ഷാർജ അന്താരാഷ്‌ട്ര പുസ്‌തകമേള
ജീവിതത്തിലെ പ്രണയവും കഥയിലെ പ്രണയവും താരതമ്യം ചെയ്യാനാകില്ല: പ്രജക്ത കോലി

കെ എൽ ഗോപി
Published on Nov 12, 2025, 03:00 PM | 1 min read
ഷാർജ: സൗഹൃദം തകരുന്നത് ഹൃദയഭേദകമാണെന്നും ജീവിതത്തിലെ പ്രണയവും കഥയിലെ പ്രണയവും താരതമ്യം ചെയ്യാനാകില്ലെന്നും നടിയും കണ്ടന്റ് ക്രിയേറ്ററുമായ പ്രജക്ത കോലി. കഥയിലെ കാമുകന്മാരെ ജീവിതത്തിലെ കാമുകന്മാരെ അളക്കാനുള്ള മാനദണ്ഡമാക്കരുതെന്നും അവർ വ്യക്തമാക്കി. ഷാർജ അന്താരാഷ്‌ട്ര പുസ്‌തകമേളയിൽ തന്റെ ആദ്യ നോവൽ ‘റ്റൂ ഗുഡ് ടു ബി ട്രു'വിനെ ആസ്‌പദമാക്കി നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ.
തന്റെ നോവൽ പ്രണയത്തെക്കുറിച്ചാണെങ്കിലും സൗഹൃദത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്ന കഥ കൂടി അതിലുണ്ട്. പ്രണയബന്ധം തകരുന്നതിനേക്കാൾ ഹൃദയവേദന സൗഹൃദം ഇല്ലാതാകുമ്പോഴാണെന്നും പ്രജക്ത പറഞ്ഞു. മഞ്ജുഷ രാധാകൃഷ്‌ണൻ മോഡറേറ്ററായി.
എഐയ്ക്ക് സർഗാത്മക ജീവിതത്തിൽ സ്ഥാനമില്ല: പോൾ ലിഞ്ച്
ഷാർജ: നിർമിത ബുദ്ധി പോലുള്ള സാങ്കേതിക സംവിധാനത്തിന് സർഗാത്മക ജീവിതത്തിൽ സ്ഥാനമില്ലെന്നും എഴുത്ത് പൂർണമായും വൈയക്തികവും വൈകാരികമായ അനുഭവമാണെന്നും ബുക്കർ സമ്മാന ജേതാവ് പോൾ ലിഞ്ച്. എഐയുടെ കടന്നുവരവ് സമൂഹത്തിന്റെ വ്യത്യസ്‌ത തലങ്ങളിൽ അസ്വസ്ഥതകൾക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ‘ഫിക്ഷൻ, ഫ്രീഡം, ഫിയർ' എന്ന വിഷയത്തിൽ ഷാർജ അന്താരാഷ്‌ട്ര പുസ്‌തകമേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിനോദത്തേക്കാൾ മറ്റുള്ളവരുടെ ദുരിതം മനസ്സിലാക്കുന്നതാണ് ഫിക്ഷൻ. രാഷ്ട്രീയ അസ്ഥിരതയുള്ള നാടുകളിലുള്ളവർക്ക് തന്റെ നോവലുമായി എളുപ്പത്തിൽ താദാത്മ്യം പ്രാപിക്കാൻ സാധിക്കും. സന്ദേശം നൽകുന്നതും പ്രബോധനം നടത്തുന്നതുമല്ല, അറിയാത്തതിനെ കണ്ടെത്തുക അസ്വസ്ഥപ്പെടുത്തുന്നതിനെ കണ്ടറിയുക എന്നതായിരിക്കണം നല്ല കലയെന്നും പോൾ ലിഞ്ച് പറഞ്ഞു. സിനിമ കാണുന്നതും നിരൂപണം ചെയ്യുന്നതും ഇഷ്ടമാണ്. ഏതെങ്കിലും ഒരു പക്ഷത്തുനിന്ന് എഴുതാനുള്ള ശ്രമമല്ല മറിച്ച് ജീവിതം എങ്ങനെയാണ് അനിശ്ചിതത്വങ്ങളിലേക്ക് വഴിമാറുന്നതെന്ന് കണ്ടെത്താനാണ് ശ്രമിച്ചിട്ടുള്ളത്.
വായനക്കാരോട് സത്യസന്ധത പാലിക്കണമെങ്കിൽ ഇരുണ്ട വസ്തുതകളെക്കുറിച്ച് എഴുതുമ്പോൾ അതിലേക്ക് ആഴ്‌ന്നിറങ്ങണം. അപ്പോൾ വായനക്കാരൻ കൂടെ വരും. എന്നാൽ, പലപ്പോഴും അത്തരം മാനസിക ഭാവങ്ങളുടെ തടവറയിൽ ഏറെക്കാലം കഴിയേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അനാമിക ചാറ്റർജി മോഡറേറ്ററായി.
എഴുത്ത് പൂർണമായും വൈകാരികമായ അനുഭവമാണെന്നും ബുക്കർ സമ്മാന ജേതാവ്










0 comments