മുന്തിരിവള്ളികൾ അണിയാൻ ഷർഖിയ ഒരുങ്ങുന്നു

മസ്‌കത്ത് : വാർഷിക മുന്തിരി ഉത്സവത്തിന് തയ്യാറെടുത്ത് ഒമാനിലെ വടക്കൻ ഷർഖിയ ഗവർണറേറ്റ്. അൽ മുദൈബി വിലായത്തിലെ സമദ് അൽ ഷാൻ നിയാബത്തിൽ 16-നും 17നും ഉത്സവം നടക്കും. കർഷകരും സന്ദർശകരുമടക്കം മുന്തിരി കൃഷിയിൽ താൽപ്പര്യമുള്ള 10,000ൽ അധികം പേരെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി. പ്രാദേശികവും ഇറക്കുമതി ചെയ്‌തതുമായ 50ൽ അധികം ഇനം മുന്തിരികൾ മേളയിൽ പ്രദർശിപ്പിക്കും.
ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മുന്തിരി വിളവെടുപ്പ് സീസൺ കാർഷിക സമ്പദ്‌ഘടനയ്ക്ക് സംഭാവന നൽകുന്നുവെന്ന് വടക്കൻ ഷർഖിയ ഗവർണറേറ്റിലെ കാർഷിക വികസന ഡയറക്ടർ ഡോ. ഖൈസ് സൈഫ് അൽ മാവാലി പറഞ്ഞു. ഇത് ഭക്ഷ്യസുരക്ഷയും സുസ്ഥിര കാർഷിക മേഖല വിതരണ ശൃംഖലയുടെ വൈവിധ്യവും വർധിപ്പിക്കുന്നു. ഇബ്ര വിലായത്തിലെ മുന്തിരി ഫാം പദ്ധതികൾ ഒമാനിലെ മൊത്തം മുന്തിരി കൃഷിഭൂമിയുടെ 35 ശതമാത്തിലധികം സംഭാവന ചെയ്യും. ഈ വർഷം അവസാനത്തോടെ ഇത് 290 മുതൽ 300 ഏക്കർവരെ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഒമാനിലെ മൊത്തം കൃഷിഭൂമി നിലവിൽ 220 ഏക്കർ കവിയുന്നുവെന്നും പ്രതീക്ഷിക്കുന്ന വാർഷിക ഉത്പാദനം 1,100 ടണ്ണിലെത്തുമെന്നും അദ്ദേഹം വിശദീകരിച്ചു. ഇത് ആഭ്യന്തര ഉപഭോഗത്തിന്റെ 4.6% പ്രതിനിധീകരിക്കുന്നു. ഒമാനിലെ മുന്തിരി കൃഷി തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുകയാണെന്നും 2040 ആകുമ്പോഴേക്കും 1,000 ഏക്കറിൽ എത്തുമെന്നും 5 ദശലക്ഷം റിയാലിൽ കൂടുതലാകുമെന്നും കണക്കാക്കപ്പെടുന്നു.
വടക്കൻ അൽ ശർഖിയ ഗവർണറേറ്റിലെ മുന്തിരി കൃഷി മേഖലയെ പ്രോത്സാഹിപ്പിക്കുണന്നതിനാണ് ഫെസ്റ്റിവൽ പ്രവർത്തിക്കുന്നതെന്ന് അൽ മാവാലി പരാമർശിച്ചു. കർഷകരെയും നിക്ഷേപകരെയും താൽപ്പര്യമുള്ള കക്ഷികളെയും ഒരു മേൽക്കൂരയ്ക്ക് കീഴിൽ കൊണ്ടുവരികയും ഈ മേഖലയിലെ വൈദഗ്ധ്യ കൈമാറ്റത്തിനും ഗുണപരമായ കാർഷിക നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സംഭാവന ചെയ്യുന്നു.










0 comments