ad
Deshabhimani

വിപണിയില്‍ ആധിപത്യം നിലനിര്‍ത്താന്‍ ഒപെക് പ്ലസ്; എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കും

OPEC
avatar
അനസ് യാസിന്‍

Published on May 04, 2026, 03:09 PM | 2 min read

മനാമ : എണ്ണ വിപണിയിലെ ആധിപത്യം നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് ഉല്‍പ്പാദനം വര്‍ധിപ്പിക്കാൻ ഒപെക് പ്ലസ്. ജൂണ്‍ മാസം ദിവസം 1,88,000 ബാരല്‍ അധികമായി ഉല്‍പ്പാദിപ്പിക്കാനാണ്‌ തീരുമാനം. യുഎഇയുടെ പിന്മാറ്റത്തിനുപിന്നാലെ, നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് സൗദി അറേബ്യയുടെയും റഷ്യയുടെയും നേതൃത്വത്തിലുള്ള സഖ്യം സുപ്രധാന തീരുമാനം എടുത്തത്‌. ആഗോള വിപണിയില്‍ എണ്ണവിലയും വിതരണവും സുസ്ഥിരമായി നിലനിര്‍ത്താനുള്ള കൂട്ടായ പ്രതിബദ്ധതയുടെ ഭാഗമായാണ് നീക്കമെന്ന് സഖ്യം വ്യക്തമാക്കി.


മെയ് ഒന്നിന് ഒപെക്, ഒപെക്‌ പ്ലസ്‌ സഖ്യത്തില്‍നിന്ന് യുഎഇ ഔദ്യോഗികമായി പടിയിറങ്ങിയശേഷം നടന്ന ആദ്യ സുപ്രധാന യോഗമായിരുന്നു ഞായറാഴ്ച. എന്നാല്‍, യോഗത്തിലുടനീളം യുഎഇയുടെ പേര് പരാമര്‍ശിക്കാതിരിക്കാന്‍ അംഗരാജ്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു. ഒപെക് കയറ്റുമതിയുടെ 15 ശതമാനത്തോളം കൈകാര്യം ചെയ്തിരുന്ന യുഎഇയുടെ പിന്മാറ്റം സംഘടനയ്ക്ക് വലിയ തിരിച്ചടിയാണെങ്കിലും ഉല്‍പ്പാദന വര്‍ധനയിലൂടെ വിപണിയില്‍ സജീവമാകാനാണ് സൗദിയും റഷ്യയും ശ്രമിക്കുന്നത്.


അന്താരാഷ്ട്ര എണ്ണ വിപണിയില്‍ ഒപെക് സഖ്യത്തിന്റെ സ്വാധീനം ഇപ്പോഴും ശക്തമാണ്. 2026ലെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 11 അംഗരാജ്യങ്ങളുള്ള ഒപെക് സഖ്യം ആഗോള എണ്ണ ഉല്‍പ്പാദനത്തിന്റെ ഏകദേശം 35 മുതല്‍ 38 ശതമാനംവരെ കൈകാര്യം ചെയ്യുന്നു. ലോകത്തിലെ തെളിയിക്കപ്പെട്ട എണ്ണ ശേഖരത്തിന്റെ 80 ശതമാനത്തോളവും ഈ രാജ്യങ്ങളിലാണ്.


റഷ്യയുള്‍പ്പെടെയുള്ള ഇതര എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ കൂടി ചേരുന്ന ഒപെക് പ്ലസ് സഖ്യത്തിന്റെ വിപണി വിഹിതം ഏകദേശം 45 മുതല്‍ 50 ശതമാനം വരെയാണ്. 2025ല്‍ ഇത് 50 ശതമാനത്തിന് മുകളിലായിരുന്നു. സമീപകാലത്തെ യുദ്ധസാഹചര്യങ്ങളും കയറ്റുമതിയിലെ കുറവും കാരണം വിഹിതത്തില്‍ നേരിയ വ്യത്യാസം വന്നിട്ടുണ്ട്. പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷങ്ങള്‍ എണ്ണ വിതരണത്തെ സാരമായി ബാധിക്കുന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കുവഴിയുള്ള ഗതാഗതതടസ്സം കാരണം ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള എണ്ണ കയറ്റുമതി കുറഞ്ഞു. ഏപ്രിലില്‍ കുവൈത്തില്‍നിന്നുള്ള കയറ്റുമതി പൂര്‍ണമായും നിലച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 1991ന് ശേഷം ആദ്യമായാണ് കുവൈത്ത് ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്.


ഒപെക് പ്ലസ് സഖ്യം കരുത്തുറ്റ തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നത് ഏഷ്യന്‍ രാജ്യങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. എണ്ണ വിതരണത്തിലെ സ്ഥിരത അവരുടെ സാമ്പത്തിക സുസ്ഥിരതയ്ക്ക് അത്യന്താപേക്ഷിതമാണ്. എണ്ണവിലയില്‍ കൃത്യമായ നിയന്ത്രണമില്ലാതായാല്‍ അത് ഇന്ത്യയുള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളെയാകും ദോഷകരമായി ബാധിക്കുക. ഇറക്കുമതി ചെലവ് കുത്തനെ ഉയരുന്നതും വിപണിയിലെ അസ്ഥിരതയും ഏഷ്യന്‍ സമ്പദ്‌വ്യവസ്ഥയുടെ താളം തെറ്റിക്കും. പാശ്ചാത്യ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാതെ ഉല്‍പ്പാദനത്തില്‍ കൃത്യമായ നിയന്ത്രണം നിലനിര്‍ത്താനും വിപണിയെ ഏകോപിപ്പിക്കാനും ഒപെക് പ്ലസ് കാണിക്കുന്ന ജാഗ്രത വികസ്വര രാജ്യങ്ങളുടെ നിലനില്‍പ്പിന് സുരക്ഷാകവചമാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home