ഹജ്ജ് കരാറിൽ ഒപ്പുവച്ച് ഒമാനും സൗദിയും

മസ്‌കത്ത്: തീർഥാടകർക്കുള്ള സേവനത്തിന്റെ നിലവാരം ഉയർത്താൻ ലക്ഷ്യമിട്ട് ഹജ്ജ് സഹകരണവും ഏകോപനവും ഉറപ്പാക്കുന്ന കരാർ ഒപ്പുവച്ച് ഒമാനും സൗദി അറേബ്യയും. ഒമാനിൽനിന്നുള്ള തീർഥാടകർക്ക് ഹജ്ജ് ചടങ്ങുകൾ സംഘടിപ്പിക്കാനും ആചാരങ്ങൾ നിർവഹിക്കാനും കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് കരാർ. ഒമാന്റെ എൻഡോവ്‌മെന്റ്, മത മന്ത്രി ഡോ. മുഹമ്മദ് സെയ്ദ് അൽ മാമാരിയും സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് ഫൗസാൻ അൽ റബിയയുമാണ് കരാറിൽ ഒപ്പുവച്ചത്.
ഹജ്ജ് സീസണുമായി ബന്ധപ്പെട്ട നിരവധി സംഘടനാക്രമീകരണങ്ങളും നടപടിക്രമങ്ങളും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒമാനിൽനിന്നുള്ള തീർഥാടകരുടെ വിവരങ്ങൾ "നുസുക് മസാർ' പ്ലാറ്റ്‌ഫോം വഴി രജിസ്റ്റർ ചെയ്യാനുള്ള സംവിധാനങ്ങൾ, സമഗ്രസേവന പാക്കേജിനായുള്ള കരാർ നടപടിക്രമങ്ങൾ, അംഗീകൃത പദ്ധതികൾ, സമയപരിധികൾ, നിയുക്ത റൂട്ടുകൾ, വരവ്, പുറപ്പെടൽ നടപടിക്രമങ്ങൾ ഏകോപിപ്പിക്കുക എന്നിവയും കരാറിന്റെ ഭാഗമാണ്.
ഹജ്ജ് മാനേജ്‌മെന്റ് സിസ്റ്റം വികസിപ്പിക്കുന്നത് തുടരാനും സൗദിയിലെ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് ഒമാൻനിന്നുള്ള തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനുമുള്ള താൽപ്പര്യത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് ക്രമീകരണങ്ങൾ.









0 comments