Deshabhimani

1300ൽ അധികം ദൗത്യം വിജയകരം; റോബോട്ടിക് ശസ്ത്രക്രിയയിൽ കുവൈത്തി കുതിപ്പ്

robotic surgery
വെബ് ഡെസ്ക്

Published on Sep 24, 2026, 10:19 PM | 2 min read

കുവൈത്ത് സിറ്റി : റോബോട്ടിക്, വിദൂര ശസ്ത്രക്രിയാരംഗത്ത് സുപ്രധാന മുന്നേറ്റവുമായി കുവൈത്തിന്റെ പൊതുജനാരോഗ്യ മേഖല. രാജ്യത്തെ മൂന്ന് സർക്കാർ ആശുപത്രികളിലായി 1300ലേറെ റോബോട്ടിക് ശസ്ത്രക്രിയയും വിവിധ രാജ്യങ്ങളുമായി ബന്ധിപ്പിച്ച് 15 വിദൂര ശസ്ത്രക്രിയയും പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദഗ്ധരായ ദേശീയ മെഡിക്കൽ സംഘങ്ങൾ, ആധുനിക ഉപകരണങ്ങൾ, സുരക്ഷിത ചികിത്സാരീതികൾ എന്നിവ സംയോജിപ്പിച്ചാണ് സേവനങ്ങൾ വികസിപ്പിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഷെയ്ഖ് ഡോ. സൽമാൻ ഖലീഫ അൽ സബാഹ് പറഞ്ഞു.


ഷെയ്ഖ് ജാബർ അൽ അഹമ്മദ്, ഫർവാനിയ, ന്യൂ ജഹ്‌റ, ചെസ്റ്റ് ഡിസീസസ് ആശുപത്രികളിലും ഷെയ്ഖ് സബാഹ് അൽ അഹമ്മദ് യൂറോളജി സെന്ററിലുമാണ് റോബോട്ടിക് ശസ്ത്രക്രിയ സൗകര്യം നിലവിലുള്ളത്. ശരീരത്തിനുള്ളിലെ അവയവങ്ങളെ ഉയർന്ന വ്യക്തതയുള്ള ത്രിമാന ദൃശ്യങ്ങളിലൂടെ നിരീക്ഷിക്കാനും അതീവ കൃത്യതയോടെ ശസ്ത്രക്രിയ നടത്താനും ഈ സംവിധാനം ഡോക്ടർമാരെ സഹായിക്കുന്നു.

​2019ൽ പദ്ധതി ആരംഭിച്ച ഷെയ്ഖ് ജാബർ അൽ അഹമ്മദ് ആശുപത്രിയിൽ 2026 സെപ്തംബർ നാലുവരെ 1145 ശസ്ത്രക്രിയ പൂർത്തിയാക്കി. യൂറോളജി, അമിതവണ്ണ ചികിത്സ, ഉദര–കുടൽ ശസ്ത്രക്രിയ, ഹെർണിയ, കരൾ, ഗൈനക്കോളജി, പ്രസവചികിത്സ, ഇഎൻടി തുടങ്ങിയ വിഭാഗങ്ങളിലാണ് റോബോട്ടിക് സംവിധാനം ഉപയോഗിച്ചത്. 2024 ജനുവരിയിൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുതുടങ്ങിയ ഓർത്തോപീഡിക് വിഭാഗം മാത്രം 115ലേറെ ശസ-്‌ത്രക്രിയ നടത്തി.


​2025 ഏപ്രിലിൽ സേവനം ആരംഭിച്ച ന്യൂ ജഹ്‌റ ആശുപത്രി 155 ശസ്ത്രക്രിയ പൂർത്തിയാക്കി. ആദ്യ ആറുമാസത്തിനുള്ളിൽതന്നെ നൂറ് ശസ്ത്രക്രിയ നടത്താനായി. ചെസ്റ്റ് ഡിസീസസ് ആശുപത്രിയിൽ 30 ശ്വാസകോശ ശസ-്‌ത്രക്രിയയും 25 ഹൃദയ ശസ്ത്രക്രിയയും റോബോട്ടിക് സംവിധാനത്തിലൂടെ നടത്തി. ​ഷെയ്ഖ് സബാഹ് അൽ അഹമ്മദ് യൂറോളജി സെന്ററിൽ പൂർത്തിയാക്കിയ 15 വിദൂര ശസ-്‌ത്രക്രിയയിൽ 12 എണ്ണം വിദേശത്തുനിന്നും മൂന്നെണ്ണം കുവൈത്തിനകത്തുനിന്നുമാണ് നിയന്ത്രിച്ചത്. ഷാങ്ഹായിൽനിന്ന് എട്ടും സ്ട്രാസ്ബർഗിൽനിന്ന് രണ്ടും മസ്‌കത്ത്, പാദുവ എന്നിവിടങ്ങളിൽനിന്ന് ഓരോന്നും നടത്തി.


ബ്രസീലിലെ ക്രൂസ് വെർമെല ആശുപത്രിയുമായി സഹകരിച്ച് 12034.92 കിലോമീറ്റർ അകലെയുള്ള രോഗിയിൽ കുവൈത്തി മെഡിക്കൽ സംഘം നടത്തിയ ശസ്ത്രക്രിയ 2025 സെപ്തംബറിൽ ഗിന്നസ് റെക്കോഡിലും ഇടംനേടി. ​ഉപകരണത്തകരാറോ ഇന്റർനെറ്റ് ബന്ധം നഷ-്‌ടപ്പെടുന്നതോ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വ്യക്തമായ സുരക്ഷാപദ്ധതിയും രോഗിക്കരികിൽ പരിശീലനം നേടിയ മെഡിക്കൽസംഘവും അനിവാര്യമാണെന്ന് അൽ സബാഹ് പറഞ്ഞു. വിശ്വസനീയമായ ഡിജിറ്റൽ അടിസ്ഥാനസൗകര്യം, വിവരസുരക്ഷ, വിദഗ്ധ പരിശീലനം, ഉപകരണങ്ങളുടെ തുടർപരിപാലനം എന്നിവ ഉറപ്പാക്കിയാകും പദ്ധതി കൂടുതൽ വിപുലീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home