ നടപടി പുനപരിശോധിക്കാൻ കേരളത്തിലെ യുഡിഎഫ്‌ സർക്കാർ തയ്യാറാകണമെന്നും പ്രവാസി സംഘനകൾ ആവശ്യപ്പെട്ടു.

റിയാദ്‌

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ആശങ്കയോടെയാണ് കാണുന്നതെന്ന്‌ കേളി കലാസാംസ്‌കാരിക വേദി രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ് പറഞ്ഞു. മൂന്ന് സഭകളിൽ അംഗമായും നാല്, അഞ്ച് സഭകളിൽ പ്രത്യേക ക്ഷണിതാവായും പങ്കെടുത്തിരുന്നു. ഇത് വെറുമൊരു സമ്മേളനമല്ലെന്ന് അനുഭവത്തിൽനിന്ന് ബോധ്യപ്പെട്ടതാണ്‌. പ്രവാസികൾക്കും കേരളത്തിനുമിടയിൽ ഔദ്യോഗികമായ ജനാധിപത്യ സംവാദവേദി എന്ന നിലയിലായിരുന്നു തുടക്കം. പ്രവാസിയുടെ പ്രശ്നങ്ങൾ കേൾക്കാനുള്ള വേദി എന്നതിൽ ഒതുങ്ങിയില്ല. നോർക്ക കെയർ, നോർക്ക കെയർ പ്ലസ് തുടങ്ങിയ സുരക്ഷാ പദ്ധതികൾ, വിമാനത്താവളങ്ങളിലെയും വിദേശരാജ്യങ്ങളിലെയും ഹെൽപ് ഡെസ്‌കുകൾ, വിദ്യാർഥികൾക്കായുള്ള സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ, തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനായി പ്രവാസി മിഷൻ എന്നിവയെല്ലാം ഇതിന്റെ തുടർച്ചയായി വന്നവയാണ്. മലയാളികൾക്ക് കേരളവുമായി നേരിട്ട് സംവദിക്കാനുള്ള വേദി ഇല്ലാതാക്കുന്നത് പ്രവാസി സമൂഹത്തോടുള്ള അനീതിയാണെന്നും കെ പി എം സാദിഖ് വ്യക്തമാക്കി.


ലോക കേരള സഭയെ കൂടുതൽ കാര്യക്ഷമമാക്കാനുള്ള മാർഗങ്ങളാണ് സർക്കാർ ആലോചിക്കേണ്ടതെന്ന്‌ അഞ്ചാംസഭയിൽ അംഗമായ റിയാദിൽനിന്നുള്ള ഷഫീക് പാനൂർ. സഭയിൽ ഉയർന്നുവന്ന നിരവധി ആശയങ്ങളും നിർദേശങ്ങളും എൽഡിഎഫ്‌ സർക്കാർ ഗൗരവമായി പരിഗണിച്ച് നടപ്പാക്കിയത്‌ നേരിട്ട് കണ്ടിട്ടുണ്ട്. നോർകയുമായി ബന്ധപ്പെട്ട വിവിധ ഇടപെടലുകളും നോർക ഇൻഷുറൻസ് പദ്ധതിയിൽ വരുത്തിയ ഭേദഗതികളും സാധാരണ പ്രവാസികളുടെ നിർദേശങ്ങൾ നയരൂപീകരണത്തിലേക്ക് എത്തിക്കുന്നതിൽ വേദി വഹിച്ച പങ്കിന്റെ ഉദാഹരണങ്ങളാണ്. ഒരു സംവിധാനം നിർത്തലാക്കിയശേഷം പിന്നീട് പുനരാരംഭിക്കുന്നത് എളുപ്പമല്ല. സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്നും ഷഫീക് പറഞ്ഞു.


​ലോക കേരള സഭയെ ഇല്ലാതാക്കുന്നത് പ്രവാസികളുടെ ശബ്‌ദം അവഗണിക്കുന്നതിന് തുല്യമാണെന്ന്‌ ഐഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഗസ്‌നി വട്ടക്കിണർ. ലോകത്തിന്റെ വിവിധ ഭാഗത്ത്‌ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികളുടെ ആശങ്കകളും അഭിപ്രായങ്ങളും കേരളത്തിന്റെ വികസനവുമായി ബന്ധിപ്പിക്കാനുള്ള വേദിയായാണ് സഭ രൂപീകരിച്ചത്. ഇത് രാഷ്‌ട്രീയ പാർടിയുടെ മാത്രം വേദിയല്ല. പ്രവാസി മലയാളികളുടെ പൊതുവായ ശബ്‌ദമാണ്. പോരായ്‌മകളുണ്ടെങ്കിൽ അത് തിരുത്തണം. കൂടുതൽ പങ്കാളിത്തം ഉറപ്പാക്കണം. കൂടുതൽ ജനാധിപത്യപരമായി സഭയെ ശക്തിപ്പെടുത്തണം. പ്രവാസികളുടെ അവകാശത്തിനും പങ്കാളിത്തത്തിനും വേണ്ടി ശബ്‌ദമുയർത്തണമെന്നും ഗസ്‌നി വട്ടക്കിണർ പറഞ്ഞു.


ലോക കേരള സഭ പിരിച്ചുവിട്ടതായി വ്യക്തമാക്കുന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രവാസി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ഐഎംസിസി റിയാദ് ജനറൽ സെക്രട്ടറി നാസർ കുറുമാത്തൂർ. തീരുമാനത്തിനെതിര പ്രവാസി സംഘടനകൾ ഒറ്റക്കെട്ടായി ശബ്‌ദമുയർത്തണം. പ്രവാസി പ്രശ്നങ്ങളെ രാഷട്രീയവൽക്കരിക്കരുതെന്നും മുൻ ലോക കേരള സഭ അംഗംകൂടിയായ അദ്ദേഹം പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. നോർക്ക കെയർ, ആരോഗ്യ ഇൻഷുറൻസ്, സൗജന്യ ആംബുലൻസ് സേവനം, പ്രവാസി നിക്ഷേപം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാനും പ്രവാസി സംഘടന പ്രവർത്തകർക്ക് അർഹമായ അംഗീകാരം നൽകാനും സഭ വഴിയൊരുക്കിയിരുന്നതായും നാസർ കുറുമാത്തൂർ വ്യക്തമാക്കി.


ലോകമെമ്പാടുമുള്ള മലയാളികളെ കേരളത്തിന്റെ വികസന പ്രക്രിയയുമായി ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ പ്രവാസി ജനാധിപത്യ കൂട്ടായ്‌മയാണ്‌ ലോക കേരള സഭയെന്ന്‌ കഴിഞ്ഞ നാലുവർഷമായി റിയാദിൽനിന്ന് സഭാംഗമായി പ്രവർത്തിച്ച ഇബ്രാഹിം സുബ്ഹാൻ. പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കാനായി മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാംഗങ്ങളും പാർലമെന്റ് അംഗങ്ങളും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ രണ്ടുദിവസം ഒരുമിച്ചിരുന്ന് ചർച്ച ചെയ്യുന്നത് കേരളത്തിന്റെ ചരിത്രത്തിൽ പുതിയ അനുഭവമായിരുന്നു. ​പ്രവാസി ക്ഷേമനിധിയിലെ വർധന, പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി നടപ്പാക്കിയ വിവിധ ക്ഷേമ ഇൻഷുറൻസ് പദ്ധതികൾ, നോർക്ക കെയർ ഉൾപ്പെടെയുള്ള പദ്ധതികൾ തുടങ്ങിയവയിൽ പ്രവാസികളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യപ്പെട്ടത് പ്രധാനമാണ്. കോവിഡ് കാലത്ത് ജോലി നഷ്‌ടപ്പെട്ടവരും പ്രതിസന്ധിയിലായവരുമായ പ്രവാസികൾക്ക് സഹായമെത്തിക്കുന്നതിലും നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിലും നോർക്ക സംവിധാനങ്ങൾക്കൊപ്പം ലോക കേരള സഭയും ഇടപെട്ടു. പാഴ്‌ചെലവാണെന്ന വിമർശം ഉയർത്തുന്നവർ കോവിഡ് കാലത്ത് ജോലി നഷ്‌ടപ്പെട്ട് പ്രതിസന്ധിയിലായ പ്രവാസികളോട് ചോദിച്ചാൽ ഈ സംവിധാനത്തിന്റെ പ്രസക്തി വ്യക്തമാകുമെന്നും ഇബ്രാഹിം സുബ്ഹാൻ പറഞ്ഞു.



ജിദ്ദ

ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ ഏക ഔദ്യോഗിക പ്രതിനിധ്യവേദിയായ ലോക കേരള സഭ തുടരേണ്ടതില്ലെന്ന യുഡിഎഫ്‌ സർക്കാരിന്റെ തീരുമാനം അങ്ങേയറ്റം നിരാശാജനകവും പ്രവാസി സമൂഹത്തോടുള്ള അവഗണനയുമാണെന്ന് ജിദ്ദ നവോദയ. കേരളത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തിന് സംസ്ഥാന സർക്കാരുമായി നേരിട്ട് സംവദിക്കാനും നയരൂപീകരണത്തിൽ പങ്കാളികളാകാനും ലഭിച്ച അപൂർവ അവസരമാണ് ഇല്ലാതാകുന്നത്. പ്രവാസികളുടെ പുനരധിവാസം, തൊഴിൽ സുരക്ഷ, ക്ഷേമപദ്ധതികൾ, വിദേശനിക്ഷേപങ്ങൾ എന്നിവ സംബന്ധിച്ച ചർച്ചകൾക്ക് വേദിയില്ലാതാകുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതിനാൽ, ഈ തീരുമാനം പുനപരിശോധിക്കണമെന്നും പ്രവാസികളുടെ ശബ്‌ദത്തിന് അർഹമായ പ്രാധാന്യം നൽകിക്കൊണ്ട് ലോക കേരള സഭ തുടരണമെന്നും ജിദ്ദ നവോദയ ഭാരവാഹികൾ വ്യക്തമാക്കി.



ദുബായ്‌

ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ ഒന്നിച്ചുചേർക്കാൻ പ്രവർത്തിച്ചുപോന്ന ലോക കേരള സഭ നിർത്തലാക്കിയതിൽ പ്രതിഷേധിച്ച്‌ ഓർമ ദുബായ്. പ്രവാസി സമൂഹത്തെ കേവലം വോട്ട് ബാങ്കായോ സാമ്പത്തിക സ്രോതസായോ മാത്രം കാണുന്ന സമീപനമാണിത്. ​ലോകത്തിന്റെ വിവിധ കോണുകളിലുള്ള പ്രവാസികളുടെ വിഷയങ്ങളും ആശങ്കകളും നിർദേശങ്ങളും നേരിട്ട് സംസ്ഥാന സർക്കാരിനുമുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞിരുന്ന ഏക ഔദ്യോഗിക ജനാധിപത്യ വേദിയായിരുന്നു സഭ. പ്രവാസികളുടെ പുനരധിവാസം, നിക്ഷേപ സംരക്ഷണം, കൃത്യമായ ക്ഷേമപദ്ധതികൾ എന്നിവ ചർച്ച ചെയ്യാനും നടപ്പാക്കാനും കൂട്ടായ്‌മ അത്യാവശ്യമായിരിക്കെ മുൻകാല തീരുമാനങ്ങൾ രാഷ്‌ട്രീയ കാരണങ്ങളാൽ റദ്ദാക്കുന്നത് പ്രവാസി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. പ്രവാസികളുടെ ശബ്‌ദം കേൾക്കാൻ താൽപര്യമില്ലെന്ന യുഡിഎഫ്‌ സർക്കാരിന്റെ മനോഭാവമാണ് ഇത്തരം പ്രസ്‌താവനകളിലൂടെ പുറത്തുവരുന്നത്. തീരുമാനം ഉടൻ പുനപരിശോധിക്കണമെന്നും പ്രവാസികളുടെ ന്യായമായ അവകാശങ്ങളും വേദികളും സംരക്ഷിക്കാൻ തയ്യാറാകണമെന്നും ഓർമ ദുബായ് ഭാരവാഹികൾ ആവശ്യപ്പെട്ടു.


കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായ പ്രവാസി സമൂഹത്തെ ജനാധിപത്യ പ്രക്രിയയിലും വികസന നയരൂപീകരണത്തിലും പങ്കാളികളാക്കാൻ രൂപീകരിച്ച ലോക കേരള സഭ നിർത്തലാക്കാനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്ന്‌ യുവകലാസാഹിതി യുഎഇ. പ്രവാസലോകത്ത് അഹോരാത്രം ജനസേവനം നടത്തുന്ന സാധാരണക്കാരായ തൊഴിലാളികളും വിദഗ്‌ധരും ഒരുപോലെ പങ്കെടുത്ത സംവിധാനം ഇല്ലാതാക്കുന്നത് പ്രവാസികളോടുള്ള വഞ്ചനയാണ്. ​നിഴൽയുദ്ധങ്ങളുടെ പേരിൽ ലോക കേരള സഭ ഉപേക്ഷിക്കുന്നത് പ്രവാസികളെ ജനാധിപത്യ പ്രക്രിയയ്‌ക്ക്‌ പുറത്തുനിർത്താനേ ഉപകരിക്കൂ. പ്രവാസികളുടെ പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പുനൽകുന്ന ഇത്തരം ജനാധിപത്യ വേദികൾ ഇല്ലാതാക്കുന്നതിൽനിന്നും യുഡിഎഫ്‌ സർക്കാർ പിന്മാറണമെന്ന് സംഘടന അറിയിച്ചു.


ലോക കേരള സഭ അവസാനിപ്പിക്കുകയല്ല, കൂടുതൽ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന്‌ സഭയിലെ മുൻ അംഗവും പ്രവാസി ക്ഷേമ ബോർഡ് ഡയറക്‌ടർ ബോർഡ്‌ അംഗവുമായ എൻ കെ കുഞ്ഞമ്മദ്. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള മലയാളികളെ ഒരുമിപ്പിക്കുകയും പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ എത്തിക്കുകയും ചെയ്‌ത വേദിയാണിത്‌. ​2018ൽ ആദ്യസഭ ചേരുമ്പോൾ പങ്കെടുത്ത 35 രാജ്യത്തുനിന്നുള്ള പ്രതിനിധികളിൽനിന്ന്‌ ഈ വർഷം ആദ്യംചേർന്ന അഞ്ചാം ലോക കേരള സഭയിൽ 125 രാജ്യത്തുനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ലോക കേരള സഭയോട് പ്രവാസി മലയാളികൾ പുലർത്തിയ ഗൗരവവും പ്രതീക്ഷയും എത്രത്തോളം വർധിച്ചുവെന്നതിന്റെ വ്യക്തമായ തെളിവാണിത്. പ്രവാസി പ്രതിനിധികൾക്കൊപ്പം പാർലമെന്റ് അംഗങ്ങളും നിയമസഭാംഗങ്ങളും ഉൾപ്പെടുന്ന ഈ സഭ കേരളത്തിന്റെ പ്രവാസി സമൂഹത്തിന് ലഭിച്ച പ്രാധാന്യത്തിന്റെയും ജനാധിപത്യപരമായ പങ്കാളിത്തത്തിന്റെയും പ്രധാന വേദിയായി മാറുകയായിരുന്നുവെന്നും എൻ കെ കുഞ്ഞമ്മദ് വ്യക്തമാക്കി.



കുവൈത്ത് സിറ്റി

ലോക കേരള സഭ തുടരില്ലെന്ന യുഡിഎഫ്‌ സർക്കാരിന്റെ തീരുമാനത്തിൽ കല കുവൈത്ത് പ്രതിഷേധം അറിയിച്ചു. പ്രവാസികളുടെ പ്രശ്നങ്ങൾ ഔദ്യോഗികമായി ചർച്ച ചെയ്യാനും അവരുടെ അനുഭവങ്ങളും കഴിവുകളും നാടിന്റെ വികസനത്തിന് പ്രയോജനപ്പെടുത്താനുമായി 2018ൽ എൽഡിഎഫ് സർക്കാർ രൂപീകരിച്ച സഭ ജനപ്രതിനിധികളും പ്രവാസി പ്രതിനിധികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. കേരളത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിൽ നിർണായക പങ്കുവഹിക്കുന്ന പ്രവാസികൾക്ക് സർക്കാരുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള അവസരം നിലനിർത്തണം. ലോക കേരള സഭ പിരിച്ചുവിടാനുള്ള നീക്കം പുനപരിശോധിച്ച്, സാധാരണ പ്രവാസികൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകി സഭയെ ശക്തിപ്പെടുത്തണമെന്നും കല കുവൈത്ത് ആവശ്യപ്പെട്ടു.


ലോക കേരള സഭ തുടരില്ലെന്ന പ്രഖ്യാപനം പ്രവാസി മലയാളികൾക്ക് നിരാശയുണ്ടാക്കുന്നതാണെന്ന്‌ മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ. കേരളത്തിന്റെ വികസനത്തെക്കുറിച്ചും പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും സർക്കാരിന് നേരിട്ട് കേൾക്കാൻ സഭ അവസരമൊരുക്കി. കഴിഞ്ഞ സഭകളിലെ ശുപാർശകളിൽനിന്നാണ് ‘ലോക കേരളം ഓൺലൈൻ’ സംരംഭവും കേരള മൈഗ്രേഷൻ സർവേയും യാഥാർഥ്യമായത്. ​പ്രവാസി ഇൻഷുറൻസ്, ക്ഷേമനിധി, അടിയന്തര സഹായം, പുനരധിവാസം തുടങ്ങിയ സേവനങ്ങൾ മെച്ചപ്പെടുത്താൻ പ്രവാസികളുടെ അഭിപ്രായം സർക്കാർ കേൾക്കണം. സാധാരണ പ്രവാസി തൊഴിലാളികൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകി ലോക കേരള സഭയെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. പ്രവാസികളുടെ കൂട്ടായ ശബ്‌ദത്തിനുള്ള ഈ വേദി ഇല്ലാതാക്കാനുള്ള തീരുമാനം മുഖ്യമന്ത്രി പുനപരിശോധിക്കണമെന്നും ചാപ്റ്റർ സെക്രട്ടറി ജെ സജി അറിയിച്ചു.


രാഷ്‌ട്രീയ നേതാക്കൾക്ക് നിവേദനം നൽകുന്നതിൽ ഒതുങ്ങിയിരുന്നതിൽനിന്ന്‌ പ്രവാസികളുടെ ആവശ്യങ്ങൾ മന്ത്രിമാരുടെയും വകുപ്പ് സെക്രട്ടറിമാരുടെയും സാന്നിധ്യത്തിൽ വിശദമായി ഉന്നയിക്കാൻ ലോക കേരള സഭയിലൂടെ സാധിച്ചിരുന്നതായി ജിസിസി ഐഎംസിസി രക്ഷാധികാരി സത്താർ കുന്നിൽ. നോർക്ക കെയർ, ആരോഗ്യ ഇൻഷുറൻസ്, സൗജന്യ ആംബുലൻസ് സേവനം, പ്രവാസി നിക്ഷേപം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാനും പ്രവാസി സംഘടന പ്രവർത്തകർക്ക് അംഗീകാരം ലഭിക്കാനും സഭ വഴിയൊരുക്കി. ഈ വേദി തുടരില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രവാസി സമൂഹത്തോടുള്ള അവഗണനയാണ്. തീരുമാനത്തിനെതിരെ യുഡിഎഫിന്റെ പ്രവാസി സംഘടനകൾ ഉൾപ്പെടെ എല്ലാവരും ഒറ്റക്കെട്ടായി ശബ്‌ദമുയർത്തണമെന്നും സത്താർ കുന്നിൽ പറഞ്ഞു.


പ്രവാസി മലയാളികളുടെ പ്രശ്നങ്ങളും അഭിപ്രായങ്ങളും കേരളത്തിന്റെ വികസന ചർച്ചകളിലെത്തിക്കാൻ എൽഡിഎഫ് സർക്കാർ രൂപീകരിച്ച ലോക കേരള സഭ പിരിച്ചുവിടുമെന്ന പ്രഖ്യാപനം പ്രതിഷേധാർഹമാണെന്ന് വനിതാവേദി കുവൈത്ത് പ്രസ്‌താവനയിൽ പറഞ്ഞു. ​വിവിധ രാജ്യങ്ങളിലുള്ള മലയാളികൾക്ക് ആശയങ്ങൾ പങ്കുവയ്‌ക്കാനും പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും സഭ അവസരമൊരുക്കി. പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഈ വേദി നിലനിർത്തണമെന്നും പിരിച്ചുവിടാനുള്ള തീരുമാനം സർക്കാർ പിൻവലിക്കണമെന്നും വനിതാവേദി കുവൈത്ത് ആവശ്യപ്പെട്ടു.​


ലോക കേരള സഭ പിരിച്ചുവിടാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച്‌ കേരള അസോസിയേഷൻ കുവൈത്ത്. കേരളത്തിന്റെ വികസനത്തിലും നയരൂപീകരണത്തിലും പ്രവാസികൾക്ക് പങ്കാളികളാൻ അവസരം നൽകിയ വേദിയാണിത്‌. ആദ്യ സഭയിൽ 35 രാജ്യങ്ങളിൽനിന്നുണ്ടായിരുന്ന പ്രാതിനിധ്യം അ ഞ്ചാം സഭയായപ്പോഴേക്കും 125ൽ അധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു. പ്രവാസി ക്ഷേമം, ഇൻഷുറൻസ്, പുനരധിവാസം, സുരക്ഷിത കുടിയേറ്റം തുടങ്ങിയ വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ സഭ സഹായിച്ചതായും അസോസിയേഷൻ ചൂണ്ടിക്കാട്ടി.വിദ്യാർഥി കുടിയേറ്റം, വിദേശത്തെ തൊഴിൽ സുരക്ഷ, പ്രവാസി നിക്ഷേപം തുടങ്ങിയ വിഷയങ്ങളിൽ സർക്കാരും പ്രവാസികളും തമ്മിലുള്ള സംവാദം തുടരേണ്ടതുണ്ട്. സഭയുടെ പ്രവർത്തനത്തിൽ പോരായ്‌മ ഉണ്ടായിട്ടുണ്ടെങ്കിൽ അവ പരിഹരിക്കണം. ലോക കേരള സഭയെ കൂടുതൽ കാര്യക്ഷമമാക്കി നിലനിർത്തണമെന്നും കേരള അസോസിയേഷൻ കുവൈത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.


പ്രവാസികളുടെ പ്രശ്നങ്ങൾ സർക്കാരുമായി നേരിട്ട് ചർച്ച ചെയ്യാനുള്ള വേദിയാണ്‌ ഇല്ലാതാക്കുന്നതെന്ന്‌ സാമൂഹ്യപ്രവർത്തകൻ ടി വി ഹിക്മത്. തൊഴിൽ പ്രതിസന്ധി, ചികിത്സാച്ചെലവ്, നാട്ടിലേക്കുള്ള മടക്കം തുടങ്ങി പ്രവാസികളുടെ ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങൾ വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾക്ക് ഒരേ വേദിയിൽ ഉന്നയിക്കാൻ കഴിഞ്ഞിരുന്നു. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്കും വീട്ടുജോലിക്കാർക്കും കൂടുതൽ പ്രാതിനിധ്യം നൽകി സഭയെ ശക്തിപ്പെടുത്തുകയാണ്‌ വേണ്ടത്‌. സംവിധാനം അവസാനിപ്പിക്കാനുള്ള തീരുമാനം പ്രവാസികളിൽ ആശങ്കയുണ്ടാക്കുന്നു. തീരുമാനം മുഖ്യമന്ത്രി പുനപരിശോധിക്കണമെന്നും ഹിക്മത് പറഞ്ഞു.


യുഡിഎഫ്‌ സർക്കാർ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നതായി കുവൈത്തിൽനിന്നുള്ള മുൻ ലോക കേരള സഭാംഗം മണിക്കുട്ടൻ എടക്കാട്ട്. പ്രവാസി ക്ഷേമത്തിനായുള്ള പല പദ്ധതികൾക്കും സഹായ സംവിധാനങ്ങൾക്കും സഭയിലെ ചർച്ചകൾ വഴിയൊരുക്കിയിട്ടുണ്ട്. വീട്ടുജോലിക്കാരും തൊഴിലാളികളും ഉൾപ്പെടെ വിവിധ മേഖലകളിൽനിന്നുള്ള പ്രവാസികൾ പങ്കെടുത്ത സഭയെ ‘പ്രാഞ്ചികളുടെ സഭ’ എന്നുവിളിച്ച് അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ല. പോരായ്‌മകളുണ്ടെങ്കിൽ അവ പരിഹരിച്ച് സാധാരണ പ്രവാസികൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുകയാണ് വേണ്ടത്. ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന വേദി സർക്കാർ മാറിയതിന്റെ പേരിൽ ഇല്ലാതാക്കുന്നത് രാഷ്‌ട്രീയ പ്രതികാരമാണ്. തീരുമാനം പിൻവലിച്ച് ലോക കേരള സഭ പുനസ്ഥാപിക്കണമെന്ന്‌ മണിക്കുട്ടൻ പറഞ്ഞു.


മനാമ

പ്രവാസികളുടെ പ്രശ്നങ്ങൾ ഔദ്യോഗികമായി ഭരണാധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള സുപ്രധാന സംവിധാനമാണ് ഇല്ലാതാകുന്നതെന്ന്‌ ബഹ്‌റൈൻ പ്രതിഭ. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള മലയാളി പ്രവാസികളുടെ സാംസ്‌കാരിക, സാമൂഹിക, സാമ്പത്തികശേഷിയെ നാടിന്റെ വികസനവുമായി കൂട്ടിയോജിപ്പിക്കുന്നതിൽ സഭ മികച്ച പങ്കുവഹിച്ചിട്ടുണ്ട്. നിയമസഭാംഗങ്ങളും ലോകമെമ്പാടുമുള്ള പ്രവാസി പ്രതിനിധികളും ഉൾപ്പെടുന്ന ജനാധിപത്യ വേദിയെ ഇത്തരത്തിൽ ഉപേക്ഷിക്കുന്നത് പ്രവാസികളോടുള്ള കടുത്ത അവഗണനയാണ്‌. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളുടെ ക്ഷേമത്തിനും സർക്കാരുമായുള്ള നിരന്തര ആശയവിനിമയത്തിനും ശക്തമായ ഔദ്യോഗിക സംവിധാനം അനിവാര്യമാണ്. പ്രവാസി പ്രാതിനിധ്യം ഇല്ലാതാക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കും. ലോക കേരള സഭ പിരിച്ചുവിടാനുള്ള തീരുമാനം പുനപരിശോധിക്കണം. പ്രവാസി സമൂഹത്തിന്റെ വികസന പങ്കാളിത്തവും ക്ഷേമവും ഉറപ്പാക്കിക്കൊണ്ട് കൂടുതൽ കരുത്തോടെ സംവിധാനം മുന്നോട്ടുകൊണ്ടുപോകണമെന്നും പ്രതിഭ ജനറൽ സെക്രട്ടറി വി കെ സുലേഷും പ്രസിഡന്റ് കെ വി മഹേഷും വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.​


ദമ്മാം

ലോക കേരള സഭ, സമ്മേളനത്തിനപ്പുറം വിവിധ രാജ്യങ്ങളിൽ ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്ന മലയാളികളെ കേരളവുമായി ബന്ധിപ്പിക്കുന്ന ആഗോള ജനാധിപത്യ വേദിയാണെന്ന്‌ നവോദയ ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര. സാധാരണ തൊഴിലാളികൾ, വീട്ടുജോലിക്കാർ, ഡ്രൈവർമാർ, പ്രൊഫഷണലുകൾ, സംരംഭകർ, സാമൂഹ്യ– സാംസ്‌കാരിക പ്രവർത്തകർ തുടങ്ങി പ്രവാസി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ ഒരേവേദിയിൽ ബന്ധിപ്പിക്കാനുള്ള ശ്രമമാണത്. കോവിഡ് കാലത്തും യുദ്ധംപോലുള്ള പ്രതിസന്ധികളിലും വിവിധ രാജ്യങ്ങളിലെ പ്രവാസി സംഘടനകളുടെയും സാമൂഹ്യപ്രവർത്തകരുടെയും ശൃംഖലയുടെ പ്രാധാന്യം നാം അനുഭവിച്ചറിഞ്ഞതാണ്. ലോകമെമ്പാടുമുള്ള മലയാളികളെ ബന്ധിപ്പിക്കുന്ന ഈ വേദിയെ ദുർബലപ്പെടുത്തരുത്‌; കാലത്തിനനുസരിച്ച് കൂടുതൽ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. പ്രവാസികളുടെ ജനാധിപത്യ വേദി സംരക്ഷിക്കാനും ക്ഷേമവും അവകാശങ്ങളും ഉറപ്പാക്കാനും യുഡിഎഫ്‌ സർക്കാർ തയ്യാറാകണമെന്ന്‌ രഞ്ജിത്ത് വടകര പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home