റംസാൻ മാസത്തിലെ തീർഥാടനം: ഇരുഹറമിലും ഒരുക്കം പൂർത്തിയായി

ജിദ്ദ: റംസാൻ മാസത്തിൽ മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും എത്തുന്ന തീർഥാടകർക്കായി സമഗ്ര പ്രവർത്തന പദ്ധതി പ്രഖ്യാപിച്ച് സൗദി അറേബ്യ. തിരക്ക് നിയന്ത്രിക്കാനും തീർഥാടകരുടെ ആത്മീയ അനുഭവം മെച്ചപ്പെടുത്താനുമായി നൂതന സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയുള്ള വിപുലമായ പദ്ധതികളാണ് മന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്. ഇരുഹറമുകളിലെയും സൗകര്യങ്ങളുടെ കാര്യക്ഷമമായ പരിപാലനം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, തിരക്കേറിയ സമയങ്ങളിൽ തടസ്സമില്ലാത്ത സേവനം ഉറപ്പാക്കൽ, തീർഥാടകരുടെ യാത്ര സുഗമമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
തിരക്ക് നിയന്ത്രിക്കാനും തീർഥാടകർക്ക് വഴികാട്ടാനുമായി ഈ വർഷം പുതിയ സ്മാർട്ട് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഹറമിനുള്ളിൽ എളുപ്പത്തിൽ സഞ്ചരിക്കാൻ സഹായിക്കുന്ന ത്രിമാന മാപ്പുകൾ, ഡിജിറ്റൽ സെൻസറുകൾ ഉപയോഗിച്ച് തത്സമയം തിരക്ക് കണക്കാക്കുന്ന സംവിധാനം, അഞ്ച് ഭാഷകളിൽ നിർദേശങ്ങൾ നൽകുന്ന ഗൈഡൻസ് സ്ക്രീനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പരാതികളും നിർദേശങ്ങളും വേഗത്തിൽ അറിയിക്കാൻ ‘റാസദ്' സംവിധാനവും തത്സമയ പരിഭാഷാ ഉപകരണങ്ങൾ സഹിതമുള്ള ഗൈഡിങ് ടീമുകളും സജ്ജമാണ്.
മുതിർന്ന പൗരന്മാർക്കായി പ്രധാന സ്റ്റേഷനുകളിൽനിന്ന് പ്രത്യേക ഗതാഗത സൗകര്യം, കുട്ടികൾക്കായി ഹോസ്‌പിറ്റാലിറ്റി സെന്ററുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഇഫ്താർ വിതരണം ‘ഇഹ്‌സാൻ' പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചു. സംസം വെള്ളം, ശുചീകരണം, ലഗേജ് സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ എന്നിവയും വർധിപ്പിച്ചു. മസ്ജിദിൽ ഇഅ്തികാഫിനായി എത്തുന്നവർക്ക് കൂടുതൽ ചിട്ടയായ സൗകര്യങ്ങൾ ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.
വൈദ്യുതി, എസി, ലൈറ്റിങ്, ഓഡിയോ സിസ്റ്റം എന്നിവയുടെ കാര്യക്ഷമത ഉറപ്പാക്കാൻ പരിശോധനകൾ പൂർത്തിയാക്കി. ലിഫ്റ്റുകളും യന്ത്രഗോവണികളും പൂർണസജ്ജമാണ്. തീർഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന വർധന കണക്കിലെടുത്ത് പരമാവധിശേഷിയിൽ സേവനങ്ങൾ നൽകാൻ സൗദി പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.










0 comments