ഡെങ്കിപ്പനി ബാധിച്ച് പാലക്കാട് വയോധിക മരിച്ചു;തൃശൂരിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല

തിരുവനന്തപുരം: പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലിൽ മറിയ (62) ആണ് മരിച്ചത്.മൂന്ന് ദിവസം മുമ്പാണ് ഇവർക്ക് പനി ബാധിച്ചത്. എലുമ്പുലാശേരി കുടുബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. എന്നാൽ പനി മാറാത്തതിനെ തുടർന്ന് വെള്ളിയാഴ്ച വീണ്ടും ആശുപത്രിയിൽ എത്തി നടത്തിയ പരിശോധനയിലാണ് ഡെങ്കിപനി ആണെന്ന് സ്ഥിരീകരിച്ചത്.ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.പനി കടുത്തതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച് വെറ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
അതേസമയം, തൃശൂർ വടക്കാഞ്ചേരി മംഗലത്ത് രണ്ടു കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാലു വയസുള്ള പെൺകുട്ടിക്കും ഏഴു വയസുള്ള ആൺകുട്ടിക്കുമാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച മാത്രം സംസ്ഥാനത്തിൻറെ വിവിധ ഇടങ്ങളിലായി 18 പേർക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. വയനാട് (7), തിരുവനന്തപുരം, കൊല്ലം, തൃശൂർ , മലപ്പുറം, കോഴിക്കോട്, ജില്ലകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഷിഗെല്ല ബാധയെ തുടർന്ന് ഒരു മരണവും സ്ഥിരീകരിച്ചു.
ഷിഗെല്ലയ്ക്ക് പുറമെ ഡെങ്കിപ്പനി, ചിക്കൻഗുനിയ, മഞ്ഞപ്പിത്തം, വെസ്റ്റ് നൈൽ പനി തുടങ്ങിയ രോഗങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വെള്ളിയാഴ്ച 56 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ, 11 പേർക്ക് എലിപ്പനിയും മൂന്ന് പേർക്ക് മലേറിയയും സ്ഥിരീകരിച്ചു.









0 comments