ടെക്സസിൽ ആൾക്കൂട്ടത്തിനു നേരെ വെടിവയ്പ്; ഒരാൾ മരിച്ചു, 10 പേർക്ക് പരിക്ക്; പ്രതി മരിച്ച നിലയിൽ

ഹൂസ്റ്റൺ : യുഎസിലെ ടെക്സസിൽ നടന്ന കൂട്ട വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിയെന്ന് സംശയിക്കുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. വെസ്റ്റ് ടെക്സസിലെ മിഡ്‌ലാൻഡിൽ വെള്ളി രാവിലെയാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പിനെക്കുറിച്ച് അടിയന്തര കോളുകൾ ലഭിച്ചതിനെത്തുടർന്ന്, ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പ്രതി പൊലീസിനെയും ആക്രമിച്ചു. തുടർന്ന് മൃഗാശുപത്രിയിൽ കയറി ഒളിച്ചിരുന്ന പ്രതിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ടെക്സസിലെ ഒഡെസയ്ക്ക് സമീപം താമസിച്ചിരുന്ന വിക്ടർ മാറ്റ വില്ലാറിയൽ (45) ആണ് അക്രമം നടത്തിയതെന്ന് ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി (ഡിപിഎസ്) പറഞ്ഞു. വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.
വെടിവയ്പ്പിനെത്തുടർന്ന് പ്രദേശത്ത് കടകളും സ്ഥാപനങ്ങളും അടച്ചു. 40ലധികം വെടിയൊച്ചകൾ കേട്ടതായി ദൃക്സാക്ഷികൾ റിപ്പോർട്ട് ചെയ്തു. മുനിസിപ്പൽ ജീവനക്കാരനായ എഡ് സ്കോട്ട് ആണ് മരിച്ചത്. വെടിവയ്പിൽ പത്ത് പേർക്ക് പരിക്കേറ്റു. അവരിൽ നാല് പേർക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയതായി പൊലീസ് പറഞ്ഞു. മറ്റുള്ളവരെ വെള്ളിയാഴ്ച ഉച്ചയോടെ ഡിസ്ചാർജ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.









0 comments